സിഎംസി ശതോത്തര സുവര്‍ണ ജൂബിലിക്കു കൂനമ്മാവില്‍ സമാപനം
സിഎംസി ശതോത്തര സുവര്‍ണ ജൂബിലിക്കു കൂനമ്മാവില്‍ സമാപനം
Sunday, February 7, 2016 1:41 AM IST
കൊച്ചി: ക്രിസ്തുസാന്നിധ്യത്തിന്റെ സാക്ഷികളാകേണ്ടവരാണു സമര്‍പ്പിതരെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. കര്‍മലമാതാവിന്റെ സന്യാസിനീ സമൂഹത്തിന്റെ (സിഎംസി) ശതോത്തര സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ചു കൂനമ്മാവ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സമര്‍പ്പിത വര്‍ഷം കടന്നുപോകുന്നുവെങ്കിലും സമര്‍പ്പിതര്‍ ഏറ്റെടുക്കേണ്ട സവിശേഷ ഉത്തരവാദിത്വങ്ങള്‍ക്ക് അവസാനമില്ല. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖം ലോകത്തിനു പകര്‍ന്നു നല്‍കാന്‍ സമര്‍പ്പിതര്‍ക്കു കടമയുണ്ട്. പ്രഥമ ഏതദ്ദേശീയ സന്യാസിനീ സമൂഹം എന്ന നിലയില്‍ സിഎംസി സമര്‍പ്പിത സമൂഹം ഭാരതസഭയ്ക്ക്, പ്രത്യേകമായി സീറോ മലബാര്‍ സഭയ്ക്ക്, നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലപ്പെട്ടതാണ്. മറ്റു സമര്‍പ്പിത സമൂഹങ്ങള്‍ക്കും പ്രചോദനമാകാന്‍ സിഎംസി സഭയ്ക്കായിട്ടുണ്ട്. 150 വര്‍ഷത്തെ ശുശ്രൂഷാ നിറവില്‍നിന്നു കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു സുവിശേഷ ദൌത്യം ഏറ്റെടുക്കാന്‍ സഭയ്ക്കു സാധിക്കണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.


ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സിഎംഐ സഭ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി, ഫാ.അനസ്താസിയൂസ് റൊഗേറോ, കൂനമ്മാവ് സെന്റ് ആന്റണീസ് മൊണാസ്ട്രി പ്രിയോര്‍ ഫാ.സക്കറിയാസ് പായിക്കാട്ട്, കൊച്ചാല്‍ പള്ളി വികാരി ഫാ. വര്‍ഗീസ് മണവാളന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സിഎംസി സഭയിലെ വിവിധ പ്രോവിന്‍സുകളില്‍നിന്നുള്ള 150 സന്യാസിനികള്‍ നിത്യവ്രതവാഗ്ദാനം നടത്തി.

സിഎംസി മദര്‍ ജനറല്‍ സിസ്റര്‍ സിബി ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരെ സ്വാഗതംചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ആരംഭിക്കുന്ന അഡോക് പദ്ധതിയുടെ ഉദ്ഘാടനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ജൂബിലി സ്മരണിക സിഎംസി മുന്‍ മദര്‍ ജനറല്‍ സിസ്റര്‍ സാങ്റ്റ പ്രകാശനം ചെയ്തു. വിവിധ പ്രോവിന്‍സുകളില്‍നിന്നുള്ള സന്യാസിനികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.