മഹത്വത്തിന്റെ വഴിയേ
മഹത്വത്തിന്റെ വഴിയേ
Sunday, February 7, 2016 1:38 AM IST
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ടു ക്രൈസ്തവലോകം നാളെ വലിയനോമ്പ് ആരംഭിക്കുന്നു. നോമ്പിന്റെ ചൈതന്യത്തിലേക്കു നയിക്കുന്ന ചിന്തകള്‍ നാളെ മുതല്‍ ദീപികയില്‍ പ്രസിദ്ധീകരിക്കുന്നു. തയാറാക്കുന്നത് പ്രശസ്ത ധ്യാനഗുരുവായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി.

എഴുത്തുവഴികളിലെ പരിചിതനാമവും വചനവേദികളിലെ സൌമ്യശബ്ദവും ദൃശ്യമാധ്യമങ്ങളിലെ സജീവ സാന്നിധ്യവുമാണു വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍. ഭരണങ്ങാനം പനച്ചിക്കല്‍ ദേവസ്യ-ഏലി ദമ്പതികളുടെ നാലാമത്തെ മകനായി 1948 സെപ്റ്റംബര്‍ ആറിനു ജനനം. 1974 ഡിസംബര്‍ 19നു പുരോഹിതനായി.

വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപര്‍, പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, നോവിസ് മാസ്റര്‍, വികാര്‍ പ്രൊവിന്‍ഷ്യല്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു.


തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍, ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം, നവമധ്യമങ്ങളില്‍ തരംഗമായ മേലേമാനത്തെ ഈശോയെ തുടങ്ങിയ 600ലധികം ഗാനങ്ങളുടെ രചയിതാവായ ഫാ. മൈക്കിള്‍ പനച്ചിക്കലിനു മികച്ച ഗാനരചയിതാവിനുള്ള കെസിബിസിയുടെ പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്. മാധ്യമരംഗത്തെ സംഭാവനകള്‍ക്കു ശാലോം മീഡിയ അവാര്‍ഡും നേടി.

വിശ്വാസസംരക്ഷണമെന്ന ലക്ഷ്യത്തോടെ ‘കന്‍മഴ പെയ്യും മുമ്പേ എന്ന സിനിമ നിര്‍മിച്ചു തിയറ്ററുകളിലെത്തിച്ചു. കേരളസഭയിലെ ആദ്യ സമ്പൂര്‍ണ ബൈബിള്‍ ഓഡിയോ ബുക്കിന് ശബ്ദം നല്‍കിയ ഇദ്ദേഹം പുതിയ നിയമത്തിന്റെ കാതലായ സന്ദേശങ്ങളിലൂന്നിയ ലോഗോസ് ധ്യാനത്തിന്റെ ഉപജ്ഞാതാവുമാണ്. ഇപ്പോള്‍ കലൂരിലെ വിന്‍സെന്‍ഷ്യന്‍ ആശ്രമശ്രേഷ്ഠനും ഡിപോള്‍ മീഡിയാ ഡയറക്ടറുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.