കഴിഞ്ഞ അഞ്ചുവര്‍ഷം അവസരങ്ങളുടെ സുവര്‍ണകാലമെന്നു ഗവര്‍ണര്‍ പി. സദാശിവം
കഴിഞ്ഞ അഞ്ചുവര്‍ഷം അവസരങ്ങളുടെ സുവര്‍ണകാലമെന്നു ഗവര്‍ണര്‍ പി. സദാശിവം
Saturday, February 6, 2016 12:31 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കു സുരക്ഷിത ഭക്ഷണവും സുരക്ഷിത ജലവും ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപനം.

പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ 50 മാതൃകാ ഗ്രാമ പഞ്ചായത്തുകളെ ദത്തെടുക്കും. ജനങ്ങള്‍ക്കിടയില്‍ സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് അവബോധം നല്‍കല്‍, ജൈവ കൃഷിയുടെ പ്രോത്സാഹനം, മായം ചേര്‍ക്കല്‍ കണ്െടത്തുന്നതിനുള്ള ത്വരിത പരിശോധനയ്ക്കായി ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയാകും പ്രധാനമായി നടപ്പാക്കുക.

ഈ വര്‍ഷം അവസാന ത്തോടെ കേരളത്തെ സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കി മാറ്റുമെന്നും നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കാന്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കും. സ്കൂളുകളില്‍ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പരിപാടി നടപ്പാക്കും.

അടിസ്ഥാനസൌകര്യ വികസന രംഗത്ത് യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാന നേട്ടമായ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാംഘട്ടം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കും. അടുത്ത വര്‍ഷം 4.12 ലക്ഷം പേര്‍ക്കും 2021 ല്‍ 5.19 ലക്ഷം പേര്‍ക്കും പ്രയോജനപ്രദമാകുന്നതാകും കൊച്ചി മെട്രോ പദ്ധതി.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വരുന്ന സെപ്റ്റംബറില്‍ വാണിജ്യപരമായി പ്രവര്‍ത്തന ക്ഷമമാകും. ഇതോടെ കേരളത്തില്‍ നാലു രാജ്യാന്തര വിമാനത്താവളങ്ങളുണ്ടാകും.

കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടം ഈ മാസം 20ന് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ ഐടി മേഖലയില്‍ 5,500 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 90,000 പേര്‍ക്കും നേരിട്ടു തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയും. സ്മാര്‍ട് സിറ്റിയും സൈബര്‍ പാര്‍ക്കും പൂര്‍ത്തിയാകുന്നതോടെ രണ്ടു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കാനാകും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിലയിരുത്താനാണു ഗവര്‍ണര്‍ വിനിയോഗിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തെ സംബന്ധിച്ച് അവസരങ്ങളുടെ സുവര്‍ണകാലഘട്ടമായിരുന്നുവെന്നു ആല്‍ബര്‍ട്ട് ഐന്‍സ്റീനെ ഉദ്ധരിച്ചു പറഞ്ഞ ഗവര്‍ണര്‍ രണ്ടര മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കി.

പ്രധാന പ്രഖ്യാപനങ്ങള്‍:

* എല്ലാവര്‍ക്കും സ്വന്തമായി വീടു പദ്ധതി സര്‍ക്കാരിന്റെ ലക്ഷ്യം. 75,000 വീടുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കും.

* മദ്യരഹിത കേരളം സര്‍ക്കാരിന്റെ ലക്ഷ്യം. പത്തു വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യ നിരോധനം സംസ്ഥാനത്തു നടപ്പാക്കും.

* മെഡിക്കല്‍ കോളജുകളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസസൌകര്യം ഉറപ്പാക്കാന്‍ സാന്ത്വനം റെന്റല്‍ ഹൌസിംഗ് സ്കീം.

* കുറഞ്ഞ നിരക്കിലുള്ള രോഗ നിര്‍ണയത്തിനായി 2020 ല്‍ സംസ്ഥാനത്തുടനീളം കാരുണ്യ ഡയഗ്നോസിസ് സര്‍വീസസ് എന്ന പേരില്‍ മള്‍ട്ടി സ്പെഷാലിറ്റി ഡയഗ്നോസിസ് ലബോട്ടറികള്‍ സ്ഥാപിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഈ പദ്ധതി നടപ്പാക്കും.

* തിരുവനന്തപുരത്ത് വൈറോളജി ആന്‍ഡ് റിസര്‍ച്ച് ലാബ് സ്ഥാപിക്കും.

* കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി സര്‍ജറി വകുപ്പിനെ റീജിയണല്‍ കാര്‍ഡിയോ തെറാസിക് ഇന്‍സ്റിറ്റ്യൂട്ടായി ഉയര്‍ത്തും.

* ട്രഷറികളെ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് സംവിധാനം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കും. ട്രഷറി ഇടപാട് കടലാസ് വിമുക്തമാക്കും.


* സംസ്ഥാനത്തു നഗരവന വത്കരണ പദ്ധതി നടപ്പാക്കും. ആദ്യഘട്ടമായി എറണാകുളം, കോഴിക്കോട് നഗരങ്ങളിലാകും നടപ്പാക്കുക.

* വനാതിര്‍ത്തികളിലടക്കം മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ എസ്എംഎസ് അടിസ്ഥാനമാക്കി ജാഗ്രതാ നിര്‍ദേശ സംവിധാനം തുടങ്ങും. വന കുറ്റകൃത്യം കുറയ്ക്കാന്‍ സീംലെസ് വയര്‍ലെസ് നെറ്റ്വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തും.

* ആദിവാസി മേഖലകളില്‍ വനം സര്‍വേ പൂര്‍ത്തിയാക്കും. 25,000 ആദിവാസികള്‍ക്കു പട്ടയം നല്‍കി. സംയോജിത സാമ്പത്തിക മാനേജ്മെന്റ് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കും.

* 2016-17ല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ളൈകോ ഔട്ട്ലെറ്റ് തുടങ്ങും.

* എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപവരെ സഹായം നല്‍കും.

* കൊച്ചി റീജണല്‍ കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. 18 വയസുവരെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് സുകൃതം പദ്ധതി വഴി സൌജന്യ ചികില്‍സ നല്‍കും.

എല്ലാ ജില്ലകളിലും കാന്‍സര്‍ ചികില്‍സാ സഹായം ഏര്‍പ്പെടുത്തും.

* റബറിനു കിലോയ്ക്ക് 150 രൂപ താങ്ങുവില ഏര്‍പ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകും. ഇതിനായി സര്‍ക്കാര്‍ 300 കോടി നീക്കിവയ്ക്കും. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വൈവിധ്യവത്കരണം നടത്തും.

* കൈത്തറിക്കായി കണ്ണൂരില്‍ പ്രദര്‍ശന പരിശീലനശാല തുടങ്ങും.

* ജൈവ പച്ചക്കറി കൃഷി പദ്ധതിക്കായി എല്ലാ താലൂക്കിലും ഒരു സുവര്‍ണം ഷോപ്പ് ആരംഭിക്കും.

താലൂക്കുകളില്‍ സഹകരണ മേഖലയുടെ സഹായത്തോടെ ഓര്‍ഗാനിക് ഫാമിംഗ് കൊണ്ടുവരും. പ്രാദേശിക പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കും.

* തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ അനന്തയുമായി മുന്നോട്ടുപോകും.

* ലോട്ടറി വില്‍പനക്കാരുടെ കമ്മീഷന്‍ 26 ശതമാനമായി ഉയര്‍ത്തും. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. 32 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

* കയര്‍ തൊഴിലാളികള്‍ക്ക് പ്രത്യേക കടാശ്വാസ പദ്ധതി ഈ വര്‍ഷം നടപ്പാക്കും. തെരഞ്ഞെടുക്കപ്പെട്ട ബ്ളോക്കുകളില്‍ ഹാന്‍ഡ്ലൂം കേന്ദ്രങ്ങള്‍ തുടങ്ങും. കൊച്ചിയിലെ പെട്രോക്കെമിക്കല്‍ കമ്പനി വ്യവസായ മുഖഛായ മാറ്റും.

* പാലക്കാടും തൊടുപുഴയിലും വ്യവസായ വികസന മേഖലകള്‍ സ്ഥാപിക്കും. കോഴിക്കോട് ഫുട്വെയര്‍ പാര്‍ക്ക് സ്ഥാപിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടി. ഒറ്റപ്പാലത്തു കേന്ദ്രസഹായത്തോ ടെ കിന്‍ഫ്ര പാര്‍ക്ക്.

* ആഗോള ആയുര്‍വേദ ചികിത്സാ ഗവേഷണകേന്ദ്രം തിരുവനന്തപുരത്തു സ്ഥാപിക്കും.


നയപ്രഖ്യാപന പ്രസംഗം: സമയത്തില്‍ റിക്കാര്‍ഡിട്ട് സദാശിവം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടിയ സമയം നയപ്രഖ്യാപന പ്രസംഗം നടത്തിയ ഗവര്‍ണര്‍ക്കുള്ള റിക്കാര്‍ഡ് ഇനി ജസ്റീസ് പി. സദാശിവത്തിനു സ്വന്തം.രണ്ടു മണിക്കൂര്‍ 33 മിനിറ്റ് പ്രസംഗം വായിച്ചാണു റിക്കാര്‍ഡ് പി. സദാശിവം സ്വന്തമാക്കിയത്.

ഇതുവരെ നയപ്രഖ്യാപനത്തിന് ഏറ്റവും കൂടുതല്‍ സമയമെടുത്തതിനുള്ള റിക്കാര്‍ഡ് സിക്കന്തര്‍ ഭക്തിന്റെ പേരിലായിരുന്നു. 2003 ല്‍ ഒരു മണിക്കൂര്‍ 32 മിനിറ്റ് പ്രസംഗിച്ചായിരുന്നു ഭക്തിന്റെ റിക്കാര്‍ഡ്. ഇതാണ് ഒരു മണിക്കൂര്‍ ഒരു മിനിറ്റ് അധിക സമയമെടുത്തു പി. സദാശിവം ഇന്നലെ മറികടന്നത്.

ആല്‍ബര്‍ട്ട് ഐന്‍സ്റൈന്റെ വാചകം ഉദ്ധരിച്ചു തുടങ്ങിയ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് കൂടിയായ പി. സദാശിവത്തിന്റെ പ്രസംഗം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ യുവരാഷ്ട്ര സങ്കല്‍പ കാഴ്ചപ്പാടോടെയാണ് അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.