കുട്ടനാട് പാക്കേജിന്റെ തുടര്‍ച്ചയില്‍ വ്യക്തതയുണ്ടാക്കുമെന്നു മുഖ്യമന്ത്രി
കുട്ടനാട് പാക്കേജിന്റെ തുടര്‍ച്ചയില്‍ വ്യക്തതയുണ്ടാക്കുമെന്നു മുഖ്യമന്ത്രി
Sunday, February 7, 2016 9:50 PM IST
രാമങ്കരി: കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചു കുട്ടനാട് പാക്കേജിന്റെ തുടര്‍ച്ചയ്ക്കും ഭാവിക്കും വ്യക്തതയുണ്ടാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സമുദ്രനിരപ്പിനു താഴെ കൃഷിചെയ്യുന്ന കുട്ടനാട്ടില്‍ ആരംഭിക്കുന്ന അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ-പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കേജിനെ വലിയ പ്രതീക്ഷയോടു കൂടിയാണ് എല്ലാവരും കണ്ടത്. എന്നാല്‍ പ്രതീക്ഷിച്ചിടത്ത് എത്തുന്നതിനു ഇനിയും വളരെദൂരം പോകേണ്ടതുണ്ട്. ഇതിനായി സ്വാമിനാഥന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ ഗൌരവമായി എടുക്കും.

പരിസ്ഥിതി സംരക്ഷണം ആവശ്യമാണ്. അതോടൊപ്പം കാര്‍ഷിക പുരോഗതിയും കര്‍ഷകരുടെ സുരക്ഷയും പ്രധാനമാണ്. പാക്കേജിന്റെ കാര്യത്തില്‍ വ്യക്തത കൈവരുത്തും. കുട്ടനാടിനെ ദേശീയപ്രാധാന്യമുളള പ്രദേശമായി പ്രഖ്യാപിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടു ആവശ്യപ്പെടും. കാലാവസ്ഥാ വ്യതിയാനം ലോകം ഗൌരവത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്.

അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാട്ടിയെ മതിയാകൂ. അക്കാരത്തില്‍ പുതിയ പരിശീലന ഗവേഷണ കേന്ദ്രം ഏറെ പ്രയോജനകരമാകും.

ആര്‍- ബ്ളോക്കിന്റെ സംരക്ഷണം, ഇവിടത്തെ കൃഷി സ്തംഭനാവസ്ഥയ്ക്ക് മാറ്റം വരുത്തുക, പമ്പിംഗ് സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. പ്രഫ. എം. എസ്. സ്വാമിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട് കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഗവേഷണ കേന്ദ്രത്തെ കാണുന്നതെന്നു കുട്ടനാട് കാര്‍ഷിക പൈതൃകകേന്ദ്രം ഡോക്യുമെന്റേഷന്‍ പ്രവര്‍ത്ത നഉദ്ഘാടനവും വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറ ഞ്ഞു.


കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭൂമിയുടെ താപനില കൂടുന്നതിനനുസരിച്ച് മുന്‍കരുതല്‍ എടുക്കണം. മത്സ്യങ്ങള്‍ പോലും പലായനം ചെയ്യുന്ന സാഹചര്യമുണ്െടന്ന് അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷര്‍ ഫ്രണ്ട് മൊബൈലിന്റെ വിതരണം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു.

കളക്ടര്‍ എന്‍. പത്മകുമാര്‍, ഡോ. കെ.ജി. പത്മകുമാര്‍, ഡോ. വി. സെല്‍വം, ഡോ. നാന്‍സി ജെ. അനബെല്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പോളി തോമസ്, ഇ.വി. കോമളവല്ലി, പ്രജിത്ത് കാരിക്കല്‍, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ആര്‍. കണ്ണന്‍, ബിനു ഐസക് രാജു, ഗവേഷണകേന്ദ്രം അംഗങ്ങളായ ഡോ. ആര്‍. ഹേലി, ഡോ. ലീനാകുമാരി, ജോസഫ് കോര, ഫാ. തോമസ് പീലിയാനിക്കല്‍, എ.എ. ഷുക്കൂര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാന സര്‍ക്കാര്‍ 2012-13 ബജറ്റില്‍ പ്രഖ്യാപിച്ചതാണ് കായല്‍ നില ഗവേഷണകേന്ദ്രം. കൃഷി വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായിട്ടാണ് ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയാണ് ഗവേഷണകേന്ദ്രത്തിന്റെ ഗവേണിംഗ് ബോഡി ചെയര്‍മാന്‍. ഡോ. എം.എസ്. സ്വാമിനാഥന്‍ വൈസ്ചെയര്‍മാന്‍ ആയിരിക്കും.

സമുദ്രനിരപ്പിനുതാഴെ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണവും പരിശീലനവുമാണ് കേന്ദ്രത്തില്‍ നടക്കുക. മുഖ്യമന്ത്രി എത്തുന്നതിനു മുമ്പേ പ്രതിഷേധവും കരിങ്കൊടിയുമായി ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ എത്തിയിരുന്നു. വന്‍ പോലീസ് സന്നാഹവും മേഖലയില്‍ ഒരുക്കിയിരുന്നതിനാല്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.