പിഎസ്സി ചെയര്‍മാനു വേണ്ടി വാദിക്കുന്നതിന് അഭിഭാഷകനെ നിയോഗിക്കും
Tuesday, February 9, 2016 12:31 AM IST
തിരുവനന്തപുരം: പിഎസ്സി ചെയര്‍മാന്‍ ഡോ.കെ. എസ്. രാധാകൃഷ്ണനെതിരേ അംഗങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ തുടര്‍വാദത്തിനായി കമ്മീഷന്‍ പ്രത്യേക അഭിഭാഷകനെ നിയോഗിക്കും. ഇന്നലെ പിഎസ്സി ആസ്ഥാനത്ത് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ.എം. കെ. ദാമോദരനെ ചുമതലപ്പെടുത്തുന്നതിനാണ് യോഗം തീരുമാനിച്ചത്. കമ്മീഷനിലെ സിപിഐ നോമിനികളായ യു. സുരേഷ്കുമാര്‍, വി. ടി. തോമസ് എന്നിവരാണ് ചെയര്‍മാനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ചെയര്‍മാന്‍ ഒന്നാംപ്രതിയും കമ്മീഷന്‍ രണ്ടാം പ്രതിയുമാണ്. ചെയര്‍മാനുള്‍പ്പെടുന്ന കമ്മീഷനു വേണ്ടിയാണ് അഭിഭാഷകനെ നിയോഗിച്ചത്. ചെയര്‍മാനു സ്വന്തം നിലയില്‍ ഏത് അഭിഭാഷകനെ നിയമിച്ച് കേസ് വാദിക്കാനും കമ്മീഷന്‍ അനുമതി നല്‍കി. പിഎസ്സി വഴിയുള്ള നിയമനങ്ങളിലും കമ്മീഷന്റെ ഭരണനിര്‍വഹണത്തിലും പൊതുവായുള്ള പ്രവര്‍ത്തനങ്ങളിലും ചെയര്‍മാന്‍ വ്യാപകമായ ക്രമക്കേട് നടത്തുകയാണെന്നാണ് അംഗങ്ങള്‍ പരാതിയില്‍ ആരോപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.