കെഎസ്ഇബി വര്‍ക്കര്‍മാരുടെ ശമ്പള പരിഷ്കരണ ചര്‍ച്ച പൂര്‍ത്തിയായി
Thursday, February 11, 2016 12:56 AM IST
തിരുവനന്തപുരം: കെഎസ്ഇബി ലിമിറ്റഡിലെ വര്‍ക്കര്‍ വിഭാഗത്തിന്റെ ശമ്പള പരിഷ്കരണ ചര്‍ച്ച പൂര്‍ത്തിയായി. ഓഫീസര്‍ വിഭാഗത്തിന്റെ ശമ്പള പരിഷ്കരണ ചര്‍ച്ച മാനേജ്മെന്റും ട്രേഡ് യൂണിയനുകളും നടത്തിയെങ്കിലും തീരുമാനമായില്ല. ഓഫീസര്‍ വിഭാഗത്തില്‍ ചര്‍ച്ച ഇന്നും തുടരും.

വര്‍ക്കര്‍ വിഭാഗത്തിന്റെ കുറഞ്ഞ ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടേതു പോലെ 16,500 രൂപയാണ്. ഇതു 17,000 രൂപവരെയാകാമെന്നും മാനേജ്മെന്റ് അറിയിച്ചതോടെ ധാരണയില്‍ എത്തുകയായിരുന്നു. എന്നാല്‍, ഇവരുടെ ഉയര്‍ന്ന ശമ്പളം സംബന്ധിച്ചു ധാരണയായിട്ടില്ല. 12 ശതമാനം തുക ഫിറ്റ്മെന്റ് അലവന്‍സായി നല്‍കും. മിനിമം ബെനഫിറ്റായി 2,250 രൂപ നല്‍കും. 2500 രൂപയായിരുന്നു ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാരിലേതുപോലെ 2,000 രൂപ നല്‍കാമെന്നു മാനേജ്മെന്റ് അറിയിച്ചെങ്കിലും വഴങ്ങാത്തിനെത്തുടര്‍ന്നാണ് 2,250 രൂപയായി നിശ്ചയിച്ചത്. വര്‍ക്കര്‍ വിഭാഗത്തില്‍ മൂന്നു ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ചൊവ്വാഴ്ച ആരംഭിച്ച ചര്‍ച്ചയില്‍ ധാരണയായിരുന്നു.


വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടേതു പോലെ അവധിക്കാല യാത്ര അലവന്‍സ് നല്‍കാന്‍ തീരുമാനിച്ചു. വീട്ടുവാടക അലവന്‍സ് 500 രൂപയില്‍ നിന്നും 750 രൂപയാക്കും. ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ തസ്തികയില്‍ 50 ശതമാനം ഐടിഐ പാസായവര്‍ക്കായി നീക്കിവയ്ക്കാനും ഇന്നലത്തെ ചര്‍ച്ചയില്‍ ധാരണയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.