സോളാര്‍ കമ്മീഷനെതിരേ ഹൈക്കോടതിയെ സമീപിച്ചതു മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിട്ടെന്നു സരിത
സോളാര്‍ കമ്മീഷനെതിരേ ഹൈക്കോടതിയെ സമീപിച്ചതു മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിട്ടെന്നു സരിത
Sunday, February 7, 2016 12:48 AM IST
സ്വന്തം ലേഖകന്‍


കൊച്ചി: തന്നെ ചോദ്യംചെയ്യുന്നതില്‍ ജസ്റീസ് ജി. ശിവരാജന്‍ കമ്മീഷന്റെ അധികാരപരിധിയെ ചോദ്യംചെയ്തു ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണെന്നു സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ആരോപിച്ചു.

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷന്‍ സിറ്റിംഗിനിടെയാണു സരിത ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചപ്രകാരം ബെന്നി ബഹനാന്‍ എംഎല്‍എയാണ് അഭിഭാഷകനെ നിയോഗിക്കാനും വിശദാംശങ്ങള്‍ നല്‍കാനും സഹായിച്ചത്. സോളാര്‍ ഇടപാട് സംബന്ധിച്ച സത്യങ്ങള്‍ വെളിപ്പെടുത്താന്‍ സിപിഎം പത്തു കോടി വാഗ്ദാനംചെയ്തു എന്ന കാര്യം പത്രസമ്മേളനം നടത്തി പറയാനും മുഖ്യമന്ത്രിയും തമ്പാനൂര്‍ രവിയും ആവശ്യപ്പെട്ടതായും സരിത പറഞ്ഞു.

സോളാര്‍ കേസില്‍ അറസ്റിലായ ശേഷം ജയിലില്‍നിന്നിറങ്ങിയ സമയത്തു സിപിഎമ്മുകാരനാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞിട്ടു വന്നതാണെന്നും പറഞ്ഞു പ്രശാന്ത് എന്നയാള്‍ തന്നെ സമീപിച്ചു. സോളാര്‍ കേസിലെ സത്യങ്ങള്‍ പുറത്തു പറയുന്നതിനു പത്തു കോടി രൂപ വാഗ്ദാനംചെയ്തു. അന്നത്തെ തന്റെ നിലപാടുകള്‍ക്കു വിരുദ്ധമായതിനാലും വന്നയാളുടെ വാക്കുകളില്‍ വിശ്വാസ്യത തോന്നാത്തതുകൊണ്ടും സത്യം പറയുന്നതിന് ആരുടെയും പിന്തുണ ആവശ്യമില്ലാത്തതിനാലും അതു നിരസിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെയും തമ്പാനൂര്‍ രവിയെയും അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യം പത്രസമ്മേളനം നടത്തി പറയാന്‍ ആവശ്യപ്പെട്ടത്.

തന്റെ ദൃശ്യങ്ങള്‍ വാട്സ്ആപ് വഴി പ്രചരിപ്പിച്ചതിനു പിന്നില്‍ ആലപ്പുഴയില്‍നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കു പങ്കുണ്ട്. അതിനാലാണു ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നത്.

മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ സംശയമുള്ളവരുടെ വിവരങ്ങള്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. മുമ്പ് ദൃശ്യമാധ്യമങ്ങളില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ടു താന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ കേസുമായി ബന്ധപ്പെട്ട ഉന്നതര്‍ക്കു പ്രശ്നമാകാത്ത തരത്തില്‍ ആയിരിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നു പറഞ്ഞിട്ടുള്ളതാണ്.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു വസ്തുതര്‍ക്കത്തില്‍ ഇടപെടാനാണ് ആന്റോ ആന്റണി എംപിയെ കാണുന്നത്. നേരിട്ടും ഫോണിലൂടെയും ആന്റോ ആന്റണിയുമായി സംസാരിച്ചു.

ഹൈബി ഈഡന്‍ എംഎല്‍എയുമായി സംസാരിച്ചിട്ടുള്ളതു സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുന്ന കാര്യങ്ങളായിരുന്നു. സോളാര്‍ കമ്പനിയുടെ ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിച്ചിരുന്നതു ബിജു രാധാകൃഷണനാണ്. മന്ത്രി എ.പി. അനില്‍കുമാറുമായി ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് സംസാരിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എയുടെ മണ്ഡലത്തില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി പഠനം നടത്തി റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒരു സഹായവും മോന്‍സ് ജോസഫ് നല്‍കിയിരുന്നില്ല.


സുരാനാ വെഞ്ചേഴ്സ് എന്ന സ്ഥാപനം അനെര്‍ട്ടുമായി 20 കോടിയോളം രൂപയുടെ ബിസിനസ് നടത്തിയിട്ടുള്ളതായി അറിയാം. ഈ ഇടപാടുകളില്‍ ഫ്രാഞ്ചൈസി കമ്മീഷന്‍ തങ്ങളുടെ കമ്പനിക്കു ലഭിച്ചിരുന്നു. തന്റെ ഡ്രൈവര്‍ സന്ദീപ് നല്‍കിയ മൊഴിയില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ് ഹൌസിന്റെ താഴെ വച്ചു ടെനി ജോപ്പനു കൈമാറി എന്നു പറയുന്ന കവറില്‍ ചില ഡോക്യുമെന്റുകള്‍ മാത്രമായിരുന്നുവെന്നും സരിത പറഞ്ഞു.

മെഗാ സോളാര്‍, വിന്‍ഡ് പവര്‍ പ്രോജക്ടുകളുമായി ബന്ധപ്പെട്ടു കമ്പനി സ്വീകരിച്ച തുകയുടെ ഒരു ഭാഗമാണു തോമസ് കുരുവിളയ്ക്കു രണ്ടു പ്രാവശ്യമായി നല്‍കിയ 1.90 കോടി രൂപ. ജിക്കുമോന്റെ നിര്‍ദേശപ്രകാരമാണു പണം കൈമാറല്‍ ഡല്‍ഹിയിലേക്കു മാറ്റിയത്. 1.10 കോടി രൂപ ഡല്‍ഹിയി വച്ചും 80 ലക്ഷം രൂപ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍വച്ചുമാണ് തോമസ് കുരുവിളയ്ക്കു നല്‍കിയത്. അന്നു വീട്ടില്‍തന്നെ കൂടാതെ തൃശൂര്‍ സ്വദേശിനിയായ സുഹൃത്തും ജോലിക്കാരിയുമുണ്ടായിരുന്നു.

ഡല്‍ഹിയിലേക്ക് ഇത്രയും പണം കൊണ്ടുപോകാനുള്ള പ്രയാസം മനസിലാക്കി ബിജു രാധാകൃഷണനാണു പണം ഡല്‍ഹിയില്‍ തയാറാക്കിയത്. അവിടെയെത്തുമ്പോള്‍ പണം കൈമാറിയത് ധീരജ് എന്നയാളാണ്. ഡല്‍ഹിയിലെത്തുമ്പോള്‍ ബിജു രാധാകൃഷ്ണന്‍ സ്ഥിരമായി താമസിക്കുന്ന ഹോട്ടലിന്റെ മാനേജരാണ് ഇയാളെന്നാണു തന്റെ അറിവ്. ഇയാള്‍ മലയാളിയല്ല. പോലീസ് അസോസിയേഷന്‍ കൊല്ലത്തു നടത്തിയ സംസ്ഥാന സമ്മേളനത്തിനായി 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും കമ്പനി പ്രതിസന്ധിയിലായതിനാല്‍ 20 ലക്ഷം മാത്രമേ നല്‍കിയുള്ളൂവെന്നും സരിത മൊഴി നല്‍കി.

ക്രോസ് വിസ്താരം രഹസ്യമാക്കി

കൊച്ചി: സരിതയെ ഇന്നലെ ബിജു രാധാകൃഷണന്‍ ക്രോസ് വിസ്താരം ചെയ്തു. അടച്ചിട്ട മുറിയില്‍ സോളാര്‍ കമ്മീഷന്‍ ജസ്റീസ് ജി. ശിവരാജന്‍, സരിതയുടെ അഭിഭാഷകന്‍, സോളാര്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രഹസ്യവിസ്താരം. മറ്റ് അഭിഭാഷകരെയോ മാധ്യമങ്ങളെയോ വിസ്താരം നടക്കുന്നിടത്ത് അനുവദിച്ചില്ല.

ക്രോസ് വിസ്താരത്തില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യം കമ്മീഷന്‍ തള്ളി. വിസ്താരത്തിനിടയില്‍ അവരുടെ കക്ഷികള്‍ക്കെതിരേ ആക്ഷേപം ഉന്നയിച്ചാല്‍ അവര്‍ക്കു പിന്നീടു ബിജുവിനെയും സരിതയെയും വിസ്തരിക്കാനുള്ള അവസരം നല്‍കാമെന്നു കമ്മീഷന്‍ പറഞ്ഞു.

പൊതുസമ്മേളനത്തില്‍ സോളാര്‍ കമ്മീഷനെതിരേ മന്ത്രി ഷിബു ബേബി ജോണ്‍ പ്രസംഗിച്ചുവെന്ന ആരോപണത്തില്‍ ഈ മാസം 15ന് അഭിഭാഷകന്‍ മുഖാന്തരം വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സോളാര്‍ കമ്മീഷന്‍ മുമ്പാകെ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാതിരിക്കാന്‍ സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവിയോട് 12ന് കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. സരിതയുടെ വിസ്താരം ചൊവാഴ്ച വീണ്ടും തുടരും. കണ്ണൂര്‍, കോഴിക്കോട് കോടതികളില്‍ ഹാജരാകാനുള്ളതുകൊണ്ട് സരിതയ്ക്കു തിങ്കളാഴ്ച ഹാജരാകാന്‍ പ്രയാസമുള്ളതിനാലാണ് വിസ്താരം ചൊവ്വാഴ്ചയിലേക്കു മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.