മുഖപ്രസംഗം: സുതാര്യത പിഎസ്സിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കും
Saturday, February 6, 2016 11:10 PM IST
പബ്ളിക് സര്‍വീസ് കമ്മീഷന്‍(പിഎസ്സി) വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഏറെ സഹായകമാകും. പിഎസ്സിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്തണമെന്നു 2011ല്‍ ഹൈക്കോടതി വിധിച്ചതാണ്. എന്നാല്‍, ഇതിനെതിരേ പിഎസ്സി സുപ്രീംകോടതിയെ സമീപിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ഇപ്പോള്‍ ശരിവച്ചിരിക്കുന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ പിഎസ്സിക്കു പ്രത്യേകമായ ചില അവകാശങ്ങളുണ്ട്. എന്നാല്‍, ഭരണഘടനാസ്ഥാപനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തിയാല്‍ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാവുമെന്ന് ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം സുപ്രീംകോടതി ഇപ്പോള്‍ ശരിവച്ചിരിക്കുകയാണ്.

ഇനിയിപ്പോള്‍ വിവരാവകാശ നിയമപ്രകാരം ഉദ്യോഗാര്‍ഥി ആവശ്യപ്പെട്ടാല്‍ മത്സരപ്പരീക്ഷകളുടെ ഉത്തരക്കടലാസും അഭിമുഖത്തില്‍ ഉള്‍പ്പെടെ ലഭിച്ച മാര്‍ക്കും കൈമാറാന്‍ പിഎസ്സിക്കു ബാധ്യതയുണ്ട്. എന്നാല്‍, ഉത്തരക്കടലാസ് നോക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശം സുപ്രീംകോടതി പിഎസ്സിക്കു നല്‍കിയിട്ടുണ്ട്. മൂല്യനിര്‍ണയം നടത്തിയ ആളുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് ആശാസ്യമല്ലെന്ന അഭിപ്രായമായിരുന്നു സുപ്രീംകോടതിക്ക്. ഉത്തരക്കടലാസും മാര്‍ക്കും ലഭിച്ചാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രകടനത്തിനനുസരിച്ചുള്ള വിലയിരുത്തല്‍ നടന്നോ എന്നു പരിശോധിക്കാനാവും. മത്സരാധിഷ്ഠിതമായ സമൂഹത്തില്‍ സാമാന്യനീതി ഉറപ്പാക്കാന്‍ ഇത്തരം നടപടികള്‍ സഹായകമാകുമെന്നും സുപ്രീകോടതി അഭിപ്രായപ്പെട്ടു.

ഉത്തരക്കടലാസും മാര്‍ക്ക്ലിസ്റുമൊക്കെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതോടെ മൂല്യനിര്‍ണയത്തിലും കുറെക്കൂടി ജാഗ്രതയുണ്ടാകും. അതേസമയം പരിശോധകരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രത്യേക നേട്ടമൊന്നുമുണ്ടാവില്ല. എന്നുമാത്രമല്ല ഇത്തരം വെളിപ്പെടുത്തലുകള്‍ ആശയക്കുഴപ്പത്തിനും അനാവശ്യ സംഘര്‍ഷത്തിനും ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. തൊഴിലവസരം നഷ്ടമായതിന്റെ പേരില്‍ ഉത്തരക്കടലാസ് നോക്കുന്നവരെ തെരഞ്ഞുപിടിച്ചു കൈകാര്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ ജോലിഭാരം വര്‍ധിക്കുമെന്നും ചെലവു കൂടുമെന്നുമുള്ള പിഎസ്സിയുടെ വാദം കോടതി പരിഗണിച്ചില്ല. പരീക്ഷയും അഭിമുഖവുമടക്കമുള്ള നടപടികള്‍ രഹസ്യസ്വഭാവത്തിലുള്ളതാണെന്ന പിഎസ്സിയുടെ നിലപാട് ഹൈക്കോടതിയും തള്ളിയിരുന്നു.

റാങ്ക് ലിസ്റുകളുടെ കാലാവധി തീര്‍ന്നാലും നിയമനങ്ങള്‍ നടക്കുന്നില്ലെന്ന പരാതി പിഎസ്സിയെക്കുറിച്ചുണ്ട്. ചില റാങ്ക് ലിസ്റുകളുടെ കാലാവധി പല തവണ നീട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും അതു കാലവിളംബം കൂടാതെ നികത്താനുമുള്ള സംവിധാനം ഉണ്ടാവണം. സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനത്തില്‍ കാലതാമസം വരുത്തുന്നതു ഭരണപരമായ കെടുകാര്യസ്ഥതയ്ക്കിടയാക്കും. ഒഴിവുകളുടെ ആവശ്യം ബന്ധപ്പെട്ട അധികാരിക്കു ബോധ്യമായിക്കഴിഞ്ഞാല്‍ പിന്നെ അതു വൈകിപ്പിക്കുന്നത് എന്തിനാണ്? ഒരു വശത്ത് ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോള്‍ മറുവശത്ത് അനധികൃത നിയമനങ്ങളും അംഗീകാരം നേടാത്ത നിയമനങ്ങളുമൊക്കെ കുന്നുകൂടുന്നു. ഇത്തരം അപാകതകള്‍ പരിഹരിക്കാനുള്ള നീക്കംകൂടി നടക്കേണ്ടതുണ്ട്.


പിഎസ്സി പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളുടെ എണ്ണം അഭൂതപൂര്‍വമായി ഉയരുന്നത് പതിവാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഒരു എല്‍ഡിസി തസ്തികയിലേക്ക് ഓണ്‍ലൈന്‍വഴി പന്തീരായിരം പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. പക്ഷേ, അതില്‍ പകുതിപ്പേരും പരീക്ഷയെഴുതാന്‍ എത്തിയില്ല. ഇത്തരം സംഭവങ്ങള്‍ പിഎസ്സിയില്‍ ആവര്‍ത്തിക്കുന്നുണ്ട്. ചോദ്യപേപ്പര്‍, ഉത്തരക്കടലാസ്, പരീക്ഷാകേന്ദ്രങ്ങളിലെ സംവിധാനങ്ങള്‍ എന്നിവയ്ക്കായി വലിയ തുക സര്‍ക്കാരിനു നഷ്ടം വരുത്തുന്ന ഇടപാടാണിത്. പിഎസ്സിക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കാനാണ് ഒരു നിര്‍ദേശം. നിയമനം കിട്ടി ജോലിക്കു ചേരുന്നവര്‍ നിയമന പരിശോധനയ്ക്കുവരുമ്പോള്‍ ആയിരം രൂപ ഫീസ് അടയ്ക്കണമെന്നൊരു നിര്‍ദേശവും പിഎസ്സി മുന്നോട്ടുവച്ചിട്ടുണ്ട്.

പിഎസ്സി വഴി പ്രതിവര്‍ഷം ശരാശരി 35,000 പേര്‍ ജോലിയില്‍ കയറുന്നുണ്െടന്നാണു കണക്ക്. ഇത്രയും ബൃഹത്തായൊരു തൊഴില്‍ മേഖലയുടെ സുതാര്യമായ നടത്തിപ്പു സങ്കീര്‍ണമാണെങ്കിലും അതു സാധ്യമായേ തീരൂ. ധനവകുപ്പും പിഎസ്സിയുമായുള്ള തര്‍ക്കങ്ങള്‍ അടുത്തകാലത്ത് ചില അസുഖകരമായ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ധനകാര്യപരിശോധനാവിഭാഗം പിഎസ്സി ആസ്ഥാനത്തെത്തി പരിശോധനയ്ക്കു മുതിര്‍ന്നെങ്കിലും സെക്രട്ടറി അവരെ തിരിച്ചയച്ചു. ധനവകുപ്പ് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാനും അംഗങ്ങളും മുഖ്യമന്ത്രിയെ കാണേണ്ട സാഹചര്യവുമുണ്ടായി.

പിഎസ്സിയുടെ സാമ്പത്തിക ആസൂത്രണത്തില്‍ പാളിച്ചയുണ്ടായതായി കമ്മീഷന്‍ യോഗത്തില്‍ത്തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഫണ്ട് തീര്‍ന്നതിനെത്തുടര്‍ന്നു പരീക്ഷ മുടങ്ങുന്ന സാഹചര്യംപോലും സംജാതമായിട്ടുണ്ട്. ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളിലൂടെയും മറ്റും ഉദ്യോഗാര്‍ഥികളുടെ തെരഞ്ഞെടുപ്പില്‍ ആധുനിക മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ പിഎസ്സി ശ്രമിച്ചുവരികയാണ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ടു രാജ്യത്തെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായ പിഎസ്സി മുന്നോട്ടുപോകുമ്പോള്‍ വിവരാവകാശനിയമത്തിന്റെ സുതാര്യത ഈ ഭരണഘടനാസ്ഥാപനത്തെ കൂടുതല്‍ വിശ്വാസ്യതയുള്ളതാക്കിത്തീര്‍ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.