പ്രോസിക്യൂട്ടര്‍മാരുടെ സമ്മേളനം രാം ജെത് മലാനി ഉദ്ഘാടനം ചെയ്യും
പ്രോസിക്യൂട്ടര്‍മാരുടെ സമ്മേളനം രാം ജെത് മലാനി ഉദ്ഘാടനം ചെയ്യും
Saturday, November 28, 2015 12:47 AM IST
കൊച്ചി: വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചു മജിസ്ട്രേറ്റ് കോടതി മുതല്‍ ഹൈക്കോടതി തലം വരെയുള്ള പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ക്കായി സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പഠന ശിബിരം എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലില്‍ നാളെ രാവിലെ ഒമ്പതിന് മുന്‍ കേന്ദ്രമന്ത്രിയും നിയമജ്ഞനുമായ രാം ജെത്മലാനി ഉദ്ഘാടനംചെയ്യും.

അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രഭാഷണം നടത്തുമെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യ സെഷനില്‍ ഡോ. എന്‍.ആര്‍. മാധവ മേനോനും ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ കര്‍ണാടക മുന്‍ അഡ്വക്കറ്റ് ജനറല്‍ ബി.വി. ആചാര്യയും ക്ളാസ് നയിക്കും.


നിക്ഷേപത്തട്ടിപ്പ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ്കാര്‍ഡ്, എടിഎം തട്ടിപ്പുകള്‍, ഭവന പദ്ധതികളുടെ പേരിലുള്ളതട്ടിപ്പുകള്‍, മണിചെയിന്‍ തട്ടിപ്പ്, നെറ്റ്ബാങ്കിംഗ് തട്ടിപ്പ്, ടെലി മാര്‍ക്കറ്റിംഗ് തട്ടിപ്പ് തുടങ്ങിയ പുതിയ തലമുറയിലെ കുറ്റകൃത്യങ്ങളെയാണ് വൈറ്റ് കോളര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം തട്ടിപ്പുകളെ ഫലപ്രദമായി തടയുന്നതിനും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിനും കൂടുതല്‍ നിയമനിര്‍മാണം ആവശ്യമാണെന്ന് ടി. അസഫ് അലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.