മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം: വെള്ളാപ്പള്ളിക്കെതിരേ കേസെടുത്തു
മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം: വെള്ളാപ്പള്ളിക്കെതിരേ കേസെടുത്തു
Tuesday, December 1, 2015 12:25 AM IST
കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തി എന്നതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആലുവ ഈസ്റ് പോലീസ് കേസെടുത്തു. വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐപിസി 153 (എ) പ്രകാരം കേസ് രജിസ്റര്‍ ചെയ്തത്. കളമശേരി പുന്നക്കാടന്‍ വീട്ടില്‍ ജി. ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് ആലുവ ഈസ്റ് പോലീസ് കേസെടുത്തത്. ഇതില്‍ ഇന്നു കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആലുവ ഡിവൈഎസ്പി പി. ഷംസ് അറിയിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശ പ്രകാരം വെള്ളാപ്പള്ളിക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിരുന്നു.


കോഴിക്കോട് മാന്‍ഹോളില്‍ വീണ ആന്ധ്രപ്രദേശുകാരായ രണ്ടു തൊഴിലാളികളെ രക്ഷിക്കാനായി ജീവത്യാഗം ചെയ്ത നൌഷാദ് എന്ന യുവാവിന്റെ കുടുംബത്തിനു ധനസഹായവും ആശ്രിതര്‍ക്കു വേഗത്തില്‍ സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പ്രത്യേക മതത്തില്‍പ്പെട്ടവര്‍ മരിക്കുമ്പോള്‍ മാത്രമാണ് ഇവിടെ ആനുകൂല്യം ലഭിക്കുന്നതെന്നും അതിനാല്‍ ആ മതവിഭാഗക്കാരനായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും, റോഡപകടത്തില്‍ മരിച്ച എറണാകുളം സ്വദേശികളായ ഹാന്‍ഡ്ബോള്‍ താരങ്ങളായ മൂന്നു ഹൈന്ദവ വിദ്യാര്‍ഥികളുടെ കുടുംബത്തിനു സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയില്ലെന്നുമാണു വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തില്‍ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.