വര്‍ഗീയവിഷം ചീറ്റുന്നു: മുഖ്യമന്ത്രി
വര്‍ഗീയവിഷം ചീറ്റുന്നു: മുഖ്യമന്ത്രി
Tuesday, December 1, 2015 12:39 AM IST
തിരുവനന്തപുരം: കേരളീയ സമൂഹം ഒരിക്കലും ചിന്തിക്കാന്‍ പോലും തയാറാകാത്ത വിധത്തിലുള്ള വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനകളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പ്രസ്താവനകള്‍ പരിശോധിച്ചു നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് നല്‍കിയ കത്ത് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. നിയമപരമായി പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടു തൊഴിലാളികളെ രക്ഷിക്കാനായി ജീവത്യാഗം ചെയ്ത കോഴിക്കോട് സ്വദേശി നൌഷാദിനു സര്‍ക്കാര്‍ സഹായം നല്‍കുന്നതു സാമുദായിക പരിഗണന വച്ചു കൊണ്ടാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കേരള സമൂഹം ഒരിക്കലും ചിന്തിക്കാത്ത വര്‍ഗീയ വികാരമാണു വെള്ളാപ്പള്ളി പ്രകടിപ്പിച്ചത്.


സ്വന്തം ജീവിതം പണയംവച്ചു മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. താന്‍ ആ ദിവസം കോഴിക്കോട് പോകാനിരുന്നതല്ല. കൊച്ചിയില്‍നിന്നു തിരൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നു കുടുംബാംഗങ്ങളെ കണ്ടു. കുടുംബാംഗങ്ങളും നാട്ടുകാരും ഭാര്യക്കു ജോലി നല്‍കണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനോടു താന്‍ പോസിറ്റീവായാണു പ്രതികരിച്ചത്. ഇക്കാര്യങ്ങള്‍ വരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കാമെന്നാണ് അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.