മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാറിലെത്തും
മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാറിലെത്തും
Monday, November 30, 2015 12:47 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ചയിലൂടെ പുറന്തള്ളുന്ന ജലത്തിന്റെ അളവ് വര്‍ധിച്ചു. ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.5 അടിയായി. ഒരു മിനിറ്റില്‍ 129.917 ലിറ്റര്‍ ജലമാണ് ചോര്‍ച്ചയിലൂടെ പുറത്തേക്കൊഴുകുന്നത്. കഴഞ്ഞ വര്‍ഷം ഇതേ ജലനിരപ്പില്‍ മിനിറ്റില്‍ 119 ലിറ്ററായിരുന്നു ചോര്‍ച്ച. അതായത് പത്തു ലിറ്ററിലധികം ചോര്‍ച്ച വര്‍ധിച്ചു. ഇന്നലെ ഉപസമിതി നടത്തിയ പരിശോധനയിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത്.

ജലനിരപ്പ് ഉയരുന്നതിനനുസരിച്ചു സ്വീപ്പേജ് വാട്ടറിന്റെ അളവ് കൂടുന്നുവെന്നും ജലനിരപ്പ് ഉയരുമ്പോള്‍ ഓരോ വര്‍ഷവും സ്വീപ്പേജിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നുവെന്നും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ചോര്‍ച്ചയിലൂടെ സുര്‍ക്കി മിശ്രിതം ക്രമാതീതമായി പുറന്തള്ളപ്പെടുന്നുവെന്ന രാസപരിശോധനാഫലം അണക്കെട്ടിന്റെ ബലം കുറയുന്നുവെന്നതു വ്യക്തമാക്കുന്നതാണ്.

അണക്കെട്ടിന്റെ പിന്‍ഭാഗത്തു വര്‍ഷങ്ങളായി പുറന്തള്ളപ്പെടുന്ന സുര്‍ക്കിമിശ്രിതം തടംകെട്ടി കിടക്കുന്നതുതന്നെ ചോര്‍ച്ചയുടെ ഗൌരവം സൂചിപ്പിക്കുന്നു. സുര്‍ക്കി മിശ്രിതം നഷ്ടപ്പെട്ട അണക്കെട്ടിന്റെ മിക്ക ഭാഗങ്ങളും പൊള്ളയായി മാറി. ഇങ്ങനെ സംഭവിച്ച ഭാഗങ്ങള്‍ സിമന്റ് മിശ്രിതം പമ്പുചെയ്തു നിറച്ചുവെന്നാണു തമിഴ്നാട് അവകാശപ്പെടുന്നത്. ഇതിനായി അണക്കെട്ടില്‍ മുകള്‍വശത്തുനിന്നു പലയിടങ്ങളില്‍ തുരന്നാണു കോണ്‍ക്രീറ്റ് നിറച്ചത്.

പൊള്ളയായ ഭാഗങ്ങള്‍ എങ്ങനെ തിട്ടപ്പെടുത്തിയെന്നു തമിഴ്നാട് വ്യക്തമാക്കുന്നില്ല. യാതൊരുവിധ സാങ്കേതിക പരിശോധനയുമില്ലാതെ അണക്കെട്ടില്‍ മുകളില്‍നിന്നും കുഴല്‍ക്കിണര്‍ തുരക്കുന്നതുപോലെ തുരന്നാണു മിശ്രിതം പമ്പുചെയ്തിരിക്കുന്നത്. പൊള്ളയായ ഭാഗങ്ങള്‍ പൂര്‍ണമായും കേടുപാടു തീര്‍ത്തുവെന്നും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇക്കാര്യത്തിനും യാതൊരുവിധ സാങ്കേതിക തിട്ടപ്പെടുത്തല്‍ ഉണ്ടായില്ല.


ഡാമിന്റെ മുകളില്‍നിന്നും വിവിധ ഭാഗങ്ങളില്‍നിന്നായി സിലിണ്ടറിക്കല്‍ സാമ്പിള്‍ ശേഖരണത്തിനിടയില്‍ തുരക്കുന്ന മെഷിന്‍ പലതവണ നിശ്ചലമായിരുന്നു. പ്രയാസപ്പെട്ടാണു പലപ്പോഴും മെഷിന്‍ ഊരിയെടുത്തത്. ചില സ്ഥലങ്ങളില്‍നിന്നു മെറ്റലും പൊടിയും ചില സ്ഥലങ്ങളില്‍ ഒന്നുമില്ലാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്.

അണക്കെട്ടിന്മേലുള്ള ഒരു പരിശോധനയോടും ഇതുവരെ തമിഴ്നാട് അനുകൂലിച്ചിട്ടില്ല. നേവിയുടെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് അണ്ടര്‍ വാട്ടര്‍ കാമറയുടെ സഹായത്തോടെ വെള്ളത്തിനടിയിലുള്ള ഭാഗങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം തയാറായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി എതിര്‍ത്തു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസംഘത്തിന്റെ പരിശോധനകളെല്ലാം അട്ടിമറിക്കപ്പെട്ടു.

ചോര്‍ച്ചയിലൂടെ പുറന്തള്ളുന്ന സുര്‍ക്കി മിശ്രിതത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ഉപസമിതി തമിഴ്നാടിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണു തീരുമാനമെടുത്തത്. സ്വീപ്പേജ് വാട്ടറിന്റെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി.

ഇന്നലെ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ സ്വീപ്പേജ് വാട്ടര്‍ തിട്ടപ്പെടുത്തിയതു തമിഴ്നാടിന്റെ നിസഹകരണത്തോടെയാണ്. സെക്കന്‍ഡില്‍ 811 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.