നിയമസഭയില്‍ ഇന്നുമുതല്‍ നേര്‍ക്കുനേര്‍ പോരാട്ടം
നിയമസഭയില്‍ ഇന്നുമുതല്‍ നേര്‍ക്കുനേര്‍ പോരാട്ടം
Tuesday, February 9, 2016 12:14 AM IST
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കുമ്പോള്‍ നിയമസഭ പ്രക്ഷുബ്ധമാകും. ബാര്‍ കോഴ കേസും സോളാര്‍ കേസും വിവാദ വെളിപ്പെടുത്തലുകളും പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ ശക്തമായ പ്രത്യാക്രമണം നടത്താനാണു ഭരണപക്ഷത്തിന്റെ തീരുമാനം.

ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളും ശബ്ദരേഖകളുമെല്ലാം ഇരുപക്ഷത്തിനും ആയുധങ്ങളാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഉള്‍പ്പെടെ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴികള്‍ സഭാതലത്തിലും ഉയരുമെന്നുറപ്പാണ്. തമ്പാനൂര്‍ രവി സരിത എസ്. നായരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും പ്രതിപക്ഷം ഉപയോഗിക്കും. ബാര്‍ കോഴക്കേസ് അന്വേഷണവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെ. ബാബു ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടു നയപ്രഖ്യാപന പ്രസംഗവേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഗവര്‍ണറുടെ കര്‍ശന നിലപാടു മൂലം മിനിറ്റുകള്‍ക്കകം പ്രതിപക്ഷത്തിനു സഭ വിട്ടിറങ്ങേണ്ടി വന്നു. അതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രതിഷേധം ഇന്ന് നടത്താനാകും അവര്‍ ശ്രമിക്കുക.

എന്നാല്‍, ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ശബ്ദരേഖ പുറത്തുവന്നതു ഭരണപക്ഷം പ്രതിപക്ഷത്തിനെതിരേ ആയുധമാക്കും. പൂട്ടിയ ബാറുകള്‍ തുറന്നുകൊടുക്കാമെന്നു കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സമ്മതിച്ചതായി ശബ്ദരേഖയില്‍ ബിജു രമേശ് പറയുന്നതായി കേള്‍ക്കുന്നുണ്ട്. എസ്പി. ആര്‍. സുകേശന്‍ ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രിമാര്‍ക്കെതിരേ ആരോപണം ഉന്നയിച്ചെന്നും പറയുന്നുണ്ട്.

ബാര്‍ കോഴക്കേസില്‍ ബിജു രമേശും സിപിഎം നേതാക്കളും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമാകും ഭരണപക്ഷം ഉയര്‍ത്തുക. കൂടാതെ, അരിയില്‍ ഷുക്കൂര്‍ വധം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയും പ്രതിപക്ഷത്തിനു തിരിച്ചടിയാകും.


കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുന്നുണ്ട്. കോടതി തീരുമാനം എതിരായാല്‍ അതും സിപിഎമ്മിനെയും പ്രതിപക്ഷത്തെയും പ്രതിരോധത്തിലാക്കും.

മൂന്നു ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കു ശേഷം വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ എന്തു സമീപനം സ്വീകരിക്കണമെന്ന് ഇനിയും പ്രതിപക്ഷം തീരുമാനിച്ചിട്ടില്ല. എന്തായാലും കഴിഞ്ഞ വര്‍ഷത്തേതുപോലെ കൈയാങ്കളിയിലേക്കു നീങ്ങാന്‍ പാടില്ലെന്നു സിപിഎം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് ഇന്നലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാനം. പ്രതിപക്ഷ ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കണമെന്നാണു നേതാക്കള്‍ നല്‍കിയ നിര്‍ദേശം. തെരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എമാരോട് ആവശ്യപ്പെട്ടു.

വി.എം. സുധീരന്റെ ജനരക്ഷായാത്രയുടെ സമാപനം ഇന്നു തിരുവനന്തപുരത്തു നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങ്, ഫലത്തില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി മാറും. നാളെ കെപിസിസി നിര്‍വാഹകസമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.