പി. ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ചിത്രീകരിച്ച ബോര്‍ഡിനെ തള്ളി സിപിഎം
പി. ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ചിത്രീകരിച്ച ബോര്‍ഡിനെ തള്ളി സിപിഎം
Tuesday, February 9, 2016 12:24 AM IST
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഭാവി ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ചു കണ്ണൂര്‍ അമ്പാടിമുക്കില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് വിവാദമായതിനെ തുടര്‍ന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നീക്കംചെയ്തു. ബോര്‍ഡ് വച്ചതിനെ സിപിഎം ജില്ലാനേതൃത്വം പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണു ബോര്‍ഡ് നീക്കിയത്.

മനോജ്, ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായിരിക്കുകയും മനോജ് വധക്കേസില്‍ സിബിഐ അറസ്റിനൊരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി. ജയരാജനെ ആഭ്യന്തരമന്ത്രിയാക്കുമെന്ന സൂചന നല്‍കി ഞായറാഴ്ച രാവിലെ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ചാനലുകളിലും പത്രങ്ങളിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ വ്യാപകമായ വിമര്‍ശനവും ആക്ഷേപവും ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍പക്ഷം ഇത് പ്രചാരണായുധമാക്കുമെന്നും മുന്നണിക്ക് ദോഷം ചെയ്യുമെന്നുമുള്ള വിലയിരുത്തലില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഫ്ളക്സ് ബോര്‍ഡ് ഞായറാഴ്ച രാത്രിതന്നെ നീക്കുകയായിരുന്നു.

ബ്ളാക്ക് ക്യാറ്റ് കമാന്‍ഡോകളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന രീതിയിലാണു ജയരാജനെ ഫ്ളക്സില്‍ ചിത്രീകരിച്ചിരുന്നത്. ശക്തനായ രാജാവിനു ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തര മന്ത്രി എന്നിങ്ങനെ ബോര്‍ഡില്‍ എഴുതുകയും ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2010 ഓഗസ്റ് 15ന് തിരുവനന്തപുരത്ത് സ്വാതന്ത്യ്രദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതിന്റെ ചിത്രത്തില്‍ വിഎസിനെ വെട്ടിമാറ്റി തത്സ്ഥാനത്തു പി. ജയരാജനെ വച്ചാണു ഫ്ളക്സ് ബോര്‍ഡ് തയാറാക്കിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതും വിവാദത്തിന്റെ ആഴം കൂട്ടി.അമ്പാടിമുക്കില്‍ സ്ഥാപിച്ച ബോര്‍ഡ് ശത്രുവര്‍ഗ പ്രചാരണത്തിന് ഇടയാക്കിയെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

സിപിഎമ്മിനെതിരായ അടിച്ചമര്‍ത്തലുകള്‍ക്കും ഭരണകൂടഭീകരതയ്ക്കും നീതിനിഷേധത്തിനുമെതിരേ എല്ലാവരെയും അണിനിരത്തി ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരേണ്ട സാഹചര്യത്തില്‍ ശത്രുവര്‍ഗത്തിനു പാര്‍ട്ടിക്കെതിരായി പ്രചാരണം നടത്താന്‍ കഴിയുന്ന പരിപാടികളില്‍ ആരും ഏര്‍പ്പെടാന്‍ പാടില്ലെന്നു പത്രക്കുറിപ്പില്‍ പറയുന്നു.


സിപിഎം തീരുമാനിക്കാത്തതും രാഷ്ട്രീയ എതിരാളികള്‍ക്കു വിവാദം സൃഷ്ടിക്കാന്‍ ഇടയാക്കുന്നതുമായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുത്. പാര്‍ട്ടിയുടെ ബന്ധുമിത്രാദികളും ഇക്കാര്യത്തില്‍ നല്ല ജാഗ്രത പുലര്‍ത്തണം. നവമാധ്യമങ്ങള്‍ പാര്‍ട്ടിയുടെ ആശയപ്രചാരണത്തിനുവേണ്ടി ഉപയോഗിക്കാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും കഴിയണമെന്നും പത്രക്കുറിപ്പില്‍ നിര്‍ദേശിച്ചു. ഇന്നലെ രാവിലെ ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തരമായി ചേര്‍ന്നാണു ബോര്‍ഡിനെ തള്ളിപ്പറയാന്‍ തീരുമാനിച്ചത്.

നവകേരളമാര്‍ച്ച് കാസര്‍ഗോട്ടുനിന്നു യാത്ര പുറപ്പെടുന്ന വേളയില്‍ അമ്പാടിമുക്കില്‍ പിണറായി വിജയനെ യുദ്ധഭൂമിയിലെ അര്‍ജുനനായും ജയരാജനെ തേരുതെളിക്കുന്ന ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അമ്പാടിമുക്ക് സഖാക്കളെന്ന പേരിലായിരുന്നു അന്നും ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ബോര്‍ഡ് നീക്കം ചെയ്തിരുന്നില്ല. അടുത്തകാലത്ത് ഈ ബോര്‍ഡ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള എകെജി ആശുപത്രിക്കു മുന്നില്‍ ദേശീയപാതയില്‍ പ്രാധാന്യത്തോടെ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ജയരാജന്റെ ഫ്ളക്സ് ബോര്‍ഡിനെ പരസ്യമായി തള്ളിപ്പറഞ്ഞതിനെ പാര്‍ട്ടി അണികള്‍ ഏതുവിധത്തിലെടുക്കുമെന്നതിനെക്കുറിച്ചു നേതൃതലത്തില്‍ ആശങ്കയുണ്െടന്നാണ് അറിയുന്നത്. ബിജെപി വിട്ടു സിപിഎമ്മില്‍ ചേര്‍ന്നവരാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവര്‍ ബാധ്യതയാകുകയാണോ എന്ന ചിന്തയും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്.

മനോജ് വധക്കേസില്‍ സിബിഐ പ്രതിയാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. മുന്‍കൂര്‍ജാമ്യം തേടി മൂന്നുതവണ ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.