വെള്ളാപ്പള്ളിയുടെ പ്രസംഗം: എഫ്ഐആര്‍ സമര്‍പ്പിച്ചു
വെള്ളാപ്പള്ളിയുടെ പ്രസംഗം: എഫ്ഐആര്‍ സമര്‍പ്പിച്ചു
Wednesday, December 2, 2015 12:34 AM IST
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തിന്റെ പേരില്‍ ആലുവ പോലീസ് ആലുവ ഫസ്റ് ക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) സമര്‍പ്പിച്ചു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം നമ്പര്‍ 4111/2015 ആയി ആലുവ ഈസ്റ് പോലീസ് രജിസ്റര്‍ ചെയ്ത കേസിലാണ് ഇന്നലെ എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഐപിസി 153എ(എ) പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് എടുത്തിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഈ കത്ത് ആഭ്യന്തരമന്ത്രി തുടര്‍നടപടികള്‍ക്കായി ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയുടെ നിര്‍ദേശ പ്രകാരമാണ് ആലുവ ഈസ്റ് പോലീസ് തുടര്‍നടപടികള്‍ കൈക്കൊണ്ടത്.

സമത്വമുന്നേറ്റ യാത്ര നടത്തുന്ന വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ 29ന് ആലുവയിലെ പൊതുയോഗത്തില്‍ നടത്തിയ പ്രസംഗം കേരളത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും മതവിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്നതാണെന്ന് വി.എം. സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സംഘര്‍ഷഭരിതമാക്കാനുള്ള നീക്കമാണിത്. നിയമലംഘനം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരേ കേസെടുത്ത് നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കത്തിനെ ആധാരമാക്കിയെടുത്ത കേസിലാണ് മജിസ്ട്രേറ്റ് പി.എ. സിറാജുദ്ദീന്‍ മുന്‍പാകെ എഫ്ഐആര്‍ സമര്‍പ്പിച്ചത്.


എഫ്ഐആര്‍ സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു തെളിവുശേഖരണം അടക്കമുള്ളവയിലേക്കു കടക്കുകയാണ് അടുത്തതായി ചെയ്യുകയെന്ന് എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പുകള്‍ അടക്കമുള്ളവ അന്വേഷണസംഘം പരിശോധിക്കും. പ്രസംഗം കേട്ടവരില്‍നിന്ന് മൊഴി എടുക്കുകയും ചെയ്യും. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും മറ്റും നടത്തേണ്ടതുണ്ട്. അതിനുശേഷം കുറ്റക്കാരനെന്നു കണ്െടത്തിയാല്‍ മാത്രമേ അറസ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുള്ളൂ.

എന്നാല്‍, തിടുക്കപ്പെട്ടുള്ള നടപടികള്‍ ഉണ്ടാകില്ലെന്നും സാധാരണ ഗതിയില്‍ തങ്ങളുടെ മുന്നിലെത്തുന്ന കേസ് കൈകാര്യം ചെയ്യുന്നതുപോലെ തന്നെയാകും ഈ കേസിലെയും നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമവാര്‍ത്തകള്‍ അടക്കമുള്ളവ വിശദമായ പരിശോധനയ്ക്കു വിധേയമാക്കും.

വിവാദ പ്രസംഗത്തിനെതിരേ ആലുവ ഈസ്റ് പോലീസില്‍ പരാതി കൊടുത്ത കളമശേരി പുന്നക്കാടന്‍ വീട്ടില്‍ ജി. ഗിരീഷ് ബാബുവിനെ ഈ കേസിലെ സാക്ഷിയാക്കും. വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു ടി.എന്‍. പ്രതാപന്‍ എംഎല്‍എയും കത്തു നല്‍കിയിരുന്നു. അദ്ദേഹത്തെയും കേസില്‍ സാക്ഷിയാക്കുമെന്ന് ആലുവ ഈസ്റ് പോലീസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.