നികുതി കുറയ്ക്കണം: കേരള ജ്വല്ലറി ഫെഡറേഷന്‍
Tuesday, December 1, 2015 1:00 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതുപോലെ സ്വര്‍ണത്തിന്റെ മൂല്യവര്‍ധിത നികുതി അഞ്ചു ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്നു കേരള ജ്വല്ലറി ഫെഡറേഷനും കേരള ജ്വല്ലറി മാനുഫാക്ചറിംഗ് ഫെഡറേഷനും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മൂല്യവര്‍ധിത നികുതി നിയമപ്രകാരം സ്വര്‍ണം, വെള്ളി, പ്ളാറ്റിനം തുടങ്ങിയവയുടെ വാങ്ങലിനും വില്പനയ്ക്കുമുള്ള നികുതിനിരക്ക് അഞ്ചു ശതമാനമാണ്. ഈ നികുതിഘടന സംസ്ഥാനത്തെ ആഭരണ വില്‍പനക്കാരെ ഗുരുതരമായി ബാധിക്കുന്നുവെന്നും കേരള ജ്വല്ലറി ഫെഡറേഷന്‍ ചെയര്‍മാനും കല്യാണ്‍ ജ്വല്ലേഴ്സ് എംഡിയുമായ കല്യാണ രാമന്‍ പറഞ്ഞു.


2005ല്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്ന വാറ്റ് എംപവേര്‍ഡ് കമ്മിറ്റി ഇറക്കിയ ധവളപത്രത്തില്‍ സ്വര്‍ണവ്യാപാരത്തിന് ഒരു ശതമാനം എന്ന നികുതി നിരക്കാണ് ശിപാര്‍ശ ചെയ്തത്. കേരളത്തിലാകട്ടെ നികുതി നിരക്ക് രണ്ടു ഘട്ടങ്ങളായി വര്‍ധിപ്പിച്ചു. ഇന്നത് അഞ്ചു ശതമാനമാണ്. കേരളത്തിലെ നികുതി ഘടനയുടെ പ്രത്യാഘാതമായി 80 ശതമാനം കച്ചവടം കണക്കില്‍പെടാതെ നടക്കുന്നു. വ്യാപാരം അയല്‍ സംസ്ഥാനങ്ങളിലേക്കു വഴിമാറി പോവുകയുമാണെന്നും ഫെഡറേഷന്‍ സെക്രട്ടറിയും മലബാര്‍ ഗോള്‍ഡിന്റെ എംഡിയുമായ എം.പി. അഹമ്മദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.