പി.കെ. രാഗേഷ് വീണ്ടും കോണ്‍ഗ്രസില്‍
പി.കെ. രാഗേഷ് വീണ്ടും കോണ്‍ഗ്രസില്‍
Wednesday, December 2, 2015 12:52 AM IST
കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫിന്റെ നിയന്ത്രണത്തിലേക്കു നീങ്ങുന്നു. രാഗേഷ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. രാഗേഷിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുകയും ചെയ്തു. 55 അംഗ കോര്‍പറേഷനില്‍ രാഗേഷിന്റെ പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗസംഖ്യ 28 ആയി. 27 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലെ എട്ടു സ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങളില്‍ ഏഴും രാഗേഷിന്റെ പിന്തുണയോടെ യുഡിഎഫിനു ലഭിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം നേരത്തേതന്നെ യുഡിഎഫ് സ്വന്തമാക്കിയിരുന്നു. മേയര്‍ സ്ഥാനവും ഒരു സ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനവും ഉണ്െടങ്കിലും ഭരണസമിതിയില്‍ എല്‍ഡിഎഫ് ന്യൂനപക്ഷമായി. മേയര്‍സ്ഥാനം ആറുമാസത്തിനുള്ളില്‍ എല്‍ഡിഎഫിനു നഷ്ടപ്പെടുമെന്ന സാഹചര്യവും നിലവിലുണ്ട്. പി.കെ. രാഗേഷിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫിനു മേയര്‍ സ്ഥാനം ലഭിച്ചത്.

ആറു മാസം കഴിഞ്ഞു യുഡിഎഫിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാകും. നിലവിലുള്ള സാഹചര്യത്തില്‍ മേയറായ സിപിഎമ്മിലെ ഇ.പി. ലതയെ പുറത്താക്കാനും കോണ്‍ഗ്രസിനു മേയര്‍സ്ഥാനം നേടാനും സാധിക്കും. ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് വോട്ട് ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്നു മുന്നണിസ്ഥാനാര്‍ഥികള്‍ക്കു തുല്യ വോട്ടുകള്‍ വീ തം ലഭിക്കുകയും നറുക്കെടുപ്പില്‍ മുസ്ലിംലീഗിന്റെ സി. സമീര്‍ ഡെ പ്യൂട്ടി മേയറാകുകയുമായിരു ന്നു.

വിമതനായി മത്സരിച്ചതിനെ തുടര്‍ന്നു കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട രാഗേഷ് ഉള്‍പ്പെടെയുള്ള ആറു പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെയും ടൌണ്‍ എസ്ഐ സനല്‍കുമാറിനെയും ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റുകയും ചെയ്തതോടെയാണു രാഗേഷുമായി ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയതും ഒത്തുതീര്‍പ്പുണ്ടായതും. സുരേന്ദ്രനെ വയനാട് സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറായും എസ്ഐ സനല്‍കുമാറിനെ വടകര ക്രൈംബ്രാഞ്ചിലേക്കുമാണു മാറ്റിയത്. രാഗേഷ് പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്ക് ഭരണസമിതി പിരിച്ചുവിടാന്‍ വഴിവിട്ടു ശ്രമിച്ചെന്നാരോപിച്ച് ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ രാഗേഷ് ആവശ്യപ്പെട്ടിരുന്നു.


കോണ്‍ഗ്രസ് ചിറക്കല്‍ ബ്ളോക്ക് കമ്മിറ്റി, പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി എന്നിവയുടെ പ്രസിഡന്റുമാരെ മാറ്റി പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നടക്കമുള്ള മറ്റ് ആവശ്യങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാനും ധാരണയായി. തിങ്കളാഴ്ച രാത്രി വൈകി ഡിസിസി ഓഫീസില്‍ കെ. സുധാകരന്‍, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.കെ. രാഗേഷുമായി നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ഉരുത്തിരിഞ്ഞത്. ഇനിമുതല്‍ താന്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുമെന്നു പി.കെ. രാഗേഷ് പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി കെ. സുധാകരനും അറിയിച്ചു.

ഇന്നലെ രാവിലെ ഡിസിസി ഓഫീസില്‍ നടന്ന കണ്ണൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ്-മുസ്ലിംലീഗ് കൌണ്‍സിലര്‍മാരുടെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി.കെ. രാഗേഷ് പങ്കെടുത്തു. പിന്നീട് കോര്‍പറേഷന്‍ കൌണ്‍സില്‍ ഹാളില്‍ യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം രാഗേഷ് ഇരിക്കുകയും സ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വോട്ട് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിലേക്കു രാഗേഷിനെ തിരിച്ചെടുത്തെങ്കിലും ഇലക്ഷന്‍ കമ്മീഷന്റെ കണക്കില്‍ അദ്ദേഹം സ്വതന്ത്രനായിരിക്കും. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച രാഗേഷിനു പാര്‍ട്ടി വിപ്പുകള്‍ ബാധകമാവുകയുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.