മുഖപ്രസംഗം: മുല്ലപ്പെരിയാര്‍: ആശങ്കയൊഴിയാതെ ഇടുക്കിയിലെ ജനങ്ങള്‍
Monday, November 30, 2015 11:21 PM IST
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ സാധിക്കില്ല എന്നതുപോലെ അധികൃതര്‍ എത്ര തമസ്കരിക്കാന്‍ ശ്രമിച്ചാലും ഫലമില്ലെന്നു വ്യക്തമാക്കിക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച വര്‍ധിച്ച് ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്മേലുള്ള ജലസമ്മര്‍ദം ഏറിയതാണു ചോര്‍ച്ച കൂടാന്‍ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലനിരപ്പ് 130 അടി ആയപ്പോള്‍ത്തന്നെ ചോര്‍ച്ച ശക്തമായിരുന്നു. അതു 136 അടി പിന്നിട്ടപ്പോള്‍ മുമ്പു കണ്ടിട്ടില്ലാത്ത വിധത്തില്‍ ചോര്‍ച്ച വര്‍ധിച്ചു. ചോര്‍ച്ചയിലൂടെ പരിധിയിലധികം സുര്‍ക്കി മിശ്രിതം പുറന്തള്ളപ്പെടുന്നുവെന്നു മുല്ലപ്പെരിയാര്‍ മേല്‍നോട്ട ഉപസമിതി നടത്തിയ ജലസാമ്പിള്‍ പരിശോധനയില്‍ കണ്െടത്തിയിരുന്നു. അണക്കെട്ടിന്റെ പിന്‍ഭാഗത്ത് തമിഴ്നാട് നിക്ഷേപിച്ചിരിക്കുന്ന മണ്‍കൂനയില്‍നിന്നുള്ള ചോര്‍ച്ചയും ശക്തമാണ്. ഈ ഭാഗത്തു മണ്ണു നീക്കി പരിശോധന നടത്തണമെന്നു കേരളം പല തവണ ആവശ്യപ്പെട്ടിട്ടിട്ടും തമിഴ്നാട് അതിനു തയാറായില്ല. അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റി കേരളം നല്‍കിയ പരാതികളെല്ലാം മേല്‍നോട്ടസമിതി പക്ഷപാതത്തോടെ അവഗണിക്കുകയായിരുന്നു. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന പ്രശ്നം ഗൌരവത്തിലെടുക്കണമെന്ന് എന്നും തമിഴ്നാടിന് അനുകൂലമായി തീരുമാനമെടുക്കുന്ന വിദഗ്ധസമിതിക്കു തോന്നിയില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം കേരളത്തിനു മുഴുവന്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും ഇടുക്കി ജില്ലയില്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കാണ് അതൊരു വന്‍ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ തങ്ങളുടെ സാധാരണ ജീവിതം അസാധ്യമാക്കുമെന്നു ഭയപ്പെടുന്ന ഇടുക്കിയിലെ ജനങ്ങളുടെ മനസില്‍ ജീവഭയത്തിന്റെ കനല്‍കൂടി കോരിയിടുന്നതാണു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയുടെ വാര്‍ത്തകള്‍. മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് അപകടഭീതിയുയര്‍ന്ന നാള്‍ മുതല്‍ അതിനു താഴെ പെരിയാറിന്റെ കരകളിലുള്ള പ്രദേശങ്ങളില്‍ ഭൂമിവില ഇടിഞ്ഞു. ക്രയവിക്രയങ്ങള്‍ മുടങ്ങി. പലയിടത്തും വിവാഹം പോലും നടക്കുന്നില്ല. ഇടുക്കിയിലെ പാവം മനുഷ്യര്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ? അതിന് അവര്‍ക്കു സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനു കടമയില്ലേ? ഇല്ലെന്ന മട്ടിലുള്ള നിസംഗ സമീപനമാണു സര്‍ക്കാരില്‍നിന്നു പലപ്പോഴും ഉണ്ടാകുന്നതെന്നു പറയേണ്ടിവരും.

മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന അപകടഭീഷണിയെപ്പറ്റി നാലുവര്‍ഷം മുമ്പു സംസ്ഥാന ജലവിഭവമന്ത്രി പി.ജെ. ജോസഫ് മുന്നറിയിപ്പു നല്‍കിയപ്പോള്‍ കേരളമൊന്നടങ്കം അതിനോടു ക്രിയാത്മകമായി പ്രതികരിച്ചതാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു 2011 നവംബര്‍ 27 മുതല്‍ 2012 ജനുവരി 17 വരെ ചപ്പാത്തില്‍ നടന്ന സമരത്തിലേക്കു ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. എന്നാല്‍, തമിഴ്നാടിന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി പണിയെടുത്ത കേരളത്തിലെ ലോബിയുടെ നീക്കങ്ങള്‍ വിജയിച്ചപ്പോള്‍ മുല്ലപ്പെരിയാര്‍ സമരം പൊളിഞ്ഞു. എന്നു മാത്രമല്ല, സുരക്ഷാഭീഷണിയെപ്പറ്റി മുന്നറിയിപ്പു നല്‍കിയ മന്ത്രിയെ അവഹേളിക്കാനുള്ള നീക്കങ്ങളും നടന്നു. മുല്ലപ്പെരിയാര്‍ ഡാമിനുള്ള അപകടഭീഷണി എടുത്തുകാട്ടുന്നവര്‍ അനാവശ്യ ഭീതി പരത്തുന്നു എന്ന പ്രചാരണം മാധ്യമങ്ങളിലൂടെ വ്യാപകമായുണ്ടായി. ഇടുക്കി ജില്ലയിലെയും മധ്യകേരളത്തിലെയും ജനങ്ങളുടെ ജീവനു യാതൊരു വിലയുമില്ലെന്ന മട്ടിലായിരുന്നു പലരുടെയും ആക്ഷേപങ്ങള്‍. തമിഴ്നാട്ടില്‍ കൃഷിഭൂമിയുള്ളവരും ജോലിക്കും പഠനത്തിനും മറ്റുമായി അവിടെ താമസിക്കുന്നവരുമായ മലയാളികളുടെ കാര്യം എടുത്തുകാട്ടി, സംയമനം പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പലരും ഉദ്ബോധിപ്പിച്ചു. പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ പിന്നെയും ഭീതി ഒഴിയാതെയും വിധിയെ പഴിച്ചും ദുരിതജീവിതം തള്ളിനീക്കി വരുമ്പോഴാണ് അണക്കെട്ടിലെ ചോര്‍ച്ചയുടെ പുതിയ വാര്‍ത്തകള്‍ വരുന്നത്. അവരുടെ ആശങ്കകള്‍ക്ക് ഒരു പരിഹാരവുമില്ലേ?


ദുരന്തങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീംകോടതിയുടെ 2006 ലെ വിധിക്കെതിരേ കേരളം നിയമമുണ്ടാക്കിയതു കോടതിയോടുള്ള അവഹേളനമാണെന്നു പരാതിപ്പെട്ടു തമിഴ്നാട് നല്‍കിയ ഹര്‍ജിയില്‍, അവരുടെ വാദം കേള്‍ക്കുകയായിരുന്ന ജസ്റീസ് ആര്‍.എം. ലോധയുടെ സുപ്രീംകോടതി ബെഞ്ച്, സാഹചര്യം മാറിയാല്‍ 2006ലെ വിധിയടക്കം ഒലിച്ചുപോകുമെന്ന് ഒരിക്കല്‍ മുന്നറിയിപ്പ് നല്‍കിയതു മറക്കാന്‍ കാലമായിട്ടില്ല. 119 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിനു പകരം പുതിയ ഡാം നിര്‍മിക്കാന്‍ അനുവാദം കിട്ടിയില്ലെങ്കില്‍ സുരക്ഷാഭിത്തി നിര്‍മിക്കുന്നതടക്കമുള്ള കാര്യങ്ങളെപ്പറ്റി കേരളം ആലോചിച്ചിരുന്നു. തമിഴ്നാടിന്റെ എതിര്‍പ്പിലും വനം- പരിസ്ഥിതി മന്ത്രാലയങ്ങളുടെ തടസവാദങ്ങളിലും ഗതിമുട്ടിയ അത്തരം നീക്കങ്ങള്‍ പുനരാരംഭിക്കാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാരിനുണ്ടാകുമോ? മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്ഷയമുണ്െടന്നും ഏതു നിമിഷവും അതു തകര്‍ന്നേക്കാമെന്നും മേഖലയില്‍ വന്‍ ഭൂചലന സാധ്യതയുണ്െടന്നുമൊക്കെ വ്യക്തമാക്കുന്ന റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ടിന് ഇപ്പോഴും പ്രസക്തിയുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ സംബന്ധിച്ചു തര്‍ക്കമുണ്ടായ 1979-ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, അണക്കെട്ട് ദുര്‍ബലമാണെന്നു പരിശോധനയില്‍ കണ്െടത്തുകയും പുതിയ ഡാം നിര്‍മിക്കണമെന്ന് ശിപാര്‍ശ നടത്തുകയും ചെയ്തിരുന്നു. പുതിയ ഡാം നിര്‍മിക്കുന്നതു സംബന്ധിച്ചു ദീര്‍ഘകാല പദ്ധതി എന്ന നിലയില്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച ഡാമുകള്‍ക്കുപോലും 50 - 60 വര്‍ഷം വരെയാണു വിദഗ്ധര്‍ ആയുസ് കല്പിക്കുന്നത്. ഇതൊന്നുമില്ലാതിരുന്ന കാലത്ത് സുര്‍ക്കി മിശ്രിതവും കല്ലും ഉപയോഗിച്ചു നിര്‍മിച്ചതാണു മുല്ലപ്പെരിയാര്‍ ഡാം. ജനങ്ങളുടെ സുരക്ഷയാണു പരമപ്രധാനമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരവും കടമയുമുണ്െടന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുക മാത്രമല്ല സര്‍ക്കാരിന്റെ കടമയെന്നാണ് അതിനര്‍ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.