എ.സി. ജോസിന്റെ വേര്‍പാട് രാഷ്ട്രീയ കേരളത്തിനു വലിയ നഷ്ടം: മുഖ്യമന്ത്രി
എ.സി. ജോസിന്റെ വേര്‍പാട് രാഷ്ട്രീയ കേരളത്തിനു വലിയ നഷ്ടം: മുഖ്യമന്ത്രി
Tuesday, February 9, 2016 12:24 AM IST
തിരുവനന്തപുരം: പൊതുജീവിതത്തില്‍ അര നൂറ്റാണ്ട് നിറഞ്ഞുനിന്ന എ.സി. ജോസിന്റെ വേര്‍പാട് രാഷ്ട്രീയ കേരളത്തിനുണ്ടായ വലിയ നഷ്ടമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും ഏറെ സജീവമായിരുന്നു. സ്പീക്കര്‍ പദവിയില്‍ വെല്ലുവിളികള്‍ നിറഞ്ഞ ചുരുങ്ങിയ കാലത്ത് അദ്ദേഹം കാട്ടിയ മിതത്വവും ജാഗ്രതയും മാതൃകാപരമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ അനുശോചന പ്രസംഗത്തില്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്കിടയിലും സ്പീക്കറില്‍ നിക്ഷിപ്തമായ ചുമതലകള്‍ ഭരണഘടാപരമായി നിര്‍വഹിക്കാന്‍ കഴിഞ്ഞ ജോസിന്റെ വിയോഗത്തിലൂടെ പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായ മികച്ച സംഘാടകനെയും ട്രേഡ് യൂണിയന്‍ നേതാവിനെയുമാണു നഷ്ടമായതെന്ന് ചരമോപചാരമര്‍പ്പിച്ച് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. നിയമസഭയിലും ലോക്സഭയിലും ഒട്ടേറെ സമിതികള്‍ക്കു നേതൃത്വം വഹിച്ച എ.സി. ജോസ്, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിയെന്ന നിലയില്‍ അഭിമാനകരമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു.

ട്രേഡ് യൂണിയന്‍ രംഗത്തെ ഇടപെടലുകളും പാര്‍ലമെന്റേറിയന്‍ എന്ന നിലയിലെ മികവും എല്ലാവരുമായും വ്യക്തിബന്ധം സൂക്ഷിക്കുന്ന സ്വഭാവ വിശേഷവും എ.സി. ജോസിനെ വ്യത്യസ്തനാക്കിയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. താന്‍ വിശ്വസിച്ച പ്രസ്ഥാനത്തോടു നൂറു ശതമാനവും കൂറു പുലര്‍ത്തിയ വ്യക്തിയായിരുന്നു ജോസെന്നു മന്ത്രി എം.കെ. മുനീര്‍ അനുസ്മരിച്ചു. അവസാനനിമിഷം വരെ കര്‍മനിരതനായിരുന്ന അദ്ദേഹത്തിന്റെ നേതൃപാടവം എല്ലാവരും അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


ഉന്നതനായ നേതാവെങ്കിലും സാധാരണക്കാരായ തൊഴിലാളികള്‍ക്കു വേണ്ടി ശക്തമായ സംഘടന കെട്ടിപ്പടുക്കാന്‍ യത്നിച്ച എ.സി. ജോസിന്റെ രാഷ്ട്രീയജീവിതം കറപുരളാത്ത മാതൃകയായിരുന്നെന്ന് സി. ദിവാകരന്‍ പറഞ്ഞു. നിയമസഭയില്‍ ഇരുപക്ഷവും തുല്യശക്തികളായിരുന്ന വിഷമം പിടിച്ച കാലഘട്ടത്തില്‍ പക്വതയോടെ സഭയെ നയിക്കാന്‍ ജോസിനു കഴിഞ്ഞത് അനുസ്മരണീയമാണെന്ന് കെ.എം. മാണി പറഞ്ഞു. പൊതു പ്രവര്‍ത്തനത്തില്‍ കാട്ടിയ സുതാര്യതയാണ് ജോസിനെ വ്യത്യസ്തനാക്കുന്നതെന്ന് മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റായിരിക്കെ കായിക രംഗത്ത് എ.സി. ജോസ് കൊണ്ടുവന്ന മാറ്റങ്ങള്‍ മാതൃകാപരമായിരുന്നെന്ന് മന്ത്രി കെ.പി. മോഹനന്‍ അനുസ്മരിച്ചു. പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച എ.സി. ജോസ് കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി വ്യക്തിബന്ധങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച മനുഷ്യസ്നേഹിയായിരുന്നെന്ന് എ.കെ. ശശീന്ദ്രന്‍ അനുസ്മരിച്ചു. പ്രവര്‍ത്തന മേഖലയില്‍ ആത്മാര്‍ഥത പുലര്‍ത്തിയ നേതാവായിരുന്നു ജോസെന്ന് എ.എ. അസീസും അവസാന നിമിഷം വരെ കര്‍മനിരതനായിരിക്കാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് അനൂപ് ജേക്കബും അനുസ്മരിച്ചു.

എ.സി. ജോസിന് ചരമോപചാരമര്‍പ്പിച്ച സഭ, ഇന്നലെ മറ്റു നടപടികളിലേക്കു കടക്കാതെ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.