മോദി ആര്‍എസ്എസിന്റെ കളിപ്പാവ: രാഹുല്‍
മോദി ആര്‍എസ്എസിന്റെ കളിപ്പാവ: രാഹുല്‍
Thursday, February 11, 2016 12:47 AM IST
കൊച്ചി: രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനെതിരേ സന്ധിയില്ലാത്ത സമരം നടത്തണമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരേ സന്ധിയില്ലാത്ത സമരം നടത്തുമ്പോഴും ആര്‍എസ്എസ് തന്നെയാണ് മുഖ്യ ശത്രുവെന്നും അങ്കമാലിയിലെ രോഹിത് വെമൂല നഗറില്‍ നാഷണല്‍ സ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ കളിപ്പാവയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസും ഇടതുപക്ഷവും തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ചു തങ്ങളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ഭാഷയാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ലോകത്തെക്കുറിച്ച് അവരുടെതായ ധാരണ മാത്രമേ ഇരുകൂട്ടര്‍ക്കും ഉള്ളൂ. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തുകൊണ്ടാണ് ആര്‍എസ്എസ് ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അഹിംസയാണു കോണ്‍ഗ്രസിന്റെ നയം. ഏതു മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്യ്രം വേണം എന്നതാണു പാര്‍ട്ടി നയം. ആര്‍എസ്എസ് പറയുന്ന വിവരക്കേടുകള്‍ അംഗീകരിച്ചുകൊടുക്കണം എന്നതാണ് അവരുടെ നിലപാട്. ചോദ്യം ചെയ്യപ്പെടുന്നത് ഇടതുപക്ഷവും ആര്‍എസ്എസും ഇഷ്ടപെടുന്നില്ല. വിദ്യാര്‍ഥി സമൂഹത്തെ ഭീഷണിപ്പെടുത്തി തങ്ങളുടെ ആശയപ്രചാരകരാക്കി മാറ്റുക എന്നതാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്ന മാര്‍ഗം. രോഹിത് വെമൂല ഇത്തരം അസഹിഷ്ണുതയുടെ ഇരയാണ്. മോഹന്‍ ഭാഗവത് പറയുന്നത് അതേപടി അംഗീകരിക്കാന്‍ തയാറായില്ല എന്നതാണ് വെമൂലയും സുഹൃത്തുക്കളും ചെയ്ത തെറ്റ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാനവവിഭവശേഷി മന്ത്രി ആര്‍എസ്എസ് മേധാവിക്കു നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മേക്ക് ഇന്‍ ഇന്ത്യയിലൂടെ എത്ര പേര്‍ക്ക് ജോലി നല്‍കുമെന്നു മോദി വെളിപ്പെടുത്തണം. 1,40,000 കോടി രൂപയാണ് ആകെ റെയില്‍ ബജറ്റ്. എന്നാല്‍, കേവലം അയ്യായിരത്തോളം ആള്‍ക്കാര്‍ക്കു മാത്രം പ്രയോജനം ചെയ്യുന്ന ബുള്ളറ്റ് ട്രെയിനിനു വേണ്ടി മാത്രം മോദി സര്‍ക്കാര്‍ ചെലവിടുന്നത് 98,000 കോടി രൂപയാണ്. താനായിരുന്നെങ്കില്‍ ഇതുപയോഗിച്ചു റയില്‍വേയുടെ അടിസ്ഥാന സൌകര്യം വികസിപ്പിച്ചു രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുമായിരുന്നു


തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രമല്ലാതെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടി താത്പര്യം കാണിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് അധികാരത്തില്‍ തിരികേ വരാന്‍ കഴിയൂ. കഴിവുള്ള യുവാക്കള്‍ എന്‍എസ്യുവില്‍ ഒട്ടേറെയുണ്ട്. ഇവര്‍ക്കെല്ലാം അര്‍ഹമായ പരിഗണന നല്‍കും. വരുന്ന തെരഞ്ഞെടുപ്പുകളിലും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കും.

ഉത്തര്‍പ്രദേശില്‍ സാക്ഷരത കുറവാണ്. ജാതി അടിസ്ഥാനത്തിലുള്ള വോട്ടിംഗ് നിലവിലുള്ള യുപിയില്‍ മുലായം സിംഗ്, മായാവതി എന്നിവരെപ്പോലെ ഔന്നത്യമുള്ള നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ദിവസം കോണ്‍ഗ്രസ് യുപി ഭരിക്കും. ജനങ്ങള്‍ കോണ്‍ഗ്രസിനുവേണ്ടി അവിടെയും മുറവിളി ഉയര്‍ത്തി തുടങ്ങിയതായി രാഹുല്‍ ഗാന്ധി സമ്മേളന പ്രതിനിധികളുമായുള്ള സംവാദത്തില്‍ പറഞ്ഞു.

എന്‍എസ്യു പ്രസിഡന്റ് റോജി എം. ജോണ്‍ അധ്യക്ഷതവഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ഗിരീഷ് ചൊദാന്‍കര്‍, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, എന്‍എസ്യു ജനറല്‍ സെക്രട്ടറി വര്‍ധന്‍ യാദവ്, കേരളത്തില്‍നിന്നുള്ള ദേശീയ സമിതി അംഗങ്ങളായ എസ്. ശരത്, ഡി. ഗീതാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അങ്കമാലി ആഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ രോഹിത് വെമൂലയുടെ പേരിലുള്ള വേദിയില്‍ റോജി എം. ജോണ്‍ പതാക ഉയര്‍ത്തിയതോടെയാണു യോഗത്തിനു തുടക്കമായത്. നിര്‍വാഹക സമിതി യോഗം ഇന്നും തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.