എല്ലാവരുടെയും വികസനം ഉറപ്പാക്കുക ഭരണഘടനാപരമായ കടമ: മാര്‍ ക്ളീമിസ് ബാവ
എല്ലാവരുടെയും വികസനം ഉറപ്പാക്കുക ഭരണഘടനാപരമായ കടമ: മാര്‍ ക്ളീമിസ് ബാവ
Sunday, February 7, 2016 1:40 AM IST
കൊച്ചി: എല്ലാ മനുഷ്യരുടെയും വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക എന്നതു ഭരണകൂടത്തിന്റെയും പൌരസമൂഹത്തിന്റെയും ഭരണഘടനാപരമായ കടമയാണെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തന്നെ തടസപ്പെടുത്തരുതെന്നു നിയമസഭയില്‍ ആവശ്യപ്പെട്ട കേരള ഗവര്‍ണര്‍ അതിനു നമുക്കു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാരിവട്ടം പിഒസിയില്‍ കേരള കാത്തലിക് ഫെഡറേഷന്റെ (കെസിഎഫ്) ഇരുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീതി നിഷേധിക്കപ്പെട്ട ദുര്‍ബലരായ ആളുകളെ കൂടി പരിഗണിക്കുന്ന വികസനമാണു വേണ്ടത്. അതു നടക്കുന്നില്ലെങ്കില്‍ അനേകര്‍ക്ക്, പ്രത്യേകിച്ചു ദരിദ്രര്‍ക്കും ബലഹീനര്‍ക്കും ഗുണമുണ്ടാകില്ല. കേരളത്തിലെ പഴയ വികസന മാതൃകയില്‍നിന്നു ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പുത്തന്‍ വികസനശൈലി രൂപപ്പെടുത്താന്‍ കഴിയുക ഇന്നിന്റെ ആവശ്യമാണ്.

വിവിധ ചിന്താഗതികളുള്ളവരെ ഒരുമിച്ച് ഒരു വേദിയില്‍ അണിനിരത്തി നിഷ്പക്ഷമായ ചര്‍ച്ചകളിലൂടെ സമവായത്തിനു വഴിയൊരുക്കുന്നതു സ്തുത്യര്‍ഹമാണ്. അതു വലിയ മാറ്റത്തിനു വഴിയൊരുക്കും. നമ്മുടേതെന്നു പറയുന്ന ഒരു സംസ്കാരം ഇല്ലാതാകുന്നതും കുറച്ചുപേരുടെ വികസനത്തിനു മാത്രം ശ്രദ്ധ ഊന്നുന്നതും അപകടകരമാണ്.


ദേശഭക്തിയും മാനവിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നവര്‍ക്കു മാത്രമേ നാടിന്റെ യഥാര്‍ഥ വികസനം ഉറപ്പാക്കാനാവൂ. കേരള കാത്തലിക് ഫെഡറേഷന്റെ ഇരൂപതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന വികസന സെമിനാര്‍ ഒരു പുത്തന്‍ പ്രവര്‍ത്തനത്തിനു വഴിത്തിരിവാകട്ടെ എന്നും കര്‍ദിനാള്‍ ആശംസിച്ചു. ഫെഡറേഷന്റെ മുന്‍ ഭാരവാഹികളെ കര്‍ദിനാള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ഫെഡറേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോസ് കോട്ടയില്‍, ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, മോന്‍സന്‍ മാത്യു, പ്രഫ.ജോസുകുട്ടി ഒഴുകയില്‍, അഡ്വ.ലാലു ജോണ്‍, ടോമിച്ചന്‍ കുരുതുകുളങ്ങര, വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.