ശാസ്ത്രം ജയിച്ചു, കുട്ടികളും
ശാസ്ത്രം ജയിച്ചു, കുട്ടികളും
Saturday, November 28, 2015 12:49 AM IST
കൊല്ലം: അഷ്ടമുടി കായലിന്റെ തീരത്ത് മിഴിതുറന്ന കേരളത്തിലെ കുരുന്നു പ്രതിഭകളുടെ ശാസ്ത്ര കൌതുകങ്ങള്‍ക്ക് പരിസമാപ്തി. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിനു ഇന്നു കൊടിയിറക്കം.

ഭാവി കേരളത്തിനു ദിശാസൂചകങ്ങള്‍ നല്‍കുന്ന നൂറുകണക്കിനു കണ്ടുപിടിത്തങ്ങളാണ് കുരുന്നുകള്‍ കൊല്ലത്തിന്റെ മണ്ണില്‍ അവതരിപ്പിച്ചത്.

ഊര്‍ജസംരക്ഷണത്തിന്റെ വിവിധ മാതൃകകകളും ഹൈടെക് കൃഷി രീതികളും സൌരോര്‍ജത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള മാതൃകകളും മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയും സര്‍ക്കാരുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും സമര്‍പ്പിച്ചിക്കുന്ന വിദ്യാര്‍ഥികളുടെ മാതൃകാ പരീക്ഷണങ്ങളായിരുന്നു.

കടല്‍വെള്ളത്തില്‍ നിന്നും ഉപ്പും ശുദ്ധജലവും വേര്‍തിരിക്കാനും വൈദ്യുതി ഉണ്ടാക്കാമെന്നുമുള്ള തന്ത്രങ്ങളും വൈദ്യുതി ക്ഷാമം നേരിടുന്ന കേരളത്തിന്റെ വൈദ്യുതി മേഖലയ്ക്കു പരിക്ഷിക്കാവുന്നതാണ്. നഗരമാലിന്യത്തെ സംസ്കരിച്ച് വൈദ്യുതിയും ജൈവവളവും മറ്റു ഉത്പാദിപ്പിക്കുന്ന രീതികളും കേരളത്തിന്റെ മാലിന്യ പ്രശ്നത്തിനു പരിഹാരമാക്കാവുന്ന കണ്ടുപിടിത്തങ്ങളായിരുന്നു.

പ്രവൃത്തിപരിചയ മേളകളില്‍ പതിവു കാഴ്ചകളാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും കുട്ടികളുടെ ആശയങ്ങളും നിരീക്ഷണ പാടവവും ഏവരേയും ആകര്‍ഷിക്കുന്നതായിരുന്നു. ശാസ്ത്രോത്സവത്തിന്റെ ആദ്യദിനം മുതല്‍ കുരുന്നു പ്രതിഭകളുടെ അത്ഭുതപ്പെടുത്തുന്ന കരവിരുതുകള്‍ നേരിട്ടു കാണാനായി കുട്ടികളും മുതിര്‍ന്നവരും ശാസ്ത്രോത്സവ വേദികളിലേക്ക് ഒഴുകിയെത്തിയിരുന്നു. നിര്‍മാണ രീതികളേക്കുരിച്ചും ചോദിച്ചും കേട്ടും അറിഞ്ഞ അവര്‍ വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തങ്ങളെ അഭിനന്ദിക്കാനും മറന്നില്ല. ഇന്നലെ പ്രദര്‍ശന മത്സരവും സെമിനാറും വൊക്കേഷണല്‍ എക്സ്പോയുമാണ് നടന്നത്. വൊക്കേഷണല്‍ എക്സ്പോയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച വിവിധങ്ങളായ നിര്‍മാണങ്ങളുടെയും വസ്തുക്കളുടെയും പ്രദര്‍ശനമാണ് നടന്നത്.

ചെലവുകുറഞ്ഞ പോഷകാഹാരം നിര്‍മാണത്തില്‍ നമ്മുടെ ചുറ്റുവട്ടത്തെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ച് രുചിമേളമാണ് വിദ്യാര്‍ഥികള്‍ തീര്‍ത്തത്.

ഇന്നു രാവിലെ 10.30ന് ഗവണ്‍മെന്റ് ബോയ്സ് എച്ച്എസ്എസില്‍ നടക്കുന്ന് സമാപന സമ്മേളനത്തില്‍ മുന്‍ മന്ത്രി സി.ദിവാകരന്‍ എംഎല്‍എ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. കെ.എന്‍. ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പി.അയിഷാപോറ്റി എംഎല്‍എ ശാസ്ത്രോത്സവ സുവനീര്‍ പ്രകാശനം ചെയ്യും.

കോട്ടയത്തിനു മികച്ച നേട്ടം

കൊല്ലം: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ ഐടിമേളയില്‍ കോട്ടയം ജില്ലയ്ക്കു മികച്ച നേട്ടം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 50 പോ യിന്റു നേടിയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 38 പോയിന്റും നേടി 88 പോയിന്റോടെ റണ്ണേഴ്സ് അപ്പായി. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് ജില്ലയ്ക്കു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നഷ്ടമായത്. ഹൈസ്കൂള്‍ വിഭാഗം മള്‍ട്ടീ മീഡിയ പ്രസന്റേഷന്‍ മത്സരത്തില്‍ പനമറ്റം ഗവണ്‍മെന്റ് എച്ച്എസിലെ അശ്വിന്‍രാജ് ഒന്നാം സ്ഥാനം നേടി. വെബ് പേജ് ഡിസൈനിംഗില്‍ ചങ്ങനാശേരി എസ്ബി എച്ച്എസിലെ ആദര്‍ശ് കുമാര്‍ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം നേടി. മലയാളം ടൈപ്പിംഗില്‍ വൈക്കം ഗവണ്‍മെന്റ് എച്ച്എസിലെ ജി. ഗോപിക രണ്ടാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം വെബ് പേജ് ഡിസൈനിംഗില്‍ ചേര്‍പ്പുങ്കല്‍ ഹോളിക്രോസിലെ റിയോണ്‍ സിജി ഒന്നാം സ്ഥാനവും ചങ്ങനാശേരി എസ്ബിഎച്ച്എസിലെ ക്രിസ്റ്റി എം തോമസ് മൂന്നാം സ്ഥാനവും നേടി.


പച്ചവെള്ളത്തില്‍ ബൈക്ക് പറപറക്കും

കൊല്ലം: പെട്രോളിനും ഡീസലിനും വില വര്‍ധിച്ചാല്‍ ഇനി പേടിക്കേണ്ട പച്ചവെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ബൈക്കും ജെസിബിയും രംഗത്തിറക്കിയിരിക്കുകയാണ് ഹൈറേഞ്ചിലെ ശാസ്ത്ര പ്രതിഭകള്‍.

ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന വൊക്കേഷണല്‍ എക്സ്പോയിലാണ് അടിമാലി എസ്എന്‍ഡിപി സ്കൂളിലെ വിദ്യാര്‍ഥികളായ റോണി കുര്യന്‍, കെ.എസ്.അഭിജിത്ത്, കെ.എ.അഖില്‍, മുഹമ്മദ് അഭ്സല്‍, അബി തങ്കച്ചന്‍ എന്നിവര്‍ പച്ചവെളളം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബൈക്കും ജെസിബിയും പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ഇലക്ട്രോലൈസേഷന്‍ വഴി പച്ചവെള്ളത്തെ ഹൈഡ്രജന്ും ഓക്സിജനുമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഈ ഹൈഡ്രജനെ ഇന്ധനമാക്കിയാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. സാധാരണ ബൈക്കിനു 50 കിലോ മീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ 100-120 വരെ മൈലേജ് ഈ ബൈക്കുകള്‍ക്ക് ലഭിക്കും. ടിപ്പിറിന്റെ ഹൈഡ്രോളിക് സിസ്റ്റത്തില്‍ പച്ചവെള്ളം പ്രവര്‍ത്തിച്ചാണ് ജെസിബി പ്രവര്‍ത്തിക്കുന്നത്.


കണ്ണൂരിനു കിരീടം: 44,684 പോയിന്റ്

ശാസ്ത്രമേള: കണ്ണൂര്‍179, മലപ്പുറം168, കൊല്ലം162, പാലക്കാട്157, കോഴിക്കോട്156, തൃശൂര്‍156, തിരുവനന്തപുരം150, എറണാകുളം145, കാസര്‍ഗോഡ്140, എലപ്പുഴ132, ഇടുക്കി127, പത്തനംതിട്ട126, കോട്ടയം126, വയനാട്122.

ഗണിതശാസ്ത്രമേള: കണ്ണൂര്‍317, മലപ്പുറം303, കോഴിക്കോട്299, പാലക്കാട്292, കാസര്‍ഗോഡ്283, തിരുവനന്തപുരം269, തൃശൂര്‍263, വയനാട്248, കൊല്ലം247, എറണാകുളം243, ആലപ്പുഴ236, പത്തനംതിട്ട232, ഇടുക്കി230, കോട്ടയം227.


സാമൂഹിക ശാസ്ത്രമേള: തൃശൂര്‍178, കോഴിക്കോട്177, കാസര്‍ഗോഡ്169, കണ്ണൂര്‍169, കൊല്ലം165, മലപ്പുറം164, തിരുവനന്തപുരം158, പാലക്കാട്155, ഇടുക്കി149, എറണാകുളം149, ആലപ്പുഴ145, വയനാട്138, കോട്ടയം136, പത്തനംതിട്ട132.

ഐടി മേള: മലപ്പുറം 89, കോട്ടയം 88, എറണാകുളം 85, കോഴിക്കോട്66, കൊല്ലം 66, വയനാട് 65, പാലക്കാട് 59, തൃശൂര്‍ 58, കാസര്‍ഗോഡ്57, തിരുവനന്തപുരം 55, ആലപ്പുഴ 54, കണ്ണൂര്‍ 51, പത്തനംതിട്ട 51, ഇടുക്കി 34.

പ്രവൃത്തി പരിചയ മേള: കണ്ണൂര്‍43698(മാര്‍ക്ക്), കോഴിക്കോട്43482, തൃശൂര്‍ 42672, പാലക്കാട്42214, മലപ്പുറം42158, എറണാകുളം42137, കൊല്ലം 42048, കാസര്‍ഗോഡ 42005, തിരുവനന്തപുരം 41030, പത്തനംതിട്ട39498, ആലപ്പുഴ 39384, കോട്ടയം38771, ഇടുക്കി 38527, വയനാട് 38123.


ഇ-വേസ്റും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് പഠനോപകരണങ്ങള്‍ നിര്‍മിക്കാം


കൊല്ലം: ഇ-വേസ്റും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ആകര്‍ഷകമായ രീതിയിലുളള പഠനോപകരണങ്ങള്‍ നിര്‍മിച്ച് യുപി വിഭാഗം ടീച്ചിംഗ് എയ്ഡ് പഠനോപകരണ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. കോട്ടയം കടപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍്ഡറി സ്കൂളിലെ അധ്യാപകനായ നിധിന്‍ ജോസ്.

ഉപയോഗശൂന്യമായ സിഡി ഡ്രൈവില്‍ നിന്നും എടുത്ത ചില ഭാഗങ്ങളും സ്മാര്‍ട്ട് ഫോണ്‍ കാമറയും ഉപയോഗിച്ച് നിര്‍മിച്ച 125 ഇരട്ടി വലുപ്പത്തില്‍ വസ്തുക്കളെ കാണാന്‍ സാധിക്കുന്ന മൈക്രോസ്കോപ്പാണ് ഇതില്‍ ഏറ്റവും പ്രധാനം. ഉപയോഗശൂന്യമായ ഡിവിഡി, ടൂത്ത് പേസ്റിന്റെ കവര്‍, സ്മാര്‍ട്ട് ഫോണ്‍ കാമറ എന്നിവ ഉപയോഗിച്ച് നിര്‍മിച്ച സമന്വിത പ്രകാശത്തിലെ ഘടക വര്‍ണങ്ങളെ വേര്‍തിരിച്ചു കാ ണിക്കുന്ന സ്പെക്ട്രോസ്കോപ്പാണ് മറ്റൊരു നിര്‍മാണ മാതൃക.

കണ്ണ് നിറങ്ങളെ എങ്ങനെ തിരിച്ചറിയുന്നു എന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ കുട്ടികളെ സഹായിക്കുന്ന ഉപകരണമാണ് മറ്റൊന്ന്. രാത്രിയാകുമ്പോള്‍ തനിയെ തെളിയുന്ന തരം തെരുവുവിളക്കുകളില്‍ ഉപയോഗിക്കുന്ന സര്‍ക്യൂട്ടില്‍ ചെറിയ മാറ്റം വരുത്തി വിവിധ കളര്‍ഫില്‍ട്ടറുകളും ആര്‍ജിബി എല്‍ഇഡിയും ഉപയോഗിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ജലത്തിലെ താപനിലയും അവസ്ഥാമാറ്റങ്ങളും കുട്ടികള്‍ക്കു നേരിട്ടു കണ്ടുബോധ്യപ്പെടുവാന്‍ സഹായിക്കുന്ന മറ്റൊരു ഉപകരണവും നിധിന്‍ നിര്‍മിച്ചിട്ടുണ്ട്. കുളിംഗിനായി ചില ഇളക്്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന പെല്‍റ്റിയര്‍ മൊഡ്യൂളും ഹീറ്റര്‍ കോയിലും ഉപയോഗിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഫ്രാങ്ക്ളിന്‍ ബെല്‍, വാക്വം പമ്പ്, ഓസിലോസ്കോപ്പ് എന്നിവയും നിര്‍മിച്ചിട്ടുണ്ട്. നാലാം തവണയാണ് നിധിന്‍ ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നത്.

നിധിന്റെ സഹോദരനും എറണാകുളം പാലക്കുഴ ഗവണ്‍മെന്റ് മോഡല്‍ സ്കൂളിലെ അധ്യാപകനുമായി നികിലും ഇതേ മത്സരയിനത്തില്‍ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്.


ശാസ്ത്രമേളയിലെ മണിപ്പൂരി വസന്തം


കൊല്ലം: റബറിന്റെ സ്വന്തം നാടായ കേരളത്തിലെ റബറില്‍ നിന്നുള്ള ലാറ്റക്സ് ഉപയോഗിച്ച് ബലൂണും, കൈയുറയും ചവിട്ടിയും റബര്‍ബാന്‍ഡും ഒക്കെ നിര്‍മിക്കുകയാണ് മണിപ്പൂര്‍ സ്വദേശിയായ സോത്തം. കോട്ടയം പാമ്പാടി ടെക്നിക്കല്‍ സ്കൂളിലെ വിദ്യാര്‍ഥിയായ സോത്തം വൊക്കേഷണല്‍ എക്സ്പോയുടെ ഭാഗമായുള്ള പ്രദര്‍ശനത്തിലാണ് റബര്‍ലാറ്റക്സ് ഉപയോഗിച്ചു നിര്‍മിക്കുന്ന ഉത്പന്നങ്ങളുമായി എത്തിയത്. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തിയ സോത്തം അരീപ്പറമ്പ് പ്രഷ്യസ് സ്കൂളിലാണ് അഞ്ചാം ക്ളാസ് മുതല്‍ പഠിക്കുന്നത്.

ഇപ്പോള്‍ പാമ്പാടി ടെക്്നിക്കല്‍ സ്്കൂളിലെ പ്ളസ്ടുവിദ്യാര്‍ഥിയാണ്. സ്കൂളിലെ അധ്യാപകരായ അജ്ഞു, ഹരികൃഷ്ണന്‍ എന്നിവരുടെ പരിശീലനത്തിലാണ് സോത്തം റബര്‍ ലാറ്റക്സ് ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പഠിച്ചത്. മലയാളം നല്ലതുപോലെ സംസാരിക്കുന്ന സോത്തം മലയാളത്തിലാണ് നിര്‍മാണ രീതി വിശദീകരിക്കുന്നത്.


ഇനി ജോഗ് ചെയ്തു പൂന്തോട്ടം നനയ്ക്കാം


കൊല്ലം: മഴവെള്ള സംഭരണിയില്‍ നിന്നുള്ള വെള്ളം വ്യായാമത്തിന്റെ ഭാഗമായി ജോഗ് ചെയ്യുമ്പോള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങുന്ന ഉപകരണവുമായാണ് കോട്ടയം പാലാ ഇടനാട് എസ്വിഎന്‍എസ്എസ്എച്ച്എസിലെ പത്താംക്ളാസ് വിദ്യാര്‍ഥി ബാലഗോപാലും എട്ടാംക്ളാസുകാരന്‍ വാവച്ചന്‍ റോയിയും എത്തിയത്. വൈദ്യുതിയും മോട്ടറുമൊന്നും ഇതിന് ആവശ്യമില്ല. കൃഷിക്കും പൂന്തോട്ടം നനയ്ക്കാനും കിണറിലെ ഉറവ വറ്റുമ്പോഴുമെല്ലാം ഈ സംവിധാനം ഫലപ്രദമാണ്. കുറച്ച് പരിഷ്ക്കരിച്ചാല്‍ വീട്ടിലെ സ്റെയര്‍കെയ്സിന് താഴെയും വാതിലിലുമൊക്കെ ഉപകരണം ഘടിപ്പിക്കാനാകും. പാസ്കല്‍ നിയമത്തെ അവലംബിച്ച് തയാറാക്കിയിട്ടുള്ള ഈ ഉപകരണം പരിസ്ഥിതി സൌഹൃദമെന്ന് മാത്രമല്ല, മലിനീകരണം ഇല്ലെന്നതും പ്രത്യേകതയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.