വിലനിയന്ത്രണത്തിനെതിരേ ഹോട്ടല്‍ ഉടമകള്‍ സമരത്തിന്
Saturday, November 28, 2015 12:14 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഹോട്ടലുകളില്‍ വിലനിയന്ത്രണ നിയമം കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചു കടകളടച്ചു സൂചനാ പണിമുടക്ക് നടത്തുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഹാജി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ പത്തിനു മുമ്പു പണിമുടക്ക് നടത്താനാണ് എറണാകുളത്തു ചേര്‍ന്ന അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലെ ധാരണ. ബേക്കറി ഉള്‍പ്പെടെയുള്ള ചെറുകിട ഹോട്ടല്‍ വ്യവസായത്തെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ അവരുമായി കൂടിയാലോചിച്ച ശേഷമാകും പണിമുടക്കിന്റെ തീയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായത്തെ പൂര്‍ണമായും ഇല്ലാത്താക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നത്. ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു സാധാരണക്കാനെയായിരിക്കും.


കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം കഴിക്കാനുള്ള സൌകര്യമാണു ബില്ലിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. അവശ്യ സാധനങ്ങള്‍ക്കു വില കുത്തനെ കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില ഏകീകരണം കൊണ്ടുവന്നാല്‍ അതു ബാധിക്കുന്നതു ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തില്‍നിന്നു പിന്മാറിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനും ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോസ് മോഹന്‍, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.