റേഷന്‍കട കംപ്യൂട്ടര്‍വത്കരണം വൈകല്‍: കമ്മീഷന്‍ വിശദീകരണം തേടി
Sunday, February 7, 2016 1:37 AM IST
കൊച്ചി: റേഷന്‍കടകളിലെ കരിഞ്ചന്ത തടയാന്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സമഗ്ര കംപ്യൂട്ടര്‍വത്കരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് മാര്‍ച്ച് 20നകം വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു. കേസ് ഏപ്രില്‍ അഞ്ചിനു പരിഗണിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ടെന്‍ഡര്‍ വിളിച്ചു പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും 250 കോടിയുടെ പദ്ധതിക്കു ടെന്‍ഡര്‍ വിളിക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

. എന്നാല്‍, ഭക്ഷ്യവകുപ്പും കെല്‍ട്രോണും ചേര്‍ന്നു പദ്ധതി അട്ടിമറിച്ചതായാണു പരാതി. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതി ഇപ്പോഴും 22 റേഷന്‍ കടകളില്‍ പൈലറ്റ് പദ്ധതിയായി മാത്രം നടക്കുകയാണ്. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കികഴിഞ്ഞു. പദ്ധതി നടപ്പാക്കിയാല്‍ 14,000 റേഷന്‍ കടകള്‍ ഓണ്‍ലൈനാകും. ഇതുവഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനാവും. മൊത്ത വിതരണശാലകളില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ജിപിഎസ് സംവിധാനത്തിലാക്കും. പദ്ധതി പൊളിക്കാന്‍ ഒരു വിഭാഗം റേഷന്‍ കടയുടമകളും ശ്രമിക്കുന്നു എന്നും പരാതിയിലുണ്ട്. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യനാണു പരാതി സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.