ബിജു രാധാകൃഷ്ണനെ വിചാരണയ്ക്കു ഹാജരാക്കണമെന്നു ഹര്‍ജി
Saturday, November 28, 2015 12:32 AM IST
കൊച്ചി: സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റര്‍ചെയ്ത കേസില്‍ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണനെ വിചാരണയ്ക്കു ഹാജരാക്കുന്നതിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കുന്നത്തുനാട് സ്വദേശി കെ.എം. സാദിഖ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കീഴ്കോടതി രേഖകള്‍ വിളിച്ചുവരുത്താന്‍ ജസ്റീസ് ബി. കെമാല്‍ പാഷ നിര്‍ദേശം നല്‍കി. ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു ഹര്‍ജി പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് 2013ല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ചെയ്യുകയും 2014 ഒക്ടോബര്‍ 27നു കുറ്റപത്രം നല്‍കുകയുംചെയ്തു. നവംബറില്‍ കേസിലെ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണന്റെ മൊഴി എടുത്തു. എന്നാല്‍, പിന്നീടു കേസുമായി ബന്ധപ്പെട്ടു പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ നടപടി അനിശ്ചിതമായി നീളുകയാണെന്നു ഹര്‍ജിയില്‍ പറയുന്നു. കോടതി നിര്‍ദേശം നല്‍കിയിട്ടും പ്രതിയെ ഹാജരാക്കാന്‍ ജയില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ബിജു രാധാകൃഷ്ണനെ കോടതിയില്‍ ഹാജരാക്കുന്നതിനു പൂജപ്പുര ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജിക്കാരനു വേണ്ടി അഡ്വ.കെ.ടി. സജു ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.