കരുവാരക്കുണ്ടില്‍ നിശബ്ദതയും നിസംഗതയും മാത്രം
കരുവാരക്കുണ്ടില്‍ നിശബ്ദതയും നിസംഗതയും മാത്രം
Saturday, February 6, 2016 12:33 AM IST
മലബാറിലും കര്‍ഷകരോദനം-11 / രഞ്ജിത് ജോണ്‍

കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ നടുവൊടിഞ്ഞ കുടിയേറ്റഗ്രാമങ്ങളുടെ നേര്‍ചിത്രം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ കാണാം. കാട്ടാനശല്യവും പ്രകൃതിക്ഷോഭങ്ങളും വിളകളുടെ വിലയിടിവും കരുവാരക്കുണ്ടിനെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കാര്‍ഷികപ്രതിസന്ധിയില്‍ നടുക്കടലിലായ കരുവാരക്കുണ്ടിലെ കുടിയേറ്റ താഴ്വരകളിലെങ്ങും നിസംഗതയും നിശബ്ദതയും മാത്രം. കാര്‍ഷികവിളകളുടെ വിലയിടിവില്‍ ഞെരുങ്ങിയ ഗ്രാമം, റബര്‍ കൂടി ചതിച്ചതോടെ പൂര്‍ണമായി തകര്‍ന്നു.

റബറായിരുന്നു എല്ലാം. ആ പ്രതീക്ഷ കരിഞ്ഞുണങ്ങിയതോടെ നാടിന്റെ സാമ്പത്തികയടിത്തറയില്‍ വിള്ളല്‍ വീണു. കാട്ടാനശല്യവും റബര്‍ വിലയിടിവും മൂലം ചെറുകിട തോട്ടങ്ങള്‍ മുതല്‍ എസ്റേറ്റുകള്‍ വരെ ടാപ്പിംഗ് നിര്‍ത്തി. ടാപ്പിംഗ് തൊഴിലാളികള്‍ മറ്റുതൊഴിലുകളിലേക്കു തിരിഞ്ഞു. ഒരുവിധത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കിട്ടിയ വിലയ്ക്കു സ്ഥലം വിറ്റവരുമേറെ.

കാട്ടാനക്കൂട്ടത്തിന്റെ ഭീഷണിയില്‍നിന്നു കൃഷിയെ എങ്ങനെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നറിയാതെ നെഞ്ചിടിപ്പോടെ കഴിയുകയാണു കര്‍ഷകര്‍. രൂക്ഷമായ കാട്ടാനശല്യം കര്‍ഷകരുടെ കുടിയിറക്കുപരമ്പരക്കു തന്നെ കാരണമായി. കേരളത്തിലെ കുടിയേറ്റഗ്രാമങ്ങള്‍ക്കെല്ലാം കരിവീരന്‍മാരുടെ ക്രൂരമായ വികൃതികള്‍ പറയാനുണ്ടാകും. എന്നാല്‍, മൂന്നുവര്‍ഷത്തിലേറെയായി തങ്ങളുടെ ജീവിതം വഴിമുട്ടിച്ച കാട്ടാനകളുടെ അങ്കക്കലിയില്‍നിന്ന് ഈ കുടിയേറ്റ ഗ്രാമം ഒരിക്കലും മുക്തമായിട്ടില്ല. കാട്ടാനകളുടെ ആക്രമണം മൂലം ഏക്കറുകണക്കിനു നശിപ്പിച്ച റബര്‍ത്തൈ, വാഴത്തോട്ടങ്ങള്‍ അനാഥമായിക്കിടക്കുന്നു. അടച്ചാലും തീരാത്ത കടക്കാരായി അവശേഷിക്കുന്നു കര്‍ഷകരും.

കാട്ടാനക്കൂട്ടങ്ങള്‍ നാശം വിതച്ച വാര്‍ത്തകളുമായാണ് ഓരോ ദിവസവും നേരം പുലര്‍ന്നിരുന്നത്. മൂന്നുവര്‍ഷമായി കാട്ടാനകളുടെ താണ്ഡവമായിരുന്നു ഇവിടെ. ഇപ്പോഴും ഇടവേളകളിട്ട് കാട്ടാനകള്‍ നാടു വിറപ്പിക്കുന്നു. മുപ്പതോളം ആനകള്‍ കരുവാരക്കുണ്ടിന് ചുറ്റുമുള്ള വനത്തില്‍ വട്ടമിട്ടുനടക്കുന്നുണ്ട്.

പറയന്‍മേട് മലവാരവും കാട്ടാനകള്‍ക്കു സ്വന്തം

സൈലന്റ് വാലി ബഫര്‍സോണില്‍നിന്നു വേര്‍പെട്ടു ജനവാസകേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 54.49 ഹെക്ടര്‍ പ്രദേശമാണ് പറയന്‍മേട് മലവാരം. മുക്കാല്‍ കിലോമീറ്റര്‍ ദൂരത്താണ് സൈലന്റ് വാലി കരുതല്‍മേഖല. പറയന്‍മേട് ഗ്രാമത്തിലെ ആനയുടെ വിളയാട്ടത്തിനു സമാനതകളില്ല. നാലുവശങ്ങളിലും ജനവാസമുള്ള പറയന്‍മേടില്‍ ആനകള്‍ ഏറെനാള്‍ തമ്പടിച്ചതുമൂലം കര്‍ഷകര്‍ ഭവനരഹിതരും തൊഴില്‍രഹിതരുമായി. ഇരുള്‍ വീണാല്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ. അത്യാവശ്യകാര്യങ്ങള്‍ക്കു കൂട്ടമായി പോകേണ്ട അവസ്ഥ. ആനകളെ ഓടിക്കാന്‍ കൊച്ചുകുട്ടികള്‍ വരെ രാത്രിയില്‍ ഉറക്കമൊഴിച്ചു പടക്കമെറിയും. വീടിനു ചുറ്റും ടയറുകള്‍ കത്തിക്കും. പന്തം കൊളുത്തിയെറിയും. എന്നിട്ടും ആനകളില്‍നിന്നു രക്ഷയുണ്ടായില്ല. വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കര്‍ഷകര്‍ ഉയരമുള്ള മരങ്ങളില്‍ കെട്ടിത്തൂക്കി. പറയന്‍മേടിനെ മാത്രമല്ല സമീപപ്രദേശങ്ങളായ കുണ്േടാട, കല്‍ക്കുണ്ട്, അടക്കാക്കുണ്ട്, കരിങ്കത്തോണി, മുണ്ട, വട്ടമല, വീട്ടിക്കുന്ന്, ഇരിങ്ങാട്ടിരി, പുളിയക്കോട്, മൈലാടിപ്പാറ ഇവിടങ്ങളിലും ഓരോ ദിവസവും മാറി മാറി ഒറ്റക്കും കൂട്ടായും കാട്ടാനകള്‍ ഇറങ്ങുന്നു.


കൃഷിയിടങ്ങളില്‍ പൈനാപ്പിളും ചക്കയും സമൃദ്ധമായുള്ളതിനാലാണ് ആനകള്‍ വിട്ടുപോകാത്തതെന്നു വിദഗ്ധാഭിപ്രായം കേട്ടതോടെ ജനങ്ങള്‍ തന്നെ പ്ളാവും പൈനാപ്പിള്‍ കൃഷിയും വാഴയും വ്യാപകമായി നശിപ്പിച്ചു. എന്നിട്ടും ആനകള്‍ ഒഴിയാബാധയായതോടെ കുടിയിറക്കുവാര്‍ത്തകള്‍ കേട്ടുതുടങ്ങി. മുന്‍പെങ്ങുമില്ലാത്ത വന്യമൃഗശല്യം കുടിയേറ്റ ജനതയെ തങ്ങളുടെ വിയര്‍പ്പില്‍ പൊന്നുവിളയിച്ച മണ്ണു വിടാന്‍ നിര്‍ബന്ധിതരാക്കുകയാണ്. ആയുസിന്റെ നല്ലൊരു പങ്കും വിയര്‍പ്പൊഴുക്കിയ കൃഷിയിടവും വീടും കാട്ടാനക്കൂട്ടം നിലം പരിശാക്കിയപ്പോള്‍ പലരും വീടുപേക്ഷിച്ചു.

കുടിയേറ്റജീവിതത്തിന്റെ യാതനകള്‍ സഹിച്ചു പടുത്തുയര്‍ത്തിയ കര്‍ഷകജീവിതങ്ങള്‍ കസ്തൂരി രംഗന്‍, റബര്‍ വിലയിടിവ്, വന്യമൃഗശല്യം തുടങ്ങിയവയില്‍ തട്ടി വഴിമുട്ടിയിരിക്കുകയാണ്. കാട്ടാന തകര്‍ത്ത കൃഷിയിടം കാണുമ്പോള്‍ മലബാര്‍ പൊന്നു കായ്ക്കുന്ന മരമെന്നുകരുതി പുറപ്പെട്ടവരുടെ കുടിയേറ്റ ഓര്‍മകളില്‍ നിരാശ പടരുന്നു. ആനശല്യത്തിന്റെ പേരു പറഞ്ഞു ഭൂമികച്ചവടക്കാര്‍ ചുളുവില തേടി രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോള്‍ അവരെയും കാണാനില്ല.

കസ്തൂരിരംഗന്‍ പ്രശ്നം വന്നതോടെ റിയല്‍ എസ്റേറ്റുകാര്‍ ഇവിടേക്കു വരാറില്ല. അത്യാവശ്യത്തിനു ഭൂമി പണയം വയ്ക്കാനോ വില്‍ക്കാനോ കഴിയാത്ത അവസ്ഥ. ആദ്യവര്‍ഷങ്ങളിലെ കാര്‍ഷിക ആദായം കണ്ട് വായ്പയെടുത്ത തുകയും തിരിച്ചടയ്ക്കാനാവാത്ത നിലയിലാണ്. ബാങ്ക് അധികൃതര്‍ ജപ്തി ഭീഷണിയുമായി മല കയറിയിറങ്ങുന്നുണ്ട്. ക്വിന്റല്‍ കണക്കിനു അടയ്ക്കയും കുരുമുളകും കിട്ടിക്കൊണ്ടിരുന്ന പലരും നിത്യവൃത്തിക്കായി കൂലിപ്പണിക്കു പോവുകയാണ്.

കാര്‍ഷികസമൃദ്ധമായിരുന്നു കരുവാരക്കുണ്ട് ഗ്രാമം. അടയ്ക്കയും കുരുമുളകും തലച്ചുമടായി വിപണയിലേക്ക് കൊണ്ടുപോകുന്ന കാഴ്ച കര്‍ഷകനെ പുളകമണിയിച്ചിരുന്നു. പുത്തനുടുപ്പുകളും വാങ്ങി തിരിച്ചു മല കയറുമ്പോള്‍ അയല്‍ക്കാരും വിളവെടുപ്പ് ആഹ്ളാ ദം പങ്കുവച്ച കാലമായിരുന്നു അത്. കാപ്പി, അടയ്ക്ക, കൊക്കോ, കുരുമുളക് വാഴ തുടങ്ങിയ കാര്‍ഷികവിളകളാല്‍ മലയോരം പൂത്തുനിന്നിരുന്നു റോഡും വെളിച്ചവും അടക്കമുള്ള അസൌകര്യങ്ങളുടെ നടുവില്‍ കാര്‍ഷികസമൃദ്ധിയില്‍ അവരെല്ലാം മറന്നിരുന്നു. ഇന്ന് അതെല്ലാം നഷ്ടസ്മൃതികള്‍ മാത്രമായി. കൃഷിയിടങ്ങള്‍ പലതും ഇന്നൊരു തരിശ് ഭൂമിയായിരിക്കുന്നു. കാര്‍ഷികവൃത്തി തടസപ്പെട്ടതോടെ പല കര്‍ഷകകുടുംബങ്ങളും തൊഴിലുറപ്പ് പദ്ധതിയില്‍ ആശ്രയം കണ്െടത്തുകയാണ്. തൊഴിലാളികളെയും കിട്ടാനില്ല. ഉത്പാദനച്ചെലവിനനുസരിച്ച് ലാഭമില്ലാത്തതും ഉയര്‍ന്ന കൂലിയും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

മഞ്ഞളിപ്പ് രോഗം മൂലം കമുക് കര്‍ഷകരും കൂമ്പ് ചീയല്‍ രോഗം മൂലം തെങ്ങുകൃഷിക്കാരും വലഞ്ഞു. ഏക്കര്‍കണക്കിന് സ്ഥലമുണ്ടായിരുന്നവര്‍ പോലും ഇന്ന് ബിപിഎല്‍ കാര്‍ഡിനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. ഓരോ പ്രാവശ്യവും കാര്‍ഷികവിളകള്‍ നശിപ്പിക്കുമ്പോഴും പിന്നെയും നട്ടുപിടിപ്പിക്കുന്നു. അങ്ങനെ അഞ്ചു വര്‍ഷം തുടര്‍ച്ചയായി തൈകള്‍ നട്ട കര്‍ഷകര്‍ നിരവധി. അവയും വന്യമൃഗങ്ങള്‍ നിര്‍ദാക്ഷിണ്യം തകര്‍ത്തെറിഞ്ഞപ്പോള്‍ കര്‍ഷകര്‍ നിസംഗതയിലായി.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.