ഐഒസി സമരം: യൂണിയനുകളും കരാറുകാരും തമ്മില്‍ ഇന്നു വീണ്ടും ചര്‍ച്ച
ഐഒസി സമരം: യൂണിയനുകളും കരാറുകാരും തമ്മില്‍ ഇന്നു വീണ്ടും ചര്‍ച്ച
Tuesday, February 9, 2016 11:59 PM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ളാന്റില്‍ നടന്നുവരുന്ന മെല്ലെപ്പോക്കുസമരം അവസാനിപ്പിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ക്കും കരാറുകാര്‍ക്കും ഇന്ന് ഉച്ചയ്ക്ക് 12 വരെ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം സമയം നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അവശ്യ സര്‍വീസ് മെയിന്റനന്‍സ് നിയമ (എസ്മ) പ്രകാരം അറസ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നു കളക്ടര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം കളക്ടറുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ റാണി അപരാജിത, പോലീസ് അസിസ്റന്റ് കമ്മീഷണര്‍ രാജേഷ്, മാനേജ്മെന്റ് പ്രതിനിധികള്‍, കരാറുകാര്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്നു 12നു ശേഷം പ്ളാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ബദല്‍ സംവിധാനം പോലീസ് സംരക്ഷണത്തോടെ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

സമരം ഇന്നുച്ചയ്ക്ക് അവസാനിപ്പിക്കണമെന്നും അടുത്ത 15 ദിവസത്തിനകം സര്‍ക്കാര്‍ തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കാമെന്നും കളക്ടര്‍ പറഞ്ഞു. ഒമ്പതു മാസമായി, തങ്ങളുടെ വേതനം പുതുക്കുന്നതിന് കരാറുകാരന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു യൂണിയനുകള്‍ കളക്ടറെ അറിയിച്ചു. നിയമപ്രകാരം സമരത്തിനു നോട്ടീസ് നല്‍കിയിരുന്നെന്നും യൂണിയനുകള്‍ പറഞ്ഞു.


അടിസ്ഥാന ശമ്പളം 8,420 രൂപയും ഒരു സിലിണ്ടറിന് 50.4 പൈസ നിരക്കിലുമാണ് ഇപ്പോള്‍ ലോഡിംഗ് തൊഴിലാളിക്കു വേതനം ലഭിക്കുന്നത്. ഇത് 15,000 രൂപയായി ഉയര്‍ത്തണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കരാറുകാരന്‍ നിയാസ് യോഗത്തില്‍ അറിയിച്ചു. ഹൌസ് കീപ്പിംഗ് തൊഴിലാളിക്കു നിലവില്‍ 9,400 രൂപയാണ് അടിസ്ഥാന വേതനമായി ലഭിക്കുന്നത്. അലവന്‍സുകള്‍ ഉള്‍പ്പെടെ ലോഡിംഗ് തൊഴിലാളിക്ക് ആകെ 25,368 രൂപ കൊടുക്കുന്നുണ്െടന്ന് കരാറുകാരന്‍ പറഞ്ഞു. അതേസമയം ഒരു തൊഴിലാളിക്ക് ദിവസം 500 രൂപയുടെ പ്രതിഫലമെങ്കിലും ലഭിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് യൂണിയനുകള്‍ പറഞ്ഞു.

വേതനവിഷയം മാനേജ്മെന്റിന്റെയും ലേബര്‍ വകുപ്പിന്റെയും സാന്നിധ്യത്തില്‍ കരാറുകാരും യൂണിയനുകളും തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഒമ്പതു മാസത്തിനിടെ ഒരു തവണ പോലും തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മാനേജ്മെന്റോ കരാറുകാരോ തയാറായില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചു. പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിന് മാനേജ്മെന്റിനോടു സജീവമായി ഇടപെടാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.