വിജ്ഞാന വ്യാപനത്തോടൊപ്പം സ്വാഭാവ രൂപീകരണവും പ്രധാനം: ഡോ.കെ.മുഹമ്മദ് ബഷീര്‍
Tuesday, December 1, 2015 1:04 AM IST
തേഞ്ഞിപ്പലം: വിജ്ഞാനത്തിനൊപ്പം ഉത്തമ സ്വഭാവഗുണങ്ങളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അധ്യാപകര്‍ക്കു സാധ്യമാവണമെന്ന് കാലിക്കട്ട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍. ദേശീയതല അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റിനായി (നെറ്റ്) സര്‍വകലാശാല സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുജിസി നിരക്കില്‍ ഭേദപ്പെട്ട ശമ്പളം കിട്ടുന്നുവെന്നത് അധ്യാപക ജോലിയെ ആകര്‍ഷകമാക്കുന്നു. എന്നാല്‍ ലോകത്തിന്റെ ഏത് കോണില്‍ വച്ചും, തന്നിലൂടെ വിദ്യയാര്‍ജ്ജിച്ച വിദ്യാര്‍ഥികളുടെ സ്നേഹാദരങ്ങള്‍ ലഭിക്കുന്നു എന്നത് അതിലും വലിയ നേട്ടമായി കാണേണ്ടതുണ്ട്. ഭാവി ഭാരതം ഇന്നത്തെ ക്ളാസ് റൂമുകളിലാണ് രൂപപ്പെടുന്നത്. രാഷ്ട്രത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന പുതുതലമുറ രൂപപ്പെടണമെങ്കില്‍ ക്ളാസ് റൂമില്‍ വച്ച് നാടിന്റെ പ്രശ്നങ്ങള്‍ മനസിലാക്കാനുള്ള അവസരങ്ങള്‍ കൂടി ലഭിക്കണം.അധ്യാപകര്‍ യഥാര്‍ഥ റോള്‍ മോഡലുകള്‍ ആവണം. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് വിദ്യാഭ്യാസമേഖല എന്ന ബോധ്യത്തോടെ ഈ മേഖലയിലെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചു. ലൈഫ്ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് 10 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ.ഇ.എം. മനോജ് അധ്യക്ഷത വഹിച്ചു. ഡോ.കെ. ശിവരാജന്‍, ഡോ.കെ.എം. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.