തൃക്കൊടിത്താനത്തു മുഖംമൂടിസംഘം ചീട്ടുകളി സംഘത്തിന്റെ ലക്ഷങ്ങള്‍ കവര്‍ന്നു
Saturday, February 6, 2016 12:52 AM IST
ചങ്ങനാശേരി: തൃക്കൊടിത്താനം കോട്ടമുറിയില്‍ മുഖംമൂടി സംഘം വടിവാള്‍ കാട്ടി ചീട്ടുകളി സംഘത്തിന്റെ പണവും സ്വര്‍ണാഭരണങ്ങളും അപഹരിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറിനാണു സംഭവം.

പ്ളാഞ്ചുവട്ടിലുള്ള വീട്ടിലെ മൂന്നു മുറികളില്‍ മൂന്നു സംഘങ്ങളായ ചീട്ടുകളിച്ചിരുന്നവരുടെ ലക്ഷക്കണക്കിനു രൂപയും സ്വര്‍ണവുമാണു നഷ്ടപ്പെട്ടത്. ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ മുഖംമൂടി സംഘം ചീട്ടുകളി നടന്ന വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകടന്നു കവര്‍ച്ച നടത്തിയതായാണു സൂചന.

ചീട്ടുകളി ആയിരുന്നതിനാല്‍ പണം നഷ്ടമായവര്‍ പോലീസില്‍ പരാതി നല്‍കാന്‍ താല്പര്യം കാണിച്ചിട്ടില്ല. എന്നാല്‍, തൃക്കൊടിത്താനം പോലീസും സ്പെഷല്‍ ബ്രാഞ്ചും സംഭവത്തെക്കുറിച്ചു രഹസ്യ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഷാഡോ പോലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


സംഭവത്തിനു പിന്നില്‍ ചീട്ടുകളി സംഘത്തില്‍പ്പെട്ട ചിലരുടെതന്നെ ഒത്തുകളിയുണ്െടന്നു പോലീസ് കരുതുന്നു. ഇവരുമായി ബന്ധമുള്ള ചിലര്‍ തന്നെയാണു മുഖംമൂടിയണിഞ്ഞെത്തി പണം കവര്‍ന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് വരുന്നുവെന്നു പറഞ്ഞാണ് അക്രമിസംഘം വീടിനകത്തേക്ക് ഇരച്ചു കയറിയതെന്നും പറയുന്നു. കോട്ടയം, ചിങ്ങവനം, നാട്ടകം, ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലുള്ള സംഘങ്ങളാണ് ചീട്ടുകളിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.