കാമുകനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസ്: ശിക്ഷ ഇന്ന്
Saturday, November 28, 2015 12:25 AM IST
മാവേലിക്കര: കാമുകനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ യുവതി കുറ്റക്കാരിയെന്നു മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്െടത്തി. ശിക്ഷ ഇന്നു വിധിക്കും. കൊല്ലം നീണ്ടകര ചാലില്‍ വീട്ടില്‍ സനല്‍കുമാറിനെ(32) കൊലപ്പെടുത്തിയ കേസിലാണു കൃഷ്ണപുരം ഞക്കനാല്‍ രാജ് നിവാസില്‍ രാജന്റെ ഭാര്യ മിഷ്യ (43) കുറ്റക്കാരിയാണെന്നു മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം കണ്െടത്തിയത്. 2010 മെയ് മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

സനല്‍കുമാറിനു മിഷ്യയുമായി അടുപ്പമുണ്ടായിരുന്നു. മിഷ്യയുടെ എതിര്‍പ്പ് അവഗണിച്ച് 2009 ല്‍ സനല്‍കുമാര്‍ നിലമ്പൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചു ഗോവയില്‍ താമസമാക്കി. സനല്‍കുമാര്‍ നാട്ടിലെത്തിയിട്ടുണ്െടന്നറിഞ്ഞ് പ്രതി ഇയാളെ ഫോണില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി സയനൈഡ് ചേര്‍ത്ത ശീതളപാനീയം നല്‍കുകയായിരുന്നു. ഇതു കുടിച്ച സനല്‍കുമാര്‍ അടുക്കളയില്‍ മരിച്ചു വീണതായാണ് പ്രോസിക്യൂഷന്‍ കേസ്. സനല്‍കുമാറിന്റെ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പ്രതിയുടെ സുഹൃത്ത് സുമേഷിനോട് കാറുമായി എത്താന്‍ ആവശ്യപ്പെട്ടിരുന്നു.


വീട്ടിലെത്തിയപ്പോള്‍ മൃതദേഹം കണ്ടു ഭയന്ന സുമേഷ് മറ്റൊരു കാറുമായി എത്താമെന്നു പറഞ്ഞ് തിരികെപ്പോയി. ഇക്കാര്യങ്ങള്‍ കേസിലെ നാലാംസാക്ഷിയായ സുമേഷ് 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ മറ്റു സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റം തെളിഞ്ഞത്. കേസില്‍ 30 സാക്ഷികളുള്ളതില്‍ 23 പേരെ വിസ്തരിച്ചു. 39 രേഖകളും 13 തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കി. കുറ്റക്കാരിയാണെന്ന് കണ്െടത്തിയതിനെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കി മിഷ്യയെ ആലപ്പുഴ വനിതാ ജയിലിലേക്ക് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.