മനോജ് വധം: പി. ജയരാജന്‍ സൂത്രധാരനെന്നു സിബിഐ
മനോജ് വധം: പി. ജയരാജന്‍ സൂത്രധാരനെന്നു സിബിഐ
Thursday, February 11, 2016 12:32 AM IST
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിന്റെ സൂത്രധാരനും ബുദ്ധികേന്ദ്രവും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണെന്നതിനു തെളിവുണ്െടന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പ്രതിയായ പി. ജയരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് കെ.പി. ജ്യോതിന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ ഇന്നു വിധി പറയും.

കേസിന്റെ അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമായാണു നടക്കുന്നതെന്നു സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജയരാജനെ കേസില്‍ പ്രതിചേര്‍ത്തതു ദുരുദ്ദേശ്യപരമായല്ല. പക്ഷപാതപരമായും ബാഹ്യപ്രേരണയാലുമാണ് സിബിഐയുടെ നടപടിയെന്ന വാദം അന്വേഷണത്തെ അട്ടിമറിക്കുന്നതിനും പ്രതികള്‍ക്കെതിരെയുള്ള നടപടി തടയാനും വേണ്ടിയാണ്. കേസില്‍, രാഷ്ട്രീയ ഇടപെടല്‍ ഉണ്െടന്നാരോപിക്കുന്നതു ശരിയല്ല. സാഹചര്യങ്ങളും വസ്തുതകളും വ്യക്തമാക്കുന്നത് പി. ജയരാജന്‍ കൊലപാതകത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവുമാണെന്നാണ്. മനോജിനെ ഇല്ലാതാക്കാനായി ഗൂഢാലോചന നടത്തിയതില്‍ ജയരാജന് പ്രധാന പങ്കുണ്ട്. അന്വേഷണത്തിന്റെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിയെ അറസ്റ് ചെയ്തു ചോദ്യം ചെയ്തു നിര്‍ണായക തെളിവുകള്‍ പുറത്തുകൊണ്ടുവരുന്നതു തടയുന്നതിനുള്ള ശ്രമം അനുവദിക്കരുത്. കേസിലെ ഒന്നാം പ്രതി വിക്രമന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അനുസരിച്ചു പ്രതിക്കെതിരെ കേസെടുക്കാന്‍ ആവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ജയരാജന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 43(ഡി) പ്രകാരം ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ല. സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകമാണ് നടപ്പാക്കിയത്. ഇത്തരം ഹീനമായ കൊലപാതകം ആവര്‍ത്തിക്കാതിരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. പോലീസിനെ ഭീഷണിപ്പെടുത്തി നിയമാനുസൃത അന്വേഷണം തടസപ്പെടുത്തുന്നതിനു ജയരാജന്‍ നേരത്തെ ശ്രമിച്ചിരുന്നു. സിപിഎം നേതാവായ ജയരാജന്‍ അണികളെ ഉപയോഗിച്ച് അന്വേഷണത്തെ അട്ടിമറിക്കാനും എതിര്‍ക്കാനും ശ്രമിക്കുമെന്നും വ്യക്തമാണ്.


പൊതുറോഡില്‍ ബോംബ് പൊട്ടിച്ചു ഭീതി പരത്തിയ ശേഷം മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഹര്‍ജിക്കാരനെ പ്രതിചേര്‍ത്തിരിക്കുന്നത്.

കീഴ്ക്കോടതി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് ന്യായമാണ്. ഹീനമായ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രവും ആസൂത്രകനും ജയരാജനാണ്. കേസ് ഡയറിയും മറ്റു തെളിവുകളും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്നതിനു മുമ്പ് ലഭിക്കുന്നതിന് ഹര്‍ജിക്കാരന് അര്‍ഹതയില്ല. കേസിലെ അന്തിമ റിപ്പോര്‍ട്ടു നല്‍കുന്നതിനു മുമ്പു തെളിവുകള്‍ ചര്‍ച്ച ചെയ്യുന്നത് കേസിനെ ബാധിക്കും. കേസന്വേഷണത്തിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുണ്ട്. കൊലപാതക കേസുമായി ബന്ധപ്പെട്ട ഇത്തരം നടപടി പൊതുതാല്‍പര്യത്തിനെതിരാണ്. നീതി തടസപ്പെടുത്തി തെളിവു നശിപ്പിച്ച് പ്രതികള്‍ രക്ഷപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും സിബിഐ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.