മുന്‍കരുതലില്ലാതെ ഇറങ്ങി, വന്‍ ദുരന്തമായി
മുന്‍കരുതലില്ലാതെ ഇറങ്ങി, വന്‍ ദുരന്തമായി
Friday, November 27, 2015 12:37 AM IST
കോഴിക്കോട്: ഭൂഗര്‍ഭ അഴുക്കുചാലില്‍ അകപ്പെട്ടു രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറും മരിക്കാനിടയായതു തികഞ്ഞ അലംഭാവവും അശ്രദ്ധയും മൂലം. കേന്ദ്ര തൊഴില്‍മന്ത്രാലയത്തിനു കീഴിലെ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ബ്രാഞ്ച് പുറപ്പെടുവിച്ച കര്‍ശന മാര്‍ഗനിര്‍ദേശം പാലിച്ചു മാത്രമെ മാന്‍ഹോളുകളില്‍ ജോലിയെടുക്കാവൂ എന്നാണു നിയമം. ഈ മാര്‍ഗ നിര്‍ദേശം കരാറുകാരന്‍ പാലിച്ചിട്ടില്ലെന്ന് അസിസ്റന്റ് ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ ദീപികയോടു പറഞ്ഞു.

ചുറ്റും സംരക്ഷണ വേലി സ്ഥാപിച്ചതിനു ശേഷമെ മാന്‍ഹോള്‍ തുറക്കാന്‍ പാടുള്ളൂവെന്നു ബന്ധപ്പെട്ട നിയമത്തില്‍ പറയുന്നു. വാല്‍വുകള്‍ പൂട്ടിയശേഷം, ഉള്ളിലേക്ക് ഓക്സിജന്‍ പമ്പുചെയ്യണം. വിഷവാതകം നിര്‍വീര്യമാക്കിയ ശേഷം കുറച്ചു സമയം കാത്തുനില്‍ക്കണം. സേഫ്റ്റി ഓഫീസറുടെ എ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമെ മാന്‍ഹോളുകളില്‍ ജോലിയെടുക്കാന്‍ അനുമതിയുള്ളൂ. ഓക്സിജന്‍ സിലിണ്ടര്‍ ദേഹത്ത് ഉറപ്പിച്ച്, മാസ്ക്( മുഖാവരണം) ധരിക്കണം. അരയില്‍ സേഫ്റ്റി ബല്‍റ്റ് ധരിച്ച്, കട്ടിയുള്ള കയറുമായി അതു ബന്ധിക്കണം. കയറിന്റെ മറ്റേ അറ്റം മാന്‍ഹോളിനു പുറത്തുള്ള ഏതെങ്കിലും പ്രതലത്തില്‍ ഉറപ്പിക്കണം. അബദ്ധത്തില്‍ അപകടമുണ്ടായാല്‍ പുറമെയുള്ളവര്‍ക്കു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാണിത്.


കരാറുകാരന്റെ പ്രോജക്ട് എന്‍ജിനിയര്‍ സ്ഥലത്തുണ്ടായിട്ടും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതു കുറ്റകരമാണ്. അടുത്തുള്ള മാന്‍ഹോള്‍ തുറന്നുവച്ചാല്‍ വിഷവാതകത്തിന്റെ തീവ്രത കുറയും. അതും ചെയ്തിട്ടില്ല. മാന്‍ഹോള്‍ തുറന്നയുടന്‍ തൊഴിലാളികള്‍ ഇറങ്ങിയെന്നാണു ദൃക്സാക്ഷികളുടെ മൊഴിയെന്ന്’ ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.