കൊല്ലത്തുനിന്നു നാടുവിട്ട കുട്ടികള്‍ കോട്ടയത്തു കിടന്ന ഓട്ടോയില്‍ കൊച്ചിയിലെത്തി
Saturday, February 6, 2016 12:46 AM IST
കോട്ടയം: കൊല്ലത്തുനിന്നു ചൊവ്വാഴ്ച നാടുവിട്ട വിദ്യാര്‍ഥികള്‍ കോട്ടയത്തെത്തി വഴിയില്‍ കിടന്ന ഓട്ടോറിക്ഷയില്‍ നാടുവിട്ടു. എറണാകുളം വരെ ഓടിച്ചു മടങ്ങിവരുമ്പോള്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കുട്ടികളെ കാണാനില്ലെന്നും മോഷണസംഘത്തെ പിടികൂടിയെന്നും മറ്റും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ചുരുളഴിഞ്ഞപ്പോള്‍ പോലീസിനും ചിരിപൊട്ടി.

നാഗമ്പടം മേല്‍പാലത്തിനു സമീപം സ്വകാര്യ ഗൃഹോപകരണ സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍നിന്നാണ് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ കാണാതായത്. കാണാതായ ഈ ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടുവരുമ്പോഴാണു വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ ഏറ്റുമാനൂരില്‍ പിടിയിലായത്. ഓട്ടോമോഷണമാണെന്നാണ് ആദ്യം കരുതിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴല്ലേ മോഷണമല്ല നാടുവിട്ടുള്ള യാത്രയ്ക്കിടയില്‍ സംഭവിച്ചുപോയതാണെന്നു പോലീസിനു മനസിലായത്.

സംഭവം ഇങ്ങനെ: ബുധനാഴ്ച ഉച്ചകഴിഞ്ഞു പതിന്നാലും പതിനഞ്ചും വയസുള്ള മൂന്നു വിദ്യാര്‍ഥികളെ കൊല്ലത്തുനിന്നു കാണാതായി. സിഗരറ്റ് വലിക്കുന്നതു ബന്ധുക്കള്‍ കണ്ടതു വീട്ടില്‍ അറിയുമോ എന്നു ഭയന്നാണ് ഇവര്‍ നാടുവിട്ടത്. കൊല്ലത്തുനിന്നു ട്രെയിനില്‍ കോട്ടയത്തു വന്നിറങ്ങിയ വിദ്യാര്‍ഥികള്‍ നാഗമ്പടത്തെത്തി. ഗൃഹോപകരണ ശാലയുടെ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ കിടന്ന ഓട്ടോയില്‍ കയറിക്കിടന്നു. ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് ഓട്ടോയുടെ താക്കാല്‍ അതില്‍ത്തന്നെ കിടക്കുന്നതു കണ്ടത്. കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടോ ഓടിക്കാനറിയാമായിരുന്നു. അങ്ങനെ ആ ഓട്ടോയുമായി എറണാകുളത്തേക്കു വച്ചുപിടിച്ചു. അപ്പോഴാണു വാഹന മോഷണത്തിനു പിടിക്കപ്പെടുമോ എന്ന ആശങ്ക മൂവര്‍ക്കും കലശലായത്. അതോടെ ഓട്ടോ തിരികെ കോട്ടയത്ത് എത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഓട്ടോയുമായി തിരികെ വരുമ്പോഴാണ് ഏറ്റുമാനൂരില്‍ സംശയം തോന്നി നാട്ടുകാര്‍ പിടിച്ചത്. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഇവരെ പോലീസിനു കൈമാറി. പരിപ്പ് സ്വദേശി പാട്ടകണ്ടത്തില്‍ പി.പി. സിജുവിന്റേതായിരുന്നു ഓട്ടോ. സിജു തനിക്കു പരാതിയില്ലെന്ന് അറിയിച്ചതോടെ പോലീസ് കേസ് ഒഴിവാക്കി. കുട്ടികളെ കൊല്ലം പോലീസിനു കൈമാറി. കുട്ടികളെ കാണാനില്ലെന്നു ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.