അക്കിത്തം നാരായണന് രാജാരവിവര്‍മ പുരസ്കാരം
അക്കിത്തം നാരായണന് രാജാരവിവര്‍മ പുരസ്കാരം
Thursday, February 11, 2016 1:02 AM IST
തിരുവനന്തപുരം: 2015ലെ രാജാരവിവര്‍മ പുരസ്കാരത്തിന് അന്തര്‍ദേശീയ പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണനെ തെരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ആധുനിക ചിത്രകലാരംഗത്ത് നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ചിത്രശില്പ കലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്കാരം അക്കിത്തം നാരായണന് സമ്മാനിക്കുന്നത്.

ഒന്നര ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. താന്ത്രിക് പാരമ്പര്യത്തിലൂന്നി കലാ സപര്യ ആരംഭിച്ച അദ്ദേഹം നാല് പതിറ്റാണ്ടായുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ മൌലികമായ ഒരു ശൈലി രൂപപ്പെടുത്തി. മിത്തിന്റെയും മതത്തിന്റെയും പല പ്രതീകങ്ങളും തദ്ദേശീയമായ വ്യാഖ്യാനങ്ങളിലൂടെ ഒരു പുതിയ അമൂര്‍ത്ത ഭാഷ സൃഷ്ടിക്കുകയാണ് അക്കിത്തം തന്റെ കാന്‍വാസിലൂടെ ചെയ്തത്.


കെ.സി.എസ്. പണിക്കര്‍ പുരസ്കാരം, ഫ്രഞ്ച് ഇന്റര്‍ നാഷണല്‍ ഫെസ്റിവല്‍ ഓഫ് പെയിന്റിംഗ് അവാര്‍ഡ് തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രഫ. കാട്ടൂര്‍ നാരായണപിള്ള അധ്യക്ഷനും, ഫൈന്‍ ആര്‍ട്ട്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സജിത്, ആര്‍.കെ.പൊറ്റശേരി, സിറില്‍ പി.ജേക്കബ്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അക്കിത്തം നാരായണനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.