സര്‍വകലാശാലകളിലെ അനധ്യാപക നിയമനം: ബില്‍ സബ്ജക്ട് കമ്മിറ്റി പരിഗണിക്കും
Tuesday, December 1, 2015 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടുകൊണ്ടുള്ള 2015 ലെ കേരള പബ്ളിക് സര്‍വീസ് കമ്മീഷന്റെ (സര്‍വകലാശാലകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ. ബാബുവിന് എതിരെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് ചര്‍ച്ച കൂടാതെയാണ് ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് ബില്‍ അവതരിപ്പിച്ചു.

സര്‍വകലാശാലകളിലെ നിയമനങ്ങള്‍ സ്റാറ്റ്യൂട്ടുകളിലെ വ്യവസ്ഥകള്‍ അനുസരിച്ച് സര്‍വകലാശാലകളാണു നടത്തിവരുന്നത്. അധ്യാപകനിയമനം യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചും അനധ്യാപക നിയമനങ്ങള്‍ സര്‍വകലാശാലകള്‍ സ്വന്തമായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചുമാണു നടത്തുന്നത്. അനധ്യാപക നിയമനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുണ്െടന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 18 നാണ് നിയമനപ്രക്രിയ പിഎസ്സിക്കു വിട്ടത്. 2011 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച ഉത്തരവുമിറങ്ങി. 13-ാം കേരള നിയമസഭയില്‍ ഇതുസംബന്ധിച്ച ബില്‍ കൊണ്ടുവന്നിരുന്നെങ്കിലും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.


പുതിയ ബില്‍ പ്രകാരം പിഎസ്സി പരീക്ഷ നടത്തി തയാറാക്കുന്ന റാങ്ക് ലിസ്റില്‍ നിന്നു മാത്രമേ അനധ്യാപക ജീവനക്കാരുടെ നിയമനം നടത്താന്‍ കഴിയൂ. നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട ചെലവുകള്‍ സര്‍വകലാശാല വഹിക്കേണ്ടതാണെന്നും ബില്‍ അനുശാസിക്കുന്നു. കേരള, കോഴിക്കോട്, എംജി, കണ്ണൂര്‍, ശ്രീശങ്കാരാചാര്യ, ദേശീയ സര്‍വകലാശാല, ഫിഷറീസ് സമുദ്രപഠനം, ആരോഗ്യ, വെറ്ററിനറി, തുഞ്ചത്ത് എഴുത്തച്ഛന്‍, എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല തുടങ്ങിയ സര്‍വകലാശാലകളിലെയെല്ലാം അനധ്യാപക നിയമനങ്ങള്‍ ഇനി പിഎസ്സി മുഖേനേയായിരിക്കും നടത്തുക. വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനം ചെക്കായോ ബാങ്ക് അക്കൌണ്േടാ മുഖേനയോ നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്ന 2015-ലെ കേരള കൂലി കൊടുക്കല്‍ ഭേദഗതി ബില്ലും സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.