പ്രതിരോധ കുത്തിവയ്പിനെത്തുടര്‍ന്നു കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത അസംബന്ധമെന്ന്
Monday, November 30, 2015 1:04 AM IST
കണ്ണൂര്‍: സംസ്ഥാനത്തു പ്രതിരോധ കുത്തിവയ്പിനെത്തുടര്‍ന്ന് 18 പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്നു കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി. അരവിന്ദന്‍. കേരള ഫ്രീ തിങ്കേഴ്സ് ഫോറം ജവഹര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര കണ്‍വന്‍ഷനില്‍ വാക്സിന്‍ ശാസ്ത്രീയ അവലോകനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.കെ.പി. അരവിന്ദന്‍.

ഈ സംഭവത്തോടെ കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിനു പല രക്ഷിതാക്കളും വിമുഖത കാട്ടി. ഇതിന്റെ ഫലമാണ് കേരളത്തില്‍ അടുത്ത കാലത്തു ഡിഫ്തീരിയ ബാധിച്ചുണ്ടായ കുട്ടിയുടെ മരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരാവകാശപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കാതെ സെന്‍സേഷനുവേണ്ടി വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്നതു രാജ്യത്ത് അതീവ ഗുരുതരമായ സാഹചര്യം ഉണ്ടാക്കും.

പതിനെട്ടു കുട്ടികള്‍ മരിച്ച സംഭവങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടായിരുന്നു. ഇതില്‍ ഒന്നു പോലും വാക്സിന്‍ നല്‍കിയതുകൊണ്ടായിരുന്നില്ല. കുത്തിവയ്പിനു ശേഷം മരണം സംഭവിക്കുന്നതു മരുന്നിന്റെ ദോഷകൊണ്ടു മാത്രമാണെന്ന പ്രചാരണം ശരിയല്ല. 1960നു ശേഷം അമേരിക്കയില്‍ 98 ദശലക്ഷം പേര്‍ക്കു കാന്‍സര്‍ പിടിപ്പെട്ടതു പോളിയോ വാക്സിന്‍ നല്‍കിയതിനാലാണെന്നു പ്രചാരണം ഉണ്ടായിരുന്നു. ഇതു ശരിയല്ലെന്നു പിന്നീടു തെളിഞ്ഞു.

വാക്സിനേഷന്‍ നല്‍കിയ ശേഷം ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും ബന്ധപ്പെട്ടവര്‍ വിശദമായി പരിശോധിക്കും. ഇത്തരം മരുന്നുകള്‍കൊണ്ടു ചിലര്‍ക്ക് എന്തെങ്കിലും ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇതിനുള്ള കാരണം കണ്െടത്തി സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കാനാണു പഠനം നടത്തുന്നത്. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങള്‍ വിവരാവകാശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വാര്‍ത്തകള്‍ കൊടുക്കുന്നതു ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും ഡോ.അരവിന്ദന്‍ ഓര്‍പ്പിച്ചു.


ഭൌതികമായ പ്രവര്‍ത്തന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അശാസ്ത്രീയമായ കാര്യങ്ങളെ പിന്തുണയ്ക്കുന്ന രീതി മോദിസര്‍ക്കാരിന്റെ കാലത്തു കൂടിവരികയാണ്. കേരളത്തിലും ഇത്തരം ശാസ്ത്ര വിരുദ്ധത വലിയ രൂപത്തില്‍ വളര്‍ന്നുവരുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം വലിയ ഗൂഢാലോചനയാണെന്നു വരുത്തിത്തീര്‍ക്കാനാണു ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയ ചികിത്സാ രീതികള്‍ എന്ന വിഷയത്തില്‍ ഡോ.എന്‍.എം. അരുണ്‍ സംസാരിച്ചു. മരുന്നുകള്‍ കഴിച്ചാല്‍ കൊതുകു കടിക്കില്ലെന്ന പ്രചാരണത്തിന് ഇതുവരെ ശാസത്രീയമായ തെളിവില്ലെന്നു ഡോ.എന്‍.എം. അരുണ്‍ പറഞ്ഞു. തെളിവുകളൊന്നും ഇല്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ തന്നെ ഇത്തരം പ്രചാരണം നടത്തുന്നത് അപകടമാണ്. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചു സര്‍ക്കാര്‍ തന്നെ അശാസ്ത്രീയമായ തെളിവുകള്‍ പരത്തുന്നതു ശരിയല്ല.

ഇത്തരം വ്യാപാരം ഈ ചികിത്സാരംഗത്തു നടക്കുമ്പോള്‍ എന്താണു ശാസ്ത്രീയ ചികിത്സ, ഏതാണ് അശാസ്ത്രീയ ചികിത്സ എന്നതു മനസിലാകാത്ത സാഹചര്യമുണ്ട്. വായയില്‍ക്കൂടി കഴിക്കുന്ന കൊഴുപ്പിനെക്കാള്‍ അപകടം രക്തത്തിലെ കൊളസ്ട്രോളാണ്. പാലിന്റെയും എണ്ണയുടെയും അമിത ഉപയോഗവും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്നും ഡോ. എന്‍.എം. അരുണ്‍ പറഞ്ഞു. ഡോ. കെ.എം. ശ്രീകുമാര്‍, ഡോ. സി. വിശ്വനാഥന്‍ എന്നിവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.