മോദിയെ പിന്തുണച്ചതില്‍ കുറ്റബോധം തോന്നുന്നു: രാം ജെത് മലാനി
മോദിയെ പിന്തുണച്ചതില്‍ കുറ്റബോധം തോന്നുന്നു: രാം ജെത് മലാനി
Monday, November 30, 2015 12:54 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കള്ളപ്പണം പുറത്തുകൊണ്ടുവരുന്ന കാര്യത്തില്‍ മുന്‍ സര്‍ക്കാരിന്റെ അതേ നിലപാടു തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാരും പിന്തുടരുന്നതെന്നു നിയമജ്ഞന്‍ രാം ജെത് മലാനി എംപി. ഇതടക്കമുള്ള വാഗ്ദാന ലംഘനങ്ങള്‍ക്കു ലഭിച്ച തിരിച്ചടിയാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ക്കായി എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലില്‍ സംഘടിപ്പിച്ച വെള്ളക്കോളര്‍ കുറ്റങ്ങള്‍ സംബന്ധിച്ച ശില്പശാല ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞടുക്കപ്പെട്ടു പ്രധാനമന്ത്രിയായാല്‍ വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ച 9,000 ലക്ഷം കോടി ഇന്ത്യക്കാരുടെ കള്ളപ്പണം പുറത്തുകൊണ്ടുവന്ന് ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വിതരണം ചെയ്യുമെന്നു വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദി ഇപ്പോള്‍ കള്ളപ്പണത്തെക്കുറിച്ചു മൌനം അവലംബിക്കുകയാണ്. ഈ കാപട്യത്തെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണു തനിക്കു ബിജെപിക്കു പുറത്തേക്കു പോകേണ്ടിവന്നത്.

അഴിമതിയുടെ കാര്യത്തില്‍ പഴയ സര്‍ക്കാരും പുതിയ സര്‍ക്കാരും തമ്മില്‍ വ്യത്യാസമൊന്നുമില്ല.

ഇന്ത്യന്‍ പാര്‍ലമെന്റ് ഇംഗ്ളണ്ടിലേതുപോലെ ഭരണഘടനാദത്തമായ പരമാധികാര സഭയല്ല. ഇവിടെ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ അവ റദ്ദാക്കാന്‍ കോടതിക്കധികാരമുണ്ട്. ഇക്കാര്യം മനസിലാക്കാതെയാണു രാജ്യത്തെ പല ഉന്നതരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ അവിടുത്തെ കോടതിക്ക് അധികാരമില്ല. ഇന്ത്യയില്‍ എന്നും ഭരണഘടനയുടെ രക്ഷകര്‍ ജുഡീഷറിയാണ്. അതിനാല്‍ ജുഡീഷറിയുടെ സ്വതന്ത്രമായ പരമാധികാരം ചോദ്യംചെയ്യാനാവില്ല.


രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി സര്‍ക്കാര്‍ ആണെന്ന കാര്യവും രാം ജെത് മലാനി ചൂണ്ടിക്കാട്ടി. അതിനാല്‍തന്നെ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഭരണകൂടത്തിനു ഒരു പങ്കും ഉണ്ടാവരുത്. ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന്‍ നിയമനവും 99-ാം ഭരണഘടനാ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്ന കാരണത്താല്‍ റദ്ദ് ചെയ്ത സുപ്രീംകോടതി വിധി പൂര്‍ണാര്‍ഥത്തില്‍ ശരിയാണ്.

അമേരിക്കയിലേതുപോലെ ഇന്ത്യയില്‍ ജഡ്ജിമാരെ തെരഞ്ഞെടുപ്പിലൂടെ നിയമിക്കാന്‍ നിയമം അനുശാസിക്കാത്തിടത്തോളം സുപ്രീം കോടതി വിധിയെ തെരഞ്ഞെടുക്കപ്പെടാത്തവരുടെ നടപടിയെന്നു പറയുന്നതു ശരിയല്ല. അമൃത്സറില്‍നിന്നു ലോക്സഭയിലേക്കു മത്സരിച്ചു തോറ്റ അരുണ്‍ ജയ്റ്റ്ലിയാണ് തെരഞ്ഞെടുക്കപ്പെടാത്തവരെ വിമര്‍ശിക്കുന്നതന്നും രാം ജെത് മലാനി ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വി.സി. ഇസ്മയില്‍ സ്വാഗതംപറഞ്ഞു. നാഷണല്‍ ജുഡീഷല്‍ അക്കാഡമി സ്ഥാപക ഡയറക്ടര്‍ ഡോ.എന്‍.ആര്‍. മാധവ മേനോന്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, കര്‍ണാടക മുന്‍ അഡ്വക്കറ്റ് ജനറല്‍ ബി.വി. ആചാര്യ, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ.ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്നു രണ്ടു സെഷനുകളിലായി സെമിനാറുകളും നടന്നു.

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടോം ജോസ് പടിഞ്ഞാറേക്കര, പബ്ളിക് പ്രോസിക്യൂട്ടര്‍മാരായ പി.കെ. സജീവന്‍, കെ.ബി.രണേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.