വെള്ളാപ്പള്ളിയുടെ യാത്ര: കോണ്‍ഗ്രസുകാര്‍ സഹകരിക്കരുതെന്നു സുധീരന്‍
Saturday, November 28, 2015 12:17 AM IST
തൃശൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയുമായി സഹകരിക്കരുതെന്നു യോഗം ഭാരവാഹികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അടക്കം നിര്‍ദേശം നല്കിയിട്ടുണ്െടന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.

വെള്ളാപ്പള്ളിയുടെ യാത്ര ആര്‍എസ്എസിന്റെ ഫാസിസ്റ് അജന്‍ഡ നടപ്പാക്കാനുള്ള ക്വട്ടേഷനാണെന്നു സുധീരന്‍ കുറ്റപ്പെടുത്തി. മതേതരമായ കേരള സമൂഹത്തെ ഭിന്നിപ്പിച്ചു വര്‍ഗീയ ചേരിതിരിവിലേക്ക് എത്തിക്കുന്ന ദൌത്യമാണ് ആര്‍എസ്എസ് ഏല്പിച്ചിരിക്കുന്നത്. മതേതര ആശയങ്ങളെ തകര്‍ക്കുന്നവര്‍ക്കൊപ്പം സഹകരിക്കുന്നവര്‍ക്കു കോണ്‍ഗ്രസുകാരായിരിക്കാന്‍ കഴിയില്ല.

വര്‍ഗീയകക്ഷികളോടു ചേര്‍ന്നുവെന്ന കത്തോലിക്കാസഭയുടെ ആരോപണം ശരിയല്ല. ബിജെപിയും സിപിഎമ്മുമായും കൂട്ടുകൂടാന്‍ പാടില്ലെന്ന അടിസ്ഥാനനയത്തില്‍ ഒരിടത്തും മാറ്റം വരുത്തിയിട്ടില്ല. അര്‍ഹിക്കുന്ന ഗൌരവത്തോടെ സഭയുടെ ആരോപണങ്ങള്‍ വിലയിരുത്തും. തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവശ്യമായ നടപടി ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ നിയോഗിച്ച ഭാരവാഹികളുമായി ഡിസംബര്‍ രണ്ടിനു ചര്‍ച്ച നടത്തും. ശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യം പരിശോധിക്കും.


വിമതര്‍ക്കെതിരേ കെപിസിസി എടുത്ത നടപടി പിന്‍വലിച്ചിട്ടില്ല. എന്നാല്‍, ഡിസിസികളുടെ നടപടി അവര്‍ക്കുതന്നെ പുനരാലോചിക്കാമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയിച്ചെത്തിയ വിമതര്‍ക്കു സമിതികളില്‍ അധ്യക്ഷ, ഉപാധ്യക്ഷ പദവികള്‍ അനുവദിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.