ബാറുകള്‍ തുറന്നുകൊടുക്കാമെന്നു കോടിയേരി ഉറപ്പുനല്‍കി
ബാറുകള്‍ തുറന്നുകൊടുക്കാമെന്നു കോടിയേരി ഉറപ്പുനല്‍കി
Tuesday, February 9, 2016 11:59 PM IST
തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറന്നുകൊടുക്കാമെന്നു കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഉറപ്പുനല്‍കിയതായി പറയുന്ന ബാറുടമ ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്. വി.എസ്. അച്യുതാനന്ദന്റെ ഉറപ്പുകൂടി ലഭിക്കുമെങ്കില്‍ അവരോടു കൂടിനിന്നു സഹായിക്കാമെന്നും ബിജു രമേശ് പറയുന്നു.

ബാര്‍ കോഴ കേസില്‍ തെളിവായി ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച സിഡിയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. സിഡി പിന്നീട് വിജിലന്‍സിനു കൈമാറുകയായിരുന്നു. ബാറുടമാ അസോസിയേഷന്‍ യോഗത്തിലെ സംഭാഷണ ഭാഗങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വാങ്ങിയശേഷം വലിച്ചു താഴെയിടാമെന്നു ബിജു പറയുന്നു. താന്‍ ഇപ്പോള്‍ വിചാരിച്ചാല്‍ ഒരാഴ്ചയ്ക്കകമോ രണ്ടാഴ്ചയ്ക്കകമോ സര്‍ക്കാരിനെ വലിച്ചു താഴെയിട്ടുതരാം. അടുത്ത തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ 410 ബാറുകള്‍ തുറക്കാമെന്നു പറഞ്ഞു.

കെ.എം. മാണി രാജിവച്ചിട്ടു സര്‍ക്കാര്‍ തുടര്‍ന്നാല്‍ പണി തീരുമെന്നു യോഗത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ പറയുന്നുണ്ട്. എല്ലാം പൂട്ടിക്കും, അതുറപ്പാണെന്നു മറ്റൊരാള്‍ പറയുന്നു. അല്ല അതേ നടക്കൂ എന്നു വീണ്ടുമൊരാളുടെ ശബ്ദവും കേള്‍ക്കാം.

നാലുമന്ത്രിമാര്‍ കൂടിയുണ്െടന്നു മാധ്യമ പ്രവര്‍ത്തകരോടു പറയാന്‍ എസ്പി സുകേശന്‍ നിര്‍ദേശിച്ചതായും ശബ്ദരേഖയില്‍ ബിജു പറയുന്നു. മീഡിയാക്കാര്‍ വെളിയില്‍ നില്‍ക്കുന്നുണ്ട്. എന്നെ കണ്ടിട്ടു വിളിക്കുന്നുണ്ട്. എനിക്കൊന്നും പറയാന്‍ പറ്റില്ല. ബിജു കേറിയങ്ങ് ഒരലക്ക് അലക്കിയേര് - സുകേശന്‍ പറഞ്ഞതായി ബിജു പറയുന്നു. എന്തു പറയണമെന്നു താന്‍ ചോദിച്ചപ്പോള്‍ നാലെണ്ണം കൂടിയുണ്െടന്നു പറയാന്‍ പറഞ്ഞു. താന്‍ അതു തന്നെ പറഞ്ഞു. എസ്പി സുകേശനെ എസ്ഐ ആയിരുന്ന കാലം മുതല്‍ തന്നെ തനിക്ക് അറിയാമെന്നും ബിജു പറയുന്നു.


അസോസിയേഷനിലെ എല്ലാ അംഗങ്ങളും കേസില്‍ സാക്ഷിയാണെന്നു ബിജു പറഞ്ഞു. എന്നാല്‍, മൊഴി മാറ്റിപ്പറഞ്ഞ ബാറുടമ യമഹ സുരേന്ദ്രന്‍ പ്രതിയാകും. മൊഴിയുടെ വൈരുധ്യങ്ങളൊക്കെ അവരെടുത്തു വച്ചിട്ടുണ്ട്. തങ്ങള്‍ ഒന്നുകൂടി കടുപ്പിച്ചു ചോദ്യം ചെയ്യുമെന്നു സുകേശന്‍ പറഞ്ഞിട്ടുണ്ട്.

അസോസിയേഷന് എന്തെങ്കിലും ഉറപ്പുനല്‍കിയിട്ടുണ്േടായെന്നു തനിക്ക് അറിയില്ല. അല്ലെങ്കില്‍ ഒന്നുകൂടി മുറുക്കി നമുക്കു മുന്നോട്ടു പോകാം. ബാക്കിയുള്ളതു തുറന്നു കിട്ടിയിട്ടു നമുക്കു പിന്‍വാങ്ങാം. എങ്ങനെയാണു മുറുക്കുന്നതെന്നു ചോദിച്ചപ്പോള്‍ മൊഴി കൊടുക്കണമെന്നാണു ബിജു പറയുന്നത്. ഉണ്ണിയുടെ മറ്റൊരു കേസ് റെഡിയായി ഇരിപ്പുണ്െടന്നും വേണമെങ്കില്‍ പ്രതിയാക്കി തട്ടി അകത്തിടാമെന്ന് എസ്പി പറഞ്ഞിട്ടുണ്െടന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

ഈ ശബ്ദരേഖയിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്പി സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഗൂഢാലോചന നടന്നിട്ടുണ്െടന്ന കേരള കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടെയും ആരോപണം നിലനില്‍ക്കെയാണ് ബിജു രമേശിന്റെ ശബ്ദരേഖ പുറത്തു വരുന്നത്. എസ്പി സുകേശനെതിരെയും കേരള കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു. സിപിഎം നേതാക്കള്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തി എന്നു മന്ത്രി കെ. ബാബുവും ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.