ഭിന്നശേഷിക്കാര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്: കേന്ദ്രമന്ത്രി
ഭിന്നശേഷിക്കാര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്: കേന്ദ്രമന്ത്രി
Monday, November 30, 2015 12:40 AM IST
കോഴിക്കോട്: രാജ്യത്തൊട്ടാകെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് (യൂണിവേഴ്സല്‍ ഐഡന്റിറ്റി കാര്‍ഡ്) നല്‍കുന്ന പ്രഖ്യാപിത പദ്ധതി ഉടന്‍ നടപ്പാക്കുമെന്നു കേന്ദ്ര സാമൂഹികനീതി- ശാക്തീകരണ മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട്. ഇതു സംബന്ധിച്ച നടപടി പുരോഗമിക്കുകയാണ്.

പല സംസ്ഥാനങ്ങളിലും ഭിന്നശേഷിക്കാര്‍ക്കായി വിവിധ പദ്ധതികളുണ്ട്. ഇതു പരസ്പരം അറിയാതെ പോകുകയാണ്. പദ്ധതികളെ ഏകോപിപ്പിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും. ഇതിനു യുഐഡി സഹായകമാകും. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സമഗ്ര സര്‍വേ നടത്തി കൃത്യമായ എണ്ണം കണ്െടത്തിയത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടാരംഭിക്കുന്ന കോമ്പസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന്റെ (സിആര്‍സി) നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ-ഉപകരണ വിതരണ മെഗാകാമ്പും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണവും ഉന്നമനവും ലക്ഷ്യമിട്ടുള്ള പ്രത്യേക ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. നടപ്പു സമ്മേളനത്തില്‍ ഇതു പാസാകുമെന്നാണു കരുതുന്നത്.

ഭിന്നശേഷിക്കാരുടെ ശാക്തീകരണം ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

കേന്ദ്രനിയമപ്രകാരം നിലവില്‍ മൂന്നു ശതമാനം ജോലിസംവരണമാണു ഭിന്നശേഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇതു കൂട്ടാനുള്ള നടപടി പരിഗണനയിലുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരത്തു നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ ഡിസെബിലിറ്റി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് എന്ന പേരില്‍ കേന്ദ്രസര്‍വകലാശാല തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായതായും അദ്ദേഹം പറഞ്ഞു. ഇതിനായി തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്(നിഷ്) കേന്ദ്ര സര്‍ക്കാരിനു കൈമാറും.


സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്നവര്‍ക്കു വിദേശ പരിശീലനം ഉള്‍പ്പെടെയുള്ള സൌകര്യം ഏര്‍പ്പെടുത്തും. കേരളത്തില്‍ കേള്‍വിശക്തിയില്ലാത്തവര്‍ക്കായി നടപ്പാക്കിയ കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയാ പദ്ധതികളെയും മന്ത്രി അഭിനന്ദിച്ചു. കോംക്ളിയര്‍ ഇംപ്ളാന്റേഷനുള്ള കേന്ദ്ര പദ്ധതിയുമായി കേരളത്തിനു സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കെട്ടിടങ്ങളെ ഭിന്നശേഷി സൌഹൃദമാക്കി മാറ്റുന്നതിനുള്ള സുഗമ്യ ഭാരത് അഭിയാന്‍ കാമ്പയിന്‍ ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിനു പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. ഭിന്നശേഷിക്കാര്‍ക്കായി പ്രിമെട്രിക്, പോസ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ തന്റെ മന്ത്രാലയം നല്‍കുന്നുണ്ട്. കൂടാതെ പട്ടിക ജാതി-ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റല്‍ പദ്ധതിയും നടപ്പാക്കിവരുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശം സമര്‍പ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.