ഭരണത്തുടര്‍ച്ചയുണ്ടാകും: ആന്റണി
ഭരണത്തുടര്‍ച്ചയുണ്ടാകും: ആന്റണി
Sunday, February 7, 2016 12:43 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സംസ്ഥാനത്തു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും വിവാദ പ്രശ്നങ്ങളെല്ലാം നിയമസഭയില്‍ ചര്‍ച്ചചെയ്യാനുള്ള അവസരം സൃഷ്ടിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ജനങ്ങള്‍ക്കു വ്യക്തത കിട്ടുന്ന തരത്തില്‍ നിയമസഭയില്‍ വിവാദ വിഷയങ്ങള്‍ അടക്കം എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം പ്രതിപക്ഷം ഒരുക്കണം. സഭാനടപടികളോടു പ്രതിപക്ഷം പുറംതിരിഞ്ഞുനില്‍ക്കരുത്. പുറത്തു പറയുന്ന കാര്യങ്ങള്‍ പ്രതിപക്ഷം അസംബ്ളിയിലും പറയണം.

സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യട്ടെ. എന്നിട്ട് അവര്‍ വിധിയെഴുത്ത് നടത്തട്ടെ. ജനം എല്‍ഡിഎഫിന് അനുകൂലമായാണ് തീരുമാനിക്കുന്നതെങ്കില്‍ അവര്‍ക്കു ഭരിക്കുവാന്‍ അവസരമുണ്ടാകും. എന്നാല്‍ താന്‍ യുഡിഎഫിനു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്നതായും ആന്റണി പറഞ്ഞു.

സോളാര്‍ തട്ടിപ്പും സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍, താന്‍ ഒരു പേരും പറയുന്നില്ലെന്നും എല്ലാ വിവാദ പ്രശ്നങ്ങളും സംബന്ധിച്ച ചര്‍ച്ച നടക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും ആന്റണി വ്യക്തമാക്കി.

ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ട് കേരളത്തിലെ സംഭവ വികാസങ്ങളുടെ വിശദാംശങ്ങള്‍ അറിയില്ലെന്നു പറഞ്ഞുകൊണ്ടാണ് സോളാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആന്റണി പ്രതികരിച്ചത്.

മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സ്വൈരമായി ഇറങ്ങിനടക്കാനുള്ള അവസരമുണ്ടാകണം. ഒരു ഡസനോളം കേസുകളില്‍ പ്രതിയായ വ്യക്തി പറയുന്നതു കേട്ടു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിലപാടെടുക്കാന്‍ താനില്ല. അതു വിശ്വസിക്കാന്‍ തനിക്കു പ്രയാസമാണ്. 10 കോടി രൂപയും വീടും സിപിഎം വാഗ്ദാനം ചെയ്തുവെന്നു പറയുന്നതു കേള്‍ക്കുമ്പോഴും ആ പറയുന്നതില്‍ എന്തോ പന്തികേടുണ്െടന്നാണു തനിക്കു തോന്നുന്നത്.


സിപിഎമ്മിനെതിരേ പറയുന്നത് വിശ്വസിക്കരുതെന്നും ബാക്കിയൊക്കെ വിശ്വസിക്കണമെന്നും പറയുന്നത് എത്രമാത്രം യുക്തിസഹമാണ്? ഇത് ഇരട്ടത്താപ്പാണ്. സരിതയ്ക്കു പണം വാഗ്ദാനം ചെയ്തുവെന്ന കാര്യം ശരിയാണോയെന്നു സിപിഎമ്മും ഇടതുപക്ഷവും വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് പടിപ്പുറത്ത് എത്തിനില്‍ക്കെ ജനകീയ സര്‍ക്കാരിനെ പിരിച്ചുവിട്ടു പ്രസിഡന്റ് ഭരണം വേണമെന്നു പറയാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നതെന്താണ്? ഈ സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭയായി തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കാള്‍ കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് കീഴില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പു നടത്തണമെന്നതാണ് സ്വീകാര്യം എന്നു പറയുന്നതിനു പിന്നില്‍ എന്തോ ഉണ്ട്. അത്തരം എന്തെങ്കിലും കാര്യങ്ങള്‍ രൂപപ്പെട്ടിട്ടുണ്േടായെന്നും എ.കെ. ആന്റണി ആരാഞ്ഞു.

ബിജെപിക്ക് കേരളത്തില്‍ ഭരണത്തിന്റെ അടുത്തെങ്ങും എത്താന്‍ കഴിയുമെന്ന് ആ പാര്‍ട്ടി പോലും കരുതുന്നുണ്െടന്നു തോന്നുന്നില്ല.

തെരഞ്ഞെടുപ്പ് ജനകീയ കോടതിയുടെ വിചാരണയാണ്. അവരുടെ മുമ്പില്‍ ഒരു പ്രശ്നം മാത്രമല്ല ഉള്ളത്. അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുമൊക്കെ അവര്‍ വിലയിരുത്തട്ടെ. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴുള്ള കേരളമല്ലിന്ന്. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറി. കേരളത്തില്‍ ഇത്രമാത്രം ക്ഷേമപരിപാടിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റൊരു കാലഘട്ടത്തിലും ഉണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും വിലയിരുത്തിക്കൊണ്ട് ജനങ്ങള്‍ യുഡിഎഫിന് അധികാരത്തുടര്‍ച്ചയ്ക്ക് അവസരം നല്‍കുമെന്നാണു താന്‍ കരുതുന്നതെന്നും ആന്റണി പറഞ്ഞു.

അടുത്തിടെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.സി. ജോസിന്റെ ഇടപ്പള്ളിയിലെ വീട് എ.കെ. ആന്റണി ഇന്നലെ സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.