മുഖപ്രസംഗം: മെഡിക്കല്‍ പ്രവേശനത്തില്‍ അവസരസമത്വം ഉറപ്പാക്കണം
Tuesday, February 9, 2016 11:47 PM IST
രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ ബിരുദ, ബിരുദാനന്തര പ്രവേശനത്തിനു ദേശീയതലത്തില്‍ പൊതുപരീക്ഷ നടത്താനുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ നിര്‍ദേശത്തിനു കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. ഇതര മന്ത്രാലയങ്ങളുടെ പരിഗണനയ്ക്ക് അയച്ചിരിക്കുന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇനിയും നിയമനടപടികള്‍ ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

പൊതുപ്രവേശനപരീക്ഷ നടത്താന്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)എടുത്ത തീരുമാനം 2013 ജൂലൈയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സംസ്ഥാനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശത്തിലുള്ള കടന്നുകയറ്റമായി ഇതിനെ കണ്ടുകൊണ്ടാണ് തീരുമാനം കോടതി റദ്ദാക്കിയത്. പൊതുപരീക്ഷയെന്ന ആശയത്തെ കോടതി പിന്തുണച്ചെങ്കിലും രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ അതിന്റെ പ്രായോഗികതയില്‍ ഭൂരിപക്ഷം ജഡ്ജിമാരും സംശയം പ്രകടിപ്പിക്കുകയായിരുന്നു.

എംസിഐയുടെ നിര്‍ദേശത്തിനു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം വ്യക്തമാകുന്നുണ്ട്. പൊതുപരീക്ഷയിലേക്കുള്ള വഴി തുറന്നുകൊണ്ടാണ് ഇപ്പോഴത്തെ തീരുമാനം. എംസിഐയുടെ അധികാരപരിധി പുനര്‍നിര്‍ണയിച്ചെങ്കില്‍ മാത്രമേ ഇപ്പോഴത്തെ തീരുമാനം നടപ്പാക്കാനാവൂ. ഇക്കാര്യത്തില്‍ പല കടമ്പകളും ഇനി കടക്കേണ്ടതുണ്ട്. തമിഴ്നാട് പൊതുപ്രവേശന പരീക്ഷയോടുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. ന്യൂനപക്ഷ മാനേജ്മെന്റുകളും ചില ഡീംഡ് യൂണിവേഴ്സിറ്റികളും പൊതുപരീക്ഷയോടു നേരത്തേതന്നെ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുള്ളതാണ്. മെഡിക്കല്‍ കൌണ്‍സില്‍ നിയമം ഭേദഗതി ചെയ്യാതെ എംസിഐ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ സാംഗത്യം സുപ്രീംകോടതി ചോദ്യംചെയ്തിട്ടുള്ളതുമാണ്.

ഏകീകൃത പൊതുപ്രവേശനപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ നിര്‍ദേശത്തിനെതിരേ നൂറിലധികം ഹര്‍ജികളാണു സുപ്രീംകോടതിയിലെത്തിയത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന സൌകര്യങ്ങളുടെയും ഗുണനിലവാരം നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയുമാണു മെഡിക്കല്‍ കൌണ്‍സിലിന്റെ ഉത്തരവാദിത്വമെന്നും പരീക്ഷാ നടത്തിപ്പ് കൌണ്‍സിലിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ തടസം ഒഴിവാക്കാനാണിപ്പോള്‍ നിയമഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചനടത്തി സമവായത്തിലെത്താനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ബന്ധപ്പെട്ട എല്ലാവരും പിടിവാശി ഉപേക്ഷിച്ച് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ശ്രമിക്കണം.

ദേശീയ തലത്തിലുള്ള പൊതുപ്രവേശന പരീക്ഷയെ ആശയപരമായി പിന്തുണയ്ക്കുന്നവര്‍പോലും അതിന്റെ പ്രായോഗികതയെക്കുറിച്ചു സംശയം ഉന്നയിക്കുന്നുണ്ട്. നഗരങ്ങളിലെ മികച്ച സ്കൂളുകളില്‍ പഠിച്ചവരെയും ഗ്രാമീണ വിദ്യാലയങ്ങളില്‍ പഠിച്ചവരെയും ഒരേ മാനദണ്ഡമുപയോഗിച്ച് അളക്കുന്നതു നീതിയുക്തമാണോ? രാജ്യത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒരു ഏകീകൃത സിലബസില്ല. ഓരോ സംസ്ഥാനത്തും വ്യത്യസ്ത പാഠ്യക്രമങ്ങളാണു പിന്തുടരുന്നത്. കേന്ദ്ര സിലബസുകളിലും അന്തരമുണ്ട്. കേന്ദ്രപാഠ്യക്രമങ്ങള്‍ ഒരു സംസ്ഥാനത്തും പൂര്‍ണമായി പിന്തുടരുന്നില്ല. വ്യത്യസ്ത പാഠ്യപദ്ധതികളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്കു പൊതുപ്രവേശന പരീക്ഷ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡത്തെ സംബന്ധിച്ചും അഭിപ്രായ വ്യത്യാസങ്ങളുണ്ട്.


കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന് ഇനിയും പല നടപടിക്രമങ്ങള്‍ കടക്കേണ്ടതുള്ളതിനാല്‍ ഇതേക്കുറിച്ചു ബന്ധപ്പെട്ടവര്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടിയിരിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതാണു ലക്ഷ്യമെങ്കില്‍ അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കണം. ദേശീയതലത്തില്‍ ഏകീകൃത പരീക്ഷ നടത്തിയതുകൊണ്ടുമാത്രം പ്രവേശനത്തിലെ എല്ലാ പോരായ്മകളും പരിഹരിക്കാനാവില്ല. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവരുടെയോ അഭിപ്രായങ്ങള്‍ തേടിയിട്ടില്ല.

കേന്ദ്രം സുപ്രധാനമായൊരു നയം സ്വീകരിക്കുമ്പോള്‍ ജനങ്ങളുടെ താത്പര്യം മനസിലാക്കേണ്ടതുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കപ്പെടരുത്. ന്യൂനപക്ഷ മാനേജ്മെന്റുകളുമായും ഇതേക്കുറിച്ചു ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാന സര്‍ക്കാരും സിബിഎസ്ഇയും നടത്തിയ എന്‍ട്രന്‍സ് പരീക്ഷകളെക്കുറിച്ചു വ്യാപകമായ പരാതികള്‍ ഉയര്‍ന്നപ്പോഴും വളരെ ഫലപ്രദവും സുതാര്യവുമായി പ്രവേശനപരീക്ഷ നടത്തിയ സ്വകാര്യ സ്ഥാപനങ്ങളുണ്െടന്ന കാര്യം വിസ്മരിക്കാനാവില്ല.

കേരളത്തില്‍ ഏതായാലും ഈ വര്‍ഷം പുതിയ സംവിധാനം നിലവില്‍ വരില്ല. സംസ്ഥാനത്തു മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷകളുടെ നടപടികള്‍ കുറെ വര്‍ഷങ്ങളായി വലിയ പരാതികള്‍ക്കിട നല്‍കാതെയാണു നടക്കുന്നത്. എങ്കില്‍പ്പോലും കൂടുതല്‍ കാര്യക്ഷമമായൊരു സംവിധാനം ഉണ്ടാകുന്നതു നല്ലതാണ്. ദേശീയതല പ്രവേശന പരീക്ഷകള്‍ മാതൃഭാഷകളില്‍ എഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല പ്രതികരണമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. വൈദ്യശാസ്ത്രംപോലൊരു വിഷയത്തിന്റെ പ്രാധാന്യംകൂടി കണക്കിലെടുത്തുവേണം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍. പ്രവേശന പരീക്ഷയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ പഠനത്തിന്റെ ഗുണമേന്മയെ ഒരു കാരണവശാലും ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.