നിക്കോളാസ് സാന്താക്ളോസ് ആയി !
നിക്കോളാസ് സാന്താക്ളോസ് ആയി !
Tuesday, December 1, 2015 12:48 AM IST
സാന്താക്ളോസ് ഇല്ലാത്ത ക്രിസ്മസ് ആഘോഷം.. ആലോചിക്കാനേ വയ്യ, പ്രത്യേകിച്ചു കൊച്ചുകൂട്ടുകാര്‍ക്ക്. കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ളോസ് ക്രിസ്മസ് ആഘോഷങ്ങളില്‍ എല്ലാ കൂട്ടുകാരുടെയും സ്വപ്നവും ആവേശവുമാണ്. ശരിക്കും ആരാണ് ഈ സാന്താക്ളോസ് എന്നു ചിന്തിച്ചിട്ടുണ്േടാ?

സാന്താ എന്ന വാക്കിനര്‍ഥം വിശുദ്ധന്‍ എന്നാണ്. സെയിന്റ് നിക്കോളാസ് (15 ങമൃരവ 20 - 6 ഉലരലായലൃ 343) എന്ന പേരില്‍നിന്നാണ് സാന്താക്ളോസ് എന്ന പേരുണ്ടായത്. ഇന്നത്തെ ഏഷ്യാമൈനറിലുള്ള ഡെമര്‍ എന്ന ഗ്രാമത്തിലെ ഒരു സമ്പന്ന കുടുംബത്തില്‍ നിക്കോളാസ് ജനിച്ചു. പില്‍ക്കാലത്തു മിരായിലെ ബിഷപ്പായി സ്ഥാനമേറ്റു. എഡി 326 ഡിസംബര്‍ ആറിന് അന്തരിച്ചു. പിന്നീടു കത്തോലിക്കാസഭ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ജനങ്ങളുടെ മനംകവര്‍ന്ന ബിഷപ് തന്നെ കാണാനെത്തുന്നവര്‍ക്കു സമ്മാനങ്ങള്‍ കൈമാറുമായിരുന്നു.

ആ ഓര്‍മകള്‍ ഉണര്‍ത്തിയാണ് മഞ്ഞുപോലെ വെളുത്ത താടിയും ചുവന്ന കൂമ്പന്‍ തൊപ്പിയും രോമക്കുപ്പായവുമണിഞ്ഞു കൈനിറയെ സമ്മാനങ്ങളുമായി കുട്ടികളുടെ ഇഷ്ടതോഴനായ ഈ ക്രിസ്മസ് പപ്പ എത്തുന്നത്. ക്രിസ്മസ് കാലത്തു ആഘോഷസ്ഥലങ്ങളില്‍ മാത്രമല്ല, വ്യാപാര കേന്ദ്രങ്ങളിലും സാന്താക്ളോസ് വേഷധാരികള്‍ നിറയും. ആധുനിക കാലത്തു പരസ്യചിത്രങ്ങളിലും സാന്താക്ളോസ് ഇടംപിടിക്കുന്നു. സാന്താക്ളോസിന് ഇന്നത്തെ ചുവപ്പുനിറം കിട്ടിയതും ഒരു പരസ്യത്തില്‍ ഇടംപിടിച്ചതോടെയാണ്. പരസ്യത്തില്‍ ചുവപ്പു കുപ്പായത്തില്‍ പ്രത്യക്ഷപ്പെട്ട സാന്താക്ളോസിന്റെ വേഷം പിന്നീടു ലോകമെമ്പാടും പ്രചാരം നേടുകയായിരുന്നു. ഇന്നു ലോകത്തിലെ പല ഭാഗങ്ങളിലും ക്രിസ്മസിനോട് അനുബന്ധിച്ചു സാന്താസംഗമങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.


റിക്കാര്‍ഡ് സംഗമം

ഏറ്റവും കൂടുതല്‍ സാന്താക്ളോസ് അപ്പൂപ്പന്മാരെ അണിനിരത്തിയതിനുള്ള റിക്കാര്‍ഡ് തൃശൂരില്‍ ക്രിസ്മസ് കാലത്ത് സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെ എന്ന സാന്ത സംഗമത്തിനാണ്. കഴിഞ്ഞവര്‍ഷം 18,112 സാന്താ വേഷധാരികളാണ് സംഗമത്തില്‍ പങ്കെടുത്തത്.

പോര്‍ച്ചുഗലിലെ പോര്‍ട്ടോ സിറ്റിയിലുള്ള ഒരു ചാരിറ്റി സംഘടന 2008 ഡിസംബറില്‍ കനത്ത മഴയെയും തണുപ്പിനെയും വകവയ്ക്കാതെ 14,200 സാന്താക്ളോസ് അപ്പൂപ്പന്മാരെ അണിനിരത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കന്‍ അയര്‍ലന്‍ഡില്‍ 12,965 സാന്റാ അപ്പൂപ്പന്മാര്‍ ഒത്തുകൂടിയ റിക്കാര്‍ഡാണ് ഇവര്‍ തകര്‍ത്തത്.

സാന്താക്ളോസ് പട്ടണം

സാന്താക്ളോസ് എന്ന പേരില്‍ ഒരു പട്ടണം! അമേരിക്കയിലെ ഇന്ത്യാനയിലാണത്. ക്രിസ്മസ് കാലമായാല്‍ അവിടെയുള്ള പോസ്റോഫീസുകള്‍ ആശംസാ കാര്‍ഡുകള്‍കൊണ്ടു നിറയും.

സാന്താക്ളോസ് എന്ന മുദ്രയ്ക്കു വേണ്ടിയാണ് ഈ തിരക്ക്. ഇവിടെനിന്ന് അയയ്ക്കപ്പെടുന്ന കാര്‍ഡുകളുടെ പുറത്തെല്ലാം സാന്താക്ളോസ് എന്ന മുദ്രപതിയും. ഏതാണ്ട് 25 ലക്ഷം ആശംസാ കാര്‍ഡുകളെങ്കിലും ഓരോ ഡിസംബര്‍ മാസത്തിലും ഇവിടെയെത്താറുണ്ടത്രെ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.