ഫ്ളക്സ് സ്ഥാപിച്ചതിനെച്ചൊല്ലി തര്‍ക്കം; സെക്രട്ടേറിയറ്റ് വളപ്പില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി
ഫ്ളക്സ് സ്ഥാപിച്ചതിനെച്ചൊല്ലി തര്‍ക്കം; സെക്രട്ടേറിയറ്റ് വളപ്പില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി
Thursday, February 11, 2016 12:49 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതിനെച്ചൊല്ലി ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ഇടതു-വലതു ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ സുരക്ഷാ ജീവനക്കാരും പോലീസും ഇടപെട്ടു രംഗം ശാന്തമാക്കി.

ഇന്നലെ രാവിലെ പത്തരയോടെ, മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കടന്നുപോകുന്ന സുരക്ഷാ പ്രാധാന്യമേറിയ കന്റോണ്‍മെന്റ് ഗേറ്റിനു മുന്നില്‍ മുഖ്യമന്ത്രിക്കെതിരേ ഇടത് അനുകൂലസംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ഫ്ളക്സ് സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെയും സോളാര്‍തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെയും ചിത്രങ്ങളുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങളും എഴുതിച്ചേര്‍ത്തിരുന്നു.

സംഭവം ചര്‍ച്ചയായതോടെ ഭരണാനുകൂലസംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബോര്‍ഡ് സെക്രട്ടേറിയറ്റ് വളപ്പില്‍നിന്നു നീക്കം ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇടത് അനുകൂല സംഘടന ഭാരവാഹികള്‍ പ്രതിരോധവുമായെത്തി. മുഖ്യമന്ത്രിക്കെതിരായ ബോര്‍ഡ് നീക്കണമെങ്കില്‍ രണ്ടു ദിവസം മുമ്പ് പിണറായി വിജയനെതിരേ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡും പഴയ സെക്രട്ടേറിയറ്റ് ഹാളിലെ തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടി അനുകൂല ബോര്‍ഡുകളും മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതു കഴിയില്ലെന്നു ഭരണാനുകൂല സംഘടനയും നിലപാടെടുത്തതോടെ പ്രശ്നം വഷളായി. തുടര്‍ന്ന് പരസ്പരം ഫ്ളക്സുകള്‍ തകര്‍ക്കാനാരംഭിച്ച ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും അരങ്ങേറി. ഇതോടെ പോലീസും സുരക്ഷാ ജീവനക്കാരും ഇടപെട്ടു ബോര്‍ഡുകളെല്ലാം നീക്കം ചെയ്തു.


കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് ഗേറ്റിനുമുന്നില്‍ ഇടത് വലത് സംഘടനകളുടെ ഫ്ളക്സുകള്‍ നിരന്നതോടെ സുരക്ഷ കണക്കിലെടുത്ത് അവ മാറ്റാന്‍ പൊലീസ് ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു. ആവശ്യം കണക്കിലെടുത്ത് ചൊവ്വാഴ്ച രാത്രി ഇടതു സംഘടനകള്‍ ഫ്ളക്സ് നീക്കിയെന്നും എന്നാല്‍, വലത് സംഘടനകള്‍ നീക്കാന്‍ തയാറായില്ലെന്നും, ഇതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നും ഇടതനുകൂല ജീവനക്കാര്‍ പറയുന്നു.

ഭരണാനുകൂല സംഘടന ഫ്ളക്സ് ബോര്‍ഡ് മാറ്റാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ പുതിയ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. പരസ്പരം പോരടിച്ച ജീവനക്കാര്‍ സംഭവത്തിനുശേഷം സെക്രട്ടേറിയറ്റു വളപ്പില്‍ പ്രതിഷേധ പ്രകടനവും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.