ചാനലുകളെ വിമര്‍ശിച്ച് ജസ്റീസ് കെ.ടി. ശങ്കരന്‍
Sunday, February 7, 2016 12:43 AM IST
മൂവാറ്റുപുഴ: ആശയക്കുഴപ്പം സൃഷ്ടിക്കുകയും രാഷ്ട്രീയ മുതലെടുപ്പിനു സഹായിക്കുകയും ചെയ്യുന്ന വിധത്തിലാണു ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകള്‍ നടക്കുന്നതെന്നു ഹൈക്കോടതി ജഡ്ജി ജസ്റീസ് കെ.ടി. ശങ്കരന്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ജുഡീഷറിയെയും ജനാധിപത്യ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്നു. ന്യായാധിപര്‍ക്കു തങ്ങളുടെ ഭാഗം ജനങ്ങളോടു പറയാന്‍ അവസരമില്ല. ഇതു പലപ്പോഴും മുതലെടുക്കുകയാണ്. വിധിന്യായങ്ങളെ വിമര്‍ശിക്കാം; എന്നാല്‍, അതു ജുഡീഷല്‍ സംവിധാനങ്ങളെ നശിപ്പിക്കുന്ന തരത്തിലാകരുത്. വ്യക്തിക്കല്ല ഇവിടെ പ്രാധാന്യം; സ്ഥാപനത്തിനാണ്.

ജുഡീഷല്‍ സംവിധാനം നിലനില്‍ക്കേണ്ടതു ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണ്. സമൂഹത്തിലുള്ള ഭൂരിഭാഗം പേരും നിയമ സാക്ഷരതയില്ലാത്തവരാണ്. ജനാധിപത്യത്തില്‍ എല്ലാ ഘടകങ്ങളും ഒരുപോലെ ശക്തമായി പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ ജനാധിപത്യത്തിന്റെ അന്തസ് ശരിയായി കാത്തുസൂക്ഷിക്കാനാകൂ. 1,600 ജീവനക്കാരുള്ള ഹൈക്കോടതിയില്‍ ഒരാള്‍ പോലും കൈക്കൂലിക്കാരില്ല. ഇത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമുണ്െടന്നു പലര്‍ക്കും അറിവില്ല. ഹര്‍ത്താല്‍ സമയങ്ങളിലും കോടതി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കോടതിയുടെ പോരായ്മകള്‍ അറിയിക്കാനാണു പലപ്പോഴും മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ജസ്റീസ് ശങ്കരന്‍ പറഞ്ഞു.


ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് എറണാകുളം, ഇടുക്കി ജില്ലകളില്‍നിന്നുള്ള 322 കേസുകളാണ് മാറ്റിയിരിക്കുന്നത്. പി. മാധവന്‍ വിജിലന്‍സ് കോടതി ജഡ്ജിയായി ഇന്നലെ ചുമതലയേറ്റു. ബാങ്കിനു തന്റെ വസ്തു നിയമവ്യവസ്ഥകള്‍ പാലിക്കാതെ പിടിച്ചെടുക്കാന്‍ 2008ല്‍ എറണാകുളം ജില്ലാ കളക്ടര്‍ സഹായം ചെയ്തുകൊടുത്തുവെന്ന് ആരോപിച്ച് അഡ്വ.വര്‍ഗീസ് മുണ്ടയ്ക്കല്‍ നല്‍കിയ പരാതി സംബന്ധിച്ചുള്ള കേസാണ് ഇന്നലെ ആദ്യപരിഗണനയ്ക്ക് എടുത്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.