സഭയുടെ സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കണം: മാര്‍ ആലഞ്ചേരി
സഭയുടെ സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കണം: മാര്‍ ആലഞ്ചേരി
Wednesday, December 2, 2015 12:53 AM IST
കൊച്ചി: അനീതി പ്രവര്‍ത്തിച്ചുകൊണ്ട് ഒരിക്കലും കാരുണ്യം നിലനിര്‍ത്താന്‍ സാധിക്കുകയില്ലെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ഡിസംബര്‍ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാള്‍ മുതല്‍ 2016 നവംബര്‍ 20ന് ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ വരെ കാരുണ്യത്തിന്റെ വിശുദ്ധ വര്‍ഷമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ 13ന് പള്ളികളില്‍ വായിക്കേണ്ട ഇടയലേഖനത്തിലാണു കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കാരുണ്യത്തിന്റെ അടിത്തറയാണ് നീതി. നീതിയുടെ ഒരു വ്യവസ്ഥതന്നെ കാരുണ്യത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യകമാണ്. ഓരോരുത്തര്‍ക്കും അര്‍ഹമായിട്ടുള്ളത് കൊടുക്കാന്‍ സാധിക്കണം. ജോലിക്കാര്‍ക്ക് അര്‍ഹമായ വേതനം, സേവനവ്യവസ്ഥകള്‍, ജീവിത സൌകര്യങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ സഭയിലെ എല്ലാ സ്ഥാപനങ്ങളിലും ഇടവകകളിലും പ്രത്യേക ശ്രദ്ധ കാരുണ്യവര്‍ഷത്തില്‍ ഉണ്ടാകണമെന്നും മാര്‍ ആലഞ്ചേരി ഇടയലേഖനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാരുണ്യവര്‍ഷത്തില്‍ സ്വീകരിക്കേണ്ട മനോഭാവം ലാളിത്യത്തിന്റേതാണ്. സമ്പത്ത് വര്‍ധിക്കുമ്പോള്‍, ജീവിതസൌകര്യങ്ങള്‍ സമൂഹത്തിന്റെ വളര്‍ച്ചയില്‍ സംജാതമാകുമ്പോള്‍ അവയെല്ലാം മിതത്വത്തോടുകൂടി പാലിക്കാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ട്.


പണത്തിന്റെയും ജീവിതസൌകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആഘോഷങ്ങള്‍ വര്‍ധിപ്പിക്കുക, ആഡംബരങ്ങളില്‍ മുഴുകുക എന്നത് ക്രൈസ്തവജീവിതശൈലിക്കു യോജിച്ചതല്ല. ആവശ്യമായിട്ടുള്ളതില്‍ കവിഞ്ഞ് ലഭിക്കുന്ന ജീവിതസൌകര്യങ്ങള്‍, പണമായാലും സമ്പത്തായാലും, ദൈവത്തിന്റെ ദാനമാണ്. അത് അപരനുകൂടി അര്‍ഹതപ്പെട്ടതാണ്.

തിരുനാളുകള്‍, ജൂബിലി ആഘോഷങ്ങള്‍, കുടുംബപരമോ ഇടവകപരമോ ആയിട്ടുള്ള ആഘോഷങ്ങള്‍ എല്ലാം ഒരു പുതിയ ശൈലിയിലേക്ക് കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തിരുനാളുകളില്‍നിന്ന് ഏതെങ്കിലും രീതിയില്‍ സംഭാവനകളായി, നേര്‍ച്ചകാഴ്ചകളായി ലഭിക്കുന്ന പണം അത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഇടവകയുടെ ന്യായമായിട്ടുള്ള വളര്‍ച്ചയുടെയും തലത്തില്‍ മാത്രമേ വിനിയോഗിക്കാവൂ.

തിരുനാളുകളോട് അനുബന്ധിച്ച് ഭിക്ഷ യാചിക്കുന്നവര്‍ കാരുണ്യം അര്‍ഹിക്കുന്നു. അവര്‍ക്ക് തിരുനാള്‍ അവസരങ്ങളില്‍ സംഘടിതമായി ഉച്ചഭക്ഷണം കൊടുക്കാനും അവരെ സംരക്ഷിക്കാനും അവരുടെ സ്ഥിതിഗതികള്‍ മനസിലാക്കി അവരുടെ സമുദ്ധാരണത്തിനുവേണ്ടി യത്നിക്കാനും ഇടവകതലത്തില്‍ മേല്‍നോട്ടക്കാര്‍ ഉണ്ടായിരിക്കുന്നതു നല്ലതാണ്. തിരുനാള്‍ ആഘോഷങ്ങള്‍ യാചകരെ സംബന്ധിച്ചിടത്തോളം കാരുണ്യത്തിന്റെ അനുഭവമായിതീരുന്നതിന് കരുതല്‍ വേണമെന്നും കര്‍ദിനാള്‍ സന്ദേശത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.