കാന്തപുരത്തിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് എംഇഎസ്
Monday, November 30, 2015 1:05 AM IST
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തില്‍ മുസ്ലിം സമൂഹത്തിന്റെ പങ്ക് അനിഷേധ്യമാണെന്നും ഇക്കാര്യം വിസ്മരിച്ചുകൊണ്ടുള്ള പ്രചാരണം പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി (എംഇഎസ്) പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയാണ് ഇസ്ലാമിന്റെതെന്ന വാദം ചരിത്രത്തിനും വസ്തുതകള്‍ക്കും നിരക്കുന്നതല്ലെന്നു ഫസല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീകളെ വിലകുറച്ചുകാണുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇക്കാര്യത്തിലുള്ള നിലപാട് ആശാവഹമാണ്.

കേരളത്തിലെ വിദ്യാഭ്യാസ- തൊഴില്‍ രംഗത്തെ മുസ്ലിം വനിതകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പലപ്പോഴും ഭര്‍ത്താക്കന്മാരെക്കാള്‍ ഭാര്യമാര്‍ക്കാണു വിദ്യാഭ്യാസ യോഗ്യത കൂടുതല്‍. എംഇഎസിന്റെ ഡന്റല്‍ കോളജില്‍ 82 ശതമാനവും മെഡിക്കല്‍ കോളജില്‍ 82 ശതമാനവും വനിതകളാണെന്നതു വിമര്‍ശകര്‍ മനസിലാക്കണം.


കേരളത്തിലെ തദ്ദേശ ജനപ്രതിനിധികളിലെ വനിതാ പ്രാതിനിധ്യത്തില്‍ മുസ്ലിം സ്ത്രീകളും പിന്നിലല്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. വോട്ടവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തില്‍നിന്ന് ഒട്ടേറെ ഉന്നത പദവികള്‍ വനിതകള്‍ വഹിച്ചു. ഇക്കൂട്ടത്തില്‍ മുസ്ലിം പ്രാതിനിധ്യവും മോശമല്ല.

ചില മതമൌലിക വാദികളാണു സ്ത്രീകളെ ഒന്നിനും കൊള്ളരുതാത്തവരാക്കുന്നത്. ഏതു മതത്തിലെയും മൌലിക വാദങ്ങള്‍ ശക്തിപ്രാപിച്ചു വരികയാണ്. ഇക്കാര്യത്തില്‍ ആര്‍എസ്എസിനും മുസ്ലിം മൌലികവാദികള്‍ക്കും ഒരേ കാഴ്ചപ്പാടാണ്. ഇതിനെതിരെ ബിഹാര്‍ മോഡല്‍ ചെറുത്തു നില്‍പ്പ് അനിവാര്യമാണ്. പൌരോഹിത്യത്തിന് ഇസ്ലാമില്‍ സ്ഥാനമില്ല. ചിലര്‍ അത്തരക്കാര്‍ക്കു തലവച്ചു കൊടുക്കുകയാണെന്നു മാത്രം. എംഇഎസ് ജില്ലാ പ്രസിഡന്റ് സി.ടി. സക്കീര്‍ ഹുസൈനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.