പ്ളാസ്റിക് സംസ്കരിച്ചു വാഹനഇന്ധനമാക്കി മാറ്റുന്ന വിദ്യയ്ക്ക് അംഗീകാരം
പ്ളാസ്റിക് സംസ്കരിച്ചു വാഹനഇന്ധനമാക്കി മാറ്റുന്ന വിദ്യയ്ക്ക് അംഗീകാരം
Saturday, February 6, 2016 12:43 AM IST
കാഞ്ഞിരപ്പള്ളി: ഐഐടി മദ്രാസില്‍ നടന്ന റിസര്‍ച്ച് എക്സ്പോ ശാസ്ത്ര-2016 ല്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ഒന്നാം സ്ഥാനം നേടി. ഇന്ത്യയിലെ ഐഐടി, എന്‍ഐടി, ഡീംഡ് യൂണിവേഴ്സിറ്റികള്‍ എന്നിവയിലെ വിദ്യാര്‍ഥികളെ പിന്തളളി മൂന്നാം വര്‍ഷ ബിടെക് കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ഡാന്‍ ജോസ്, അലന്‍ ജോസ് സാബു, ചന്ദുദാസ് കെ. എന്നിവരടങ്ങിയ ടീം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നാനോ ടെക്നോളജി വിഭാഗം പ്രഫസര്‍ ഡോ. സോണി സി. ജോര്‍ജാണ് ഈ സാങ്കേതിക വിദ്യയുടെ മുഖ്യ ഉപദേശകന്‍. മൈക്രോ ഇന്നവേഷന്‍ വിഭാഗത്തിലെ മികച്ച പ്രൊജക്ടിനുളള അവാര്‍ഡ് നേടിയാണ് ഇവര്‍ ഫൈനല്‍ റൌണ്ടില്‍ പ്രവേശിച്ചത്. പ്ളാസ്റിക് മാലിന്യം രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഈ വേളയിലാണ് അമല്‍ജ്യോതി വിദ്യാര്‍ഥികള്‍ ആശാവഹമായ ഇത്തരമൊരു സാങ്കേതികവിദ്യയുമായി മുന്നോട്ടു വന്നിരിക്കുന്നത്. രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ഒരു മിതമായ താപം കൊടുത്ത് പ്ളാസ്റിക്കിനെ ചെറിയ ഹൈഡ്രോ കാര്‍ബണുകളായി വിഘടിപ്പിക്കുന്ന പ്രക്രിയയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. തെര്‍മോകോള്‍, കാരിബാഗ്, പോളിത്തീന്‍ കവറുകള്‍, പ്ളാസ്റിക്ക് കുപ്പികള്‍ തുടങ്ങി സാധാരണ ഉപയോഗിക്കുന്ന എല്ലാത്തരം പ്ളാസ്റിക്ക് ഉത്പ്പന്നങ്ങളും ഈ പരീക്ഷണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഈ പ്രൊജക്ട് വികസിപ്പിച്ചെടുക്കുന്നതിനുളള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.


പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജില്‍ നടന്ന സൃഷ്ടി 2015ലും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ ഒന്നാം സ്ഥാനം നേടിയത് ഈ പ്രൊജക്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.