പത്തിനം പച്ചക്കറികള്‍ 30 ശതമാനം വിലക്കിഴിവില്‍ നല്കും: മുഖ്യമന്ത്രി
പത്തിനം പച്ചക്കറികള്‍ 30 ശതമാനം വിലക്കിഴിവില്‍ നല്കും: മുഖ്യമന്ത്രി
Wednesday, December 2, 2015 12:50 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തു വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കേണ്ട സപ്ളൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടി കോര്‍പ് എന്നിവയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി പ്രതിപക്ഷത്തെ സി. ദിവാകരനാണു വിലക്കയറ്റ വിഷയം സഭയില്‍ അവതരിപ്പിച്ചത്.

വിലക്കയറ്റം തടയാന്‍ സപ്ളൈ കോയ്ക്ക് 35 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് 25 കോടി രൂപയും ഹോര്‍ട്ടി കോര്‍പിന് അഞ്ചു കോടി രൂപയും ഉടന്‍ നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വിപണിവിലയെ അപേക്ഷിച്ച് 30 ശതമാനം വിലക്കുറവില്‍ പത്തിനം പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ് വഴി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്തുദിവസം കഴിഞ്ഞ് ഇക്കാര്യം വീണ്ടും അവലോകനം ചെയ്യും. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കും. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സപ്ളൈകോയ്ക്ക് 503 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് 254.5 കോടി രൂപയും ഹോര്‍ട്ടികോര്‍പിന് 39.5 കോടി രൂപയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്െടന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണി ഇടപെടലില്‍ നിന്നു സര്‍ക്കാര്‍ പിന്നോക്കം പോയിട്ടില്ലെന്നു ഭക്ഷ്യ- സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബും അറിയിച്ചു. പരിപ്പു വര്‍ഗങ്ങള്‍ക്കു വില വര്‍ധനയുണ്ടായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ദേശീയ തലത്തിലുണ്ടായ ഉത്പാദന കുറവാണു ഉഴുന്ന്, തുവരപരിപ്പ് തുടങ്ങിയവയുടെ വില ഉയരാന്‍ ഇടയാക്കിയത്. സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ വൈകുന്നതിനാല്‍ റേഷന്‍ വിതരണത്തില്‍ ഒരു തടസവും നേരിട്ടിട്ടില്ലെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുണ്െടങ്കില്‍ അന്വേഷിക്കുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അറിയിച്ചു. അനാവശ്യ ജീവനക്കാരുണ്െടങ്കില്‍ പിരിച്ചു വിടുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കേണ്ടതില്ലെന്നു സ്പീക്കര്‍ അറിയിച്ചു.


തമിഴ്നാട്ടില്‍ അമ്മ ഹോട്ടലുകളില്‍ കുറഞ്ഞ വിലയ്ക്കാണു ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുന്നതെന്നും ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടുപഠിക്കണമെന്നും വാക്കൌട്ട് പ്രഖ്യാപിച്ചുകൊണ്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഓരോ വകുപ്പും ഓരോ പാര്‍ട്ടികളുടെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൊള്ളയടിക്കുകയാണ്. ഹോര്‍ട്ടികോര്‍പ് കച്ചവടക്കാരുമായി ഒത്തുകളിച്ചു ജനങ്ങളെ പിഴിയുകയാണെന്നും വി.എസ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.