ജനരക്ഷായാത്ര സമാപനം ഇന്ന്; രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
ജനരക്ഷായാത്ര സമാപനം ഇന്ന്; രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
Tuesday, February 9, 2016 12:28 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നടത്തിയ ജനരക്ഷായാത്രയ്ക്ക് ഇന്നു സമാപനം. ഇന്നു വൈകുന്നേരം അഞ്ചിനു ശംഖുമുഖത്തു നടക്കുന്ന സമാപന സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ജനുവരി നാലിന് കാസര്‍ഗോട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു ജനരക്ഷായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തിയ യാത്ര കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി.

യാത്രയുടെ സമാപനത്തോടനുബന്ധിച്ചു നടക്കുന്ന പൊതു സമ്മേളനത്തില്‍ രണ്ടു ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കെപിസിസിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.


സമ്മളനത്തിനു ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി മസ്കറ്റ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ പത്തിന് ഇന്ദിരാ ഭവനില്‍ നടക്കുന്ന കെപിസിസി എക്സിക്യൂട്ടീവിലും തുടര്‍ന്നു ചേരുന്ന ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഉച്ചകഴിഞ്ഞു രാഹുല്‍ കൊച്ചിയിലേക്കു പോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.